News
ഐഎസ് ഭീഷണി അവഗണിച്ച് ക്രൈസ്തവരുടെ സുരക്ഷയ്ക്കായി നിലകൊണ്ട സിറിയൻ മെത്രാൻ കാലം ചെയ്തു
പ്രവാചക ശബ്ദം 09-06-2021 - Wednesday
പാരീസ്/ ഡമാസ്ക്കസ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ഭീഷണി അവഗണിച്ച് സിറിയയിലെ ക്രൈസ്തവ വിശ്വാസികളുടെ സുരക്ഷയ്ക്കായി നിലകൊണ്ട നിസിബി അതിരൂപതയുടെ മുൻ മെത്രാപോലിത്ത ജാക്വസ് ബെഹനാൻ ഹിൻഡോ വിടവാങ്ങി. ജൂൺ 5 തിങ്കളാഴ്ച ഫ്രാൻസിൽവെച്ചാണ് അദ്ദേഹം അന്തരിച്ചത്. തീവ്രവാദ ഭീഷണികൾക്ക് നടുവിലും പീഡിത ക്രൈസ്തവ സമൂഹത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി ശക്തമായി നിലകൊണ്ട ഇടയനാണ് ജാക്വസ് ഹിൻഡോ. വടക്കു കിഴക്കൻ സിറിയയിൽ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുർദിസ്ഥാൻ ഭരണകൂടം അടച്ചു പൂട്ടിയപ്പോൾ ശക്തമായി അതിനെതിരെ പോരാടിയ ചരിത്രം അദ്ദേഹത്തിനുണ്ട്.
കുർദിസ്ഥാന്റെ താൽപര്യപ്രകാരമുള്ള പാഠഭാഗങ്ങൾ പഠിപ്പിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സ്കൂളുകൾ അടച്ചു പൂട്ടിയത്. ക്രൈസ്തവരുടെ ജനസംഖ്യ മേഖലയിൽ കുറയാതിരിക്കാൻ ഭവനപദ്ധതികൾ അടക്കം ബഹനാൻ ഹിൻഡോ നടപ്പിലാക്കിയിട്ടുണ്ട്. സർക്കാർ നടപടിയെയും, ക്രൈസ്തവരുടെ പ്രധാനപ്പെട്ട ഭാഷകളിൽ ഒന്നായ സുറിയാനി ഭാഷ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ അനുവദിക്കാത്തതിനെയും രൂക്ഷമായി ആർച്ച് ബിഷപ്പ് വിമർശിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ സമയത്ത് ഇസ്ലാമിക് സ്റ്റേറ്റിനെതിരെ വ്യക്തമായ ധാരണ ഇല്ലാതെയാണ് അമേരിക്ക പോരാടുന്നത് എന്നും ജാക്വസ് ബഹനാൻ ഹിൻഡോ പറഞ്ഞിട്ടുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ നഗരത്തിൽ പ്രവേശിച്ചപ്പോൾ, ആർച്ച് ബിഷപ്പ് വിശ്വാസികളോട് ഒപ്പം നിന്നുവെന്നും, ഇത് തങ്ങളെ സംബന്ധിച്ച് വലിയൊരു സാക്ഷ്യമായിരുന്നുവെന്നും ഡമാസ്കസിലെ ഫാത്തിമ മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിന്റെ ചുമതല വഹിക്കുന്ന ഫാ. അമെർ കസർ ഏഷ്യാ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സ്മരിച്ചു. അദ്ദേഹം പുറത്തുപോയി രാഷ്ട്രീയക്കാരെയും, സർക്കാർ അധികൃതരെയും കാണുമ്പോൾ സിറിയൻ ജനതയ്ക്ക് നീതി ലഭിക്കണമെന്ന ആവശ്യം ഉന്നയിക്കുമായിരുന്നു. അറബികളും, കുർദിസ്ഥാനികളും തമ്മിലുള്ള പ്രശ്നങ്ങൾ തീർക്കാനും, മുസ്ലിങ്ങളും ക്രൈസ്തവരും തമ്മിലുള്ള പ്രശ്നങ്ങൾ തീർക്കാനും ആർച്ച് ബിഷപ്പ് മധ്യസ്ഥ ശ്രമവും നടത്തിയിരിന്നു.
1941ൽ ഓഗസ്റ്റ് എട്ടിന് ജനിച്ച ജാക്വസ് ബഹനാൻ ഹിൻഡോ 1969 മെയ് നാലാം തീയതി വൈദികനായി അഭിഷേകം ചെയ്തു. 1996ലാണ് ഹസാക്കി - നിസിബി അതിരൂപതയുടെ ചുമതല അദ്ദേഹത്തിന് ലഭിക്കുന്നത്. 2019 ജൂൺ മാസം ഇരുപത്തിരണ്ടാം തീയതി ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് ആർച്ച് ബിഷപ്പ് രാജിവെച്ചത്. ചികിത്സാര്‍ത്ഥമാണ് അദ്ദേഹം ഫ്രാൻസില്‍ കഴിഞ്ഞിരിന്നത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക