News - 2025

ഭരണഘടനയിലെ ശരിയത്ത് നിയമ പരാമര്‍ശങ്ങള്‍ നീക്കണം: മെമ്മോറാണ്ടം സമര്‍പ്പിച്ച് നൈജീരിയന്‍ മെത്രാന്‍ സമിതി

പ്രവാചകശബ്ദം 11-06-2021 - Friday

അബൂജ: 1999-ലെ നൈജീരിയയുടെ ഭരണഘടനയില്‍ നിന്നും ശരിയത്ത് നിയമം സംബന്ധിക്കുന്ന എല്ലാ പരാമര്‍ശങ്ങളും നീക്കം ചെയ്യണമെന്ന ആവശ്യവുമായി നൈജീരിയന്‍ മെത്രാന്‍ സമിതി. ഈ ആവശ്യവുമായി കത്തോലിക്കാ ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് നൈജീരിയ (സി.ബി.സി.എന്‍) നൈജീരിയന്‍ നാഷണല്‍ അസ്സംബ്ലിയുടെ ഭരണഘടനാ പുനപരിശോധന കമ്മിറ്റി മുമ്പാകെ മെമ്മോറാണ്ടം സമര്‍പ്പിച്ചു. ഇസ്ലാം ഒഴികെയുള്ള മതങ്ങളെ നൈജീരിയന്‍ ഉന്നത നിയമസംവിധാനം അംഗീകരിക്കാത്ത സാഹചര്യത്തിലാണ് മെത്രാന്‍സമിതിയുടെ ഈ നീക്കം. സി.ബി.സി.എന്‍ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ആഗസ്റ്റിന്‍ അകുബെസെയും സെക്രട്ടറി ബിഷപ്പ് കാമിലാസ് ഉമോയും മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

മതനിരപേക്ഷതയിലായിരിക്കണം നിയമസാമാജികര്‍ ശ്രദ്ധചെലുത്തേണ്ടതെന്നു മെത്രാന്‍ സമിതിയുടെ മെമ്മോറാണ്ടത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു. പട്ടാളം അടിച്ചേല്‍പ്പിച്ച 1999-ലെ ഭരണഘടനയില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മതങ്ങളെ ഒട്ടും തന്നെ പരിഗണിച്ചിട്ടില്ലായെന്നും നൈജീരിയയില്‍ ശാശ്വത ശാന്തിയും, സമാധാനവും പുനസ്ഥാപിക്കുന്നതിന് മുന്നോടിയായി നിലവില്‍ ഇസ്ലാം മതവിഭാഗം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭരണഘടനാപരമായ സവിശേഷ ആനുകൂല്യങ്ങള്‍ അവസാനിപ്പിക്കണമെന്നും മെമ്മോറാണ്ടത്തില്‍ പറയുന്നു. ഭരണഘടന തയ്യാറാക്കുവാന്‍ ആരും ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പട്ടാളം അടിച്ചേല്‍പ്പിച്ച ഭരണഘടനയാണിതെന്നും തുടക്കത്തില്‍ തന്നെ മെത്രാന്‍മാര്‍ സൂചിപ്പിക്കുന്നുണ്ട്.

ഭരണഘടനയിലെ 10, 38 വിഭാഗങ്ങള്‍ അനുസരിച്ച് ഒരു പ്രത്യേക മതത്തെ ദേശീയ മതമായി അംഗീകരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും മെത്രാന്‍മാര്‍ ആരോപിച്ചു. നൈജീരിയന്‍ കത്തോലിക്ക സമൂഹത്തിന്റെ പ്രതിനിധികള്‍ എന്ന നിലയിലാണ് തങ്ങള്‍ ഈ മെമ്മോറാണ്ടം സമര്‍പ്പിക്കുന്നതെന്ന്‍ പറഞ്ഞ മെത്രാന്‍ സമിതി, രാജ്യത്തിന്റെ ഐക്യവും നീതിയും നിലനിര്‍ത്തുന്നതിനായി ഭരണഘടന പുനഃപരിശോധിക്കണമെന്ന തങ്ങളുടെ ആവശ്യത്തെ ഗൗരവപൂര്‍വ്വം കാണണമെന്നും അഭ്യര്‍ത്ഥിച്ചു. വിവാദ ഭരണഘടനയിലെ തെറ്റുകള്‍ തിരുത്തുന്നതിന്റെ ഭാഗമായി ശരിയത്ത് നിയമം സംബന്ധിക്കുന്ന എല്ലാ പരാമര്‍ശങ്ങളും ഒഴിവാക്കണമെന്നും സെനറ്റിനോട് വീണ്ടും ആവശ്യപ്പെട്ടുകൊണ്ടാണ് ബിഷപ്പുമാര്‍ തങ്ങളുടെ നിവേദനം അവസാനിപ്പിക്കുന്നത്. ക്രൈസ്തവ വംശഹത്യ രൂക്ഷമായ നൈജീരിയയില്‍ ബിഷപ്പുമാര്‍ സമര്‍പ്പിച്ച ഈ മെമ്മോറാണ്ടത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 662