News

കുഷ്ഠ രോഗികള്‍ക്കായി കാല്‍നൂറ്റാണ്ട് ചെലവഴിച്ച ഇറ്റാലിയന്‍ കന്യാസ്ത്രീയെ മടക്കി അയക്കാന്‍ ഇറാന്‍

പ്രവാചകശബ്ദം 12-06-2021 - Saturday

ടെഹ്‌റാന്‍: ഇറാനിലെ ടബ്രീസിലെ കുഷ്ഠരോഗാശുപത്രിയില്‍ പാവപ്പെട്ട കുഷ്ഠരോഗികള്‍ക്കായി നീണ്ട ഇരുപത്തിയാറു വര്‍ഷത്തോളം ജീവിതം സമര്‍പ്പിച്ച എഴുപത്തിയഞ്ചുകാരിയായ ഇറ്റാലിയന്‍ കന്യാസ്ത്രീ സിസ്റ്റര്‍ ഗ്യൂസെപ്പിന ബെര്‍ട്ടിയുടെ വിസ പുതുക്കുവാനുള്ള അപേക്ഷ ഇറാന്‍ ഭരണകൂടം നിരസിച്ചു. ഇതോടെ ‘ഡോട്ടേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ്‌ വിന്‍സെന്റ് ഡി പോള്‍’ സഭാംഗമായ സിസ്റ്റര്‍ ബെര്‍ട്ടിക്ക് വരുംദിവസങ്ങളില്‍ ഇറാന്‍ വിടേണ്ടതായി വരും. സഭയുടെ കീഴിലുള്ള ഇസ്ഫഹാനിലെ ഭവനത്തില്‍ ഓസ്ട്രിയന്‍ കന്യാസ്ത്രീ സിസ്റ്റര്‍ ഫാബിയോള വെയിസ്സിനൊപ്പമാണ് സിസ്റ്റര്‍ ബെര്‍ട്ടി ഇപ്പോള്‍ കഴിയുന്നത്.

അതേസമയം ജാതിമതഭേദമന്യേ ഇറാനിലെ പാവപ്പെട്ട രോഗികള്‍ക്കായി തങ്ങളുടെ ജീവിതം ചിലവഴിച്ച നിസ്സഹായരായ ഈ രണ്ടു കന്യാസ്ത്രീമാരോടും 1937-ല്‍ പണികഴിപ്പിച്ച ഇസ്ഫഹാനിലെ തങ്ങളുടെ ഭവനം ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സന്നദ്ധ പ്രവര്‍ത്തനങ്ങളിലും, യുവജനങ്ങളുടെ പരിശീലന പരിപാടികളിലും വര്‍ഷങ്ങളായി ഡോട്ടേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ്‌ വിന്‍സെന്റ് ഡി പോള്‍ സഭ ഇസ്ഫഹാനില്‍ സജീവമാണ്. 1942-ല്‍ യുദ്ധകെടുതികളെത്തുടര്‍ന്ന്‍ ഇറാനിലെത്തിയ പോളിഷ് കുട്ടികള്‍ക്കും, അഭയാര്‍ത്ഥികള്‍ക്കും, അനാഥര്‍ക്കുമിടയിലും ഈ സിസ്റ്റര്‍മാര്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തിരിന്നു. സന്യാസിനി സഭ നടത്തിക്കൊണ്ടിരുന്ന വലിയൊരു സ്കൂള്‍ 1979-ലെ വിപ്ലവത്തിനു ശേഷം സര്‍ക്കാര്‍ പിടിച്ചടക്കുകയുണ്ടായി.

ഇസ്ഫഹാനിലെ ലത്തീന്‍ കത്തോലിക്കരുടെ ഏക സാന്നിധ്യമായിരുന്നു ഇവരുടെ മഠവും, 1939-ല്‍ പണികഴിപ്പിച്ച “പവര്‍ഫുള്‍ വിര്‍ജിന്‍” ചാപ്പലും. ഇവ പലപ്പോഴും സന്ദര്‍ശകര്‍ക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനുള്ള വേദിയായി മാറിയിട്ടുണ്ട്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ 3 കന്യാസ്ത്രീമാരും, ഇസ്ഫഹാനില്‍ 2 കന്യാസ്ത്രീമാരും, 2 സമര്‍പ്പിത അല്‍മായ സ്ത്രീകളുമായിട്ടാണ് ഈ സന്യാസിനി സഭ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. തീവ്ര ഇസ്ലാമിക ചിന്താഗതി പിന്തുടരുന്ന രാജ്യമായ ഇറാനില്‍ ക്രൈസ്തവര്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നേരിടുന്നത്. ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കി തടങ്കലിലാക്കുന്നത് രാജ്യത്തെ പതിവു സംഭവമാണ്.

ഒരു മെത്രാനും നാലു പുരോഹിതരും മാത്രമുള്ള ടെഹ്‌റാന്‍-അഹവാസ്, ഉര്‍മിയ-സല്‍മാസ് എന്നീ രണ്ട് അസ്സീറിയന്‍-കല്‍ദായ അതിരൂപതകളും, ഒരു മെത്രാന്‍ മാത്രമുള്ള അര്‍മേനിയന്‍ രൂപതയും, ഒരു ലത്തീന്‍ അതിരൂപതയും മൂവായിരത്തോളം വിശ്വാസികളും മാത്രമാണ് നിലവില്‍ ഇറാനിലെ കത്തോലിക്ക സഭയിലുള്ളത്. 2019-ല്‍ കല്‍ദായ സഭയുടെ ടെഹ്‌റാനിലെ പാത്രിയാര്‍ക്കല്‍ അഡ്മിനിസ്ട്രേറ്ററായ ‘റാംസി ഗാര്‍മോ’യുടെ വിസ പുതുക്കുന്നതിനുള്ള അപേക്ഷയും ഇറാന്‍ നിഷേധിച്ചിരുന്നു. അദ്ദേഹത്തിന് ഇതുവരെ ഇറാനിലേക്ക് മടങ്ങിവരുവാന്‍ കഴിഞ്ഞിട്ടില്ല. കടുത്ത മതപീഡനങ്ങള്‍ക്കിടയിലും ഇറാനിലെ ക്രിസ്തുമതത്തിന്റെ വളര്‍ച്ച ഭരണകൂടത്തെ എത്രമാത്രം അലോസരപ്പെടുത്തുന്നു എന്നതിന്റെ സൂചനയാണ് ഈ പുറത്താക്കലുകള്‍.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 662