Seasonal Reflections - 2025

ജോസഫ്: ഈശോയുടെ തിരുഹൃദയ കൃപകളുടെ വിതരണക്കാരൻ

ഫാ. ജെയ്സണ്‍ കുന്നേല്‍/ പ്രവാചകശബ്ദം 11-06-2021 - Friday

തിരുസഭയിലെ പല പ്രാർത്ഥനകളിലും വിശുദ്ധ യൗസേപ്പിതാവിനെ ഈശോയുടെ തിരുഹൃദയ കൃപകളുടെ വിതരണക്കാരൻ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്തു കാരണത്താലാണ് ഈ അഭിസംബോധന? ഒന്നാമതായി അവതരിച്ച വചനമായ ഈശോയുടെ ഹൃദയം ഈ ഭൂമിയിൽ പരിപോഷിപ്പിക്കപ്പെട്ടത് നസറത്തിലെ തിരുകുടുംബത്തിൽ പരിശുദ്ധ കന്യകാമറിയവും വിശുദ്ധ യൗസേപ്പിതാവും തമ്മിലുള്ള സ്നേഹ കൂട്ടായ്മയിലാണ്. മറിയത്തോടൊപ്പം യൗസേപ്പിതാവും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉറവിടമായ ഈശോയുടെ തിരുഹൃദയത്തിനു തന്നെത്തന്നെ സമർപ്പിക്കുകയും സ്നേഹവും ആദരവും ആരാധാനയും എന്നും കൊടുക്കുകയും ചെയ്തിരുന്നു.

വിശുദ്ധ പീറ്റർ ജൂലിയൻ എയ്മാർഡ് ഇപ്രകാരം പഠിപ്പിക്കുന്നു: " പരിശുദ്ധ മറിയം കഴിഞ്ഞാൽ നമ്മുടെ കർത്താവിന്റെ ഏറ്റവും പരിപൂർണ്ണനായ ആരാധകൽ വിശുദ്ധ യൗസേപ്പിതാവാണ്... യൗസേപ്പിതാവ് മറിയത്തോടൊപ്പം ഈശോയെ ആരാധിക്കുകയും അവനോടു ഐക്യപ്പെടുകയും ചെയ്തിരുന്നു." ഈശോയുടെ തിരുഹൃദയത്തിന്റെ സ്നേഹത്തിന്റെ ചൂളയിൽ സ്വയം എരിയാൻ തയ്യാറായ യൗസേപ്പിതാവ് ആ ഹൃദയത്തിൽ നിന്നു പുറപ്പെടുന്ന കൃപകൾ തിരിച്ചറിയാനും വിതരണം ചെയ്യുവാനും ഏറ്റവും അനുയോജ്യനായ വ്യക്തിയാണ്.

രണ്ടാമതായി, ദൈവ പിതാവ് തന്റെ പ്രിയപ്പെട്ട നിധികളെ ഭരമേല്പിച്ചതു വിശുദ്ധ യൗസേപ്പിതാവിനെയാണ്. പൂർവ്വ പിതാവായ ജോസഫിനെ ഫറവോയുടെ സ്വത്തുവകളുടെ കാര്യവിചാരകനാക്കി ഇസ്രായേൽ ജനങ്ങളെ പോറ്റാൻ ദൈവം ചുമതലപ്പെടുത്തിയതുപോലെ ഈശോ തന്റെ തിരുരക്തം വിലയായി കൊടുത്തു വാങ്ങിയ സഭയെ സംരക്ഷിക്കുവാൻ പുതിയ നിയമത്തിലെ യൗസേപ്പിനാണ് ഉത്തരവാദിത്വം. അതോടൊപ്പം തന്റെ പുത്രന്റെ ഹൃദയത്തിൽ കാണപ്പെടുന്ന കൃപകളുടെ സമ്പത്ത് ഓരോ മക്കൾക്കും നൽകുവാനും അവന്റെ കരുണയുള്ള ഹൃദയത്തിൽ നമ്മെ അഭയം നൽകാനുമുള്ള വലിയ ദൗത്യവും ഉണ്ട്.

തിരുഹൃദയത്തിന്റെ തിരുനാൾ ദിനത്തിൽ വിശുദ്ധ യൗസേപ്പിതാവിനോടു ചേർന്നു നിന്നു കൊണ്ട് ആ ദിവ്യ ഹൃദയത്തിന്റെ കൃപകളും നിധികളും നമുക്കു സ്വന്തമാക്കാം.


Related Articles »