News - 2025

മതവിദ്വേഷത്തിനിരയായി മുസ്ലീം കുടുംബം കൊല്ലപ്പെട്ട സംഭവം: അപലപിച്ച് കാനഡയിലെ കത്തോലിക്ക സഭ

പ്രവാചകശബ്ദം 11-06-2021 - Friday

ഒന്റാരിയോ, ലണ്ടന്‍ (കാനഡ): തെക്കന്‍ കാനഡയിലെ ഒന്റാരിയോയിലെ ലണ്ടനില്‍ നാലംഗ മുസ്ലീം കുടുംബത്തെ ട്രക്കിടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് കാനഡയിലെ കത്തോലിക്ക സഭ. സംഭവം പോലീസ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അക്രമത്തെ അപലപിച്ചു കൊണ്ട് ടൊറന്റോ അതിരൂപത രംഗത്തെത്തിയിരുന്നു. മുസ്ലീം സമുദായത്തിനും ലണ്ടന്‍ മേയര്‍ എഡ് ഹോള്‍ഡറിനുമൊപ്പം അതിക്രൂരമായ ഈ ആക്രമണത്തെ അപലപിക്കുന്നുവെന്ന്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് അതിരൂപത പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. മതവിദ്വേഷത്തെ വേരോടെ പിഴുതുകളയുവാന്‍ മുസ്ലീം സമൂഹത്തോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ കത്തോലിക്ക സഭയും ഉണ്ടായിരിക്കുമെന്ന് ലണ്ടന്‍ മെത്രാന്‍ റൊണാള്‍ഡ്‌ ഫാബ്ബ്രോ പറഞ്ഞു.

മതവിദ്വേഷത്തിന്റെ പേരില്‍ നിഷ്കളങ്കരായ മുസ്ലീം കുടുംബം കൊല്ലപ്പെട്ടത് തന്നെ ഞെട്ടിപ്പിച്ചുവെന്നും, അക്രമത്തെ നിരുപാധികം അപലപിക്കുന്നുവെന്നും, എല്ലാ മതവിശ്വാസികള്‍ക്കും, ആളുകള്‍ക്കും രാജ്യത്തിന്റെ മുക്കിലും മൂലയിലും സുരക്ഷിതത്വം ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലണ്ടനിലെ കത്തോലിക്ക സമൂഹം മുസ്ലീം സഹോദരീ സഹോദരന്‍മാര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും, മതവിദ്വേഷത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കുവാന്‍ അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും മെത്രാന്‍ ഉറപ്പ് നല്‍കി.

അക്രമത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും അവരുടെ സമുദായത്തിനും വേണ്ടിയും, ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ സൗഖ്യത്തിന് വേണ്ടിയും ദൈവ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുവാന്‍ അതിരൂപതയിലെ വിശ്വാസികളോട് ബിഷപ്പ് ആഹ്വാനം ചെയ്തിട്ടുമുണ്ട്. തെക്കന്‍ കാനഡയിലെ ഒന്റാരിയോ പ്രവിശ്യയില്‍ സായാഹ്ന സവാരിയ്ക്കിറങ്ങിയ മുസ്ലീം കുടുംബത്തിന് നേര്‍ക്ക് ഒരാള്‍ ട്രക്ക് ഇടിച്ചുകയറ്റുകയായിരുന്നു. പതിവായി നടക്കാൻ പോകുമായിരുന്ന ഇവർ നടപ്പാതയിലൂടെ, റോഡ് മുറിച്ചുകടക്കുന്ന സ്ഥലത്ത് എത്തി കാത്തുനിൽക്കുമ്പോഴാണ് കറുത്ത നിറമുള്ള പിക്കപ്പ് ട്രക്ക് ഇടിച്ചിട്ടത്.

തുടർന്ന് ഇവരുടെ മുകളിലൂടെ വാഹനം കയറ്റി ഓടിച്ചുപോയ അക്രമിയെ 7 കിലോമീറ്റർ അകലെ നിന്ന് പോലീസ് പിടികൂടി. ഇരുപതുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യാതൊരു തരത്തിലുള്ള മതവിദ്വേഷവും രാജ്യത്ത് വേരോടുവാന്‍ അനുവദിക്കില്ലെന്നും, മതവിദ്വേഷത്തിന്റെ വൃത്തികെട്ട മുഖത്തെ നേരിടുമെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ജൂണ്‍ 8ന് പറഞ്ഞിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 662