News - 2025

പാക്ക് പുതിയ സെന്‍സസ് ഫലത്തില്‍ ക്രൈസ്തവരുടെ എണ്ണത്തില്‍ കുറവ്: കൃത്യതയില്‍ സംശയം ആരോപിച്ച് മത രാഷ്ട്രീയ നേതാക്കള്‍

പ്രവാചക ശബ്ദം 09-06-2021 - Wednesday

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ മത, രാഷ്ട്രീയ നേതാക്കളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യ സംബന്ധിച്ച ആറാമത് പോപ്പുലേഷന്‍ ആന്‍ഡ്‌ ഹൗസിംഗ് സെന്‍സസ്-2017 (കാനേഷുമാരി) ഫലം പുറത്ത്. ഇക്കഴിഞ്ഞ മെയ് 18ന് പാക്കിസ്ഥാന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (പി.ബി.എസ്) പുറത്തുവിട്ട വിവരമനുസരിച്ച് 20.76 കോടിയോളം വരുന്ന പാക്കിസ്ഥാനി ജനസംഖ്യയിലെ വെറും 1.27% മാത്രമാണ് ക്രൈസ്തവർ. 1998-ലെ കാനേഷുമാരി കണക്കനുസരിച്ച് മൊത്തം ജനസംഖ്യയുടെ (13.2 കോടി) 1.59% ക്രിസ്ത്യാനികളും, 1.60% ഹിന്ദുക്കളുമായിരുന്നു. പുതിയ സെന്‍സസ് അനുസരിച്ച് 1.73% വരുന്ന ഹിന്ദുക്കളാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ മതന്യൂനപക്ഷം. എന്നാല്‍ രണ്ടു ദശാബ്ദത്തിലേറെ ആയിട്ടും ക്രിസ്ത്യന്‍ ജനസംഖ്യയില്‍ കുറവ് കാണിക്കുന്നത് സര്‍വ്വേയുടെ കൃത്യതയില്ലായ്മയാണെന്നാണ് ക്രിസ്ത്യന്‍ നേതാക്കളും രാഷ്ട്രീയക്കാരും പറയുന്നത്. മറ്റ് മതന്യൂനപക്ഷങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് കാണിക്കുമ്പോള്‍ ക്രൈസ്തവരുടെ എണ്ണത്തില്‍ കുറവ് കാണിക്കുന്നത് സംശയം ശരിവെയ്ക്കുന്നു.

പുതിയ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സംവരണം ആവശ്യപ്പെടാനിരുന്ന ക്രിസ്ത്യന്‍ സമൂഹത്തെ നിരാശയിലാഴ്ത്തുന്നതാണ് ഈ കണക്കുകള്‍. സെന്‍സസിന്റെ കൃത്യതയില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് മുതിര്‍ന്ന സഭാ നേതാക്കളും, സാമുദായിക നേതാക്കളും, രാഷ്ട്രീയ പ്രവർത്തകരും രംഗത്ത് വന്നിട്ടുണ്ട്. ‘ദി ചര്‍ച്ച് ഓഫ് പാക്കിസ്ഥാന്‍’ പ്രസിഡന്റ് ബിഷപ്പായ ഡോ. അസദ് മാര്‍ഷല്‍ സെന്‍സസിന്റെ സുതാര്യതയില്‍ സംശയം പ്രകടിപ്പിച്ചു. 2016-ല്‍ സെന്‍സസ് നടത്തിയപ്പോള്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് സര്‍ക്കാര്‍ ചെവിതന്നില്ലെന്ന് ആരോപിച്ച അദ്ദേഹം, ക്രിസ്ത്യന്‍ ജനസംഖ്യ സംബന്ധിച്ച വലിയ തോതിലുള്ള കണക്കുകള്‍ 2017-ലെ സെന്‍സസില്‍ ചേര്‍ത്തിട്ടില്ലെന്നും, ചെറു ക്രിസ്ത്യന്‍ സമൂഹങ്ങളെ അവഗണിക്കപ്പെട്ടിട്ടുണ്ടെന്നും, ക്രിസ്ത്യാനികള്‍ക്കിടയിലെ നിരക്ഷരത സെന്‍സസ് ഫോം പൂരിപ്പിക്കുന്നതില്‍ തെറ്റുകള്‍ വരുത്തുവാന്‍ കാരണമായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ദേശീയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നേടേണ്ടതിന്റേയും, കുട്ടികളുടെ ജനനവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതിന്റേയും പ്രാധാന്യത്തെക്കുറിച്ചുള്ള അറിവില്ലായ്മയും സെന്‍സസില്‍ ക്രിസ്ത്യാനികളുടെ എണ്ണം കുറയുവാന്‍ കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സെന്‍സസ് ഫലത്തില്‍ പറഞ്ഞിരിക്കുന്ന ക്രിസ്ത്യാനികളുടെ കണക്ക് കൃത്യമല്ലെന്നു ‘റിലീജിയസ് അഫയേഴ്സ് ആന്‍ഡ്‌ ഇന്റര്‍ഫെയിത്ത് ഹാര്‍മണി’യുടെ ഫെഡറല്‍ പാര്‍ലമെന്ററി സെക്രട്ടറിയായ ഷുനില റൂത്തും പറഞ്ഞു. തങ്ങള്‍ക്ക് ഫോം പൂരിപ്പിക്കുന്നതിനു വേണ്ട ശരിയായ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് നിരവധി ക്രിസ്ത്യാനികള്‍ പരാതിപ്പെട്ടിരുന്നതായും അവര്‍ ചൂണ്ടിക്കാട്ടി. സെന്‍സസിന്റെ ആധികാരികതയെ കുറിച്ചറിയുവാന്‍ ക്രിസ്ത്യാനികള്‍ 4-5 ജില്ലകളില്‍ സ്വന്തം നിലക്ക് സെന്‍സസ് നടത്തണമെന്നാണ് മതന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ള നാഷ്ണല്‍ കമ്മീഷന്‍ അംഗമായ ആല്‍ബര്‍ട്ട് ഡേവിഡ് അഭിപ്രായപ്പെട്ടത്. മുഴുവന്‍ ക്രൈസ്തവരും സെന്‍സസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന്‍ ഗവേഷകനും, മാധ്യമപ്രവര്‍ത്തകനുമായ ആസിഫ് അക്ക്വീലും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത് വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴി തെളിയിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.


Related Articles »