News - 2025

അഴിമതിയും അരക്ഷിതാവസ്ഥയും: കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് നൈജീരിയന്‍ കർദ്ദിനാളിന്റെ മുന്നറിയിപ്പ്

പ്രവാചകശബ്ദം 19-06-2021 - Saturday

അബൂജ: സുരക്ഷാ വെല്ലുവിളികളും, അഴിമതിയും നിറഞ്ഞ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയാണെന്ന് കര്‍ദ്ദിനാള്‍ അന്തോണി ഒലുബുന്മി ഒകോഗിയുടെ മുന്നറിയിപ്പ്. രണ്ടാംതരം പൗരന്‍മാരില്ലാത്ത എല്ലാവരേയും ഉള്‍കൊള്ളുന്ന ഒരു ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുവാന്‍ നൈജീരിയന്‍ ജനതയോട് പ്രത്യേകിച്ച് അധികാര ശ്രേണിയില്‍ ഇരിക്കുന്നവരോട് തന്റെ എണ്‍പത്തിയഞ്ചാം ജന്മദിനമായ ജൂണ്‍ 16ന് പുറത്തുവിട്ട സന്ദേശത്തിലൂടെ കര്‍ദ്ദിനാള്‍ ആഹ്വാനം ചെയ്തു. പ്രാദേശികവും, വംശീയവും, മതപരവുമായ വൈവിധ്യത്തെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയത്തിന് രാഷ്ട്രത്തെ സഹായിക്കാനാവില്ലെന്നും, പിന്തിരിപ്പൻ ശക്തികളുടെ കയ്യിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും കര്‍ദ്ദിനാള്‍ ഒകോഗി പറഞ്ഞു.

1960-ല്‍ സ്വാതന്ത്ര്യം നേടിയ കാലം മുതല്‍ക്കുള്ള നൈജീരിയയെ തനിക്കറിയാമെന്ന്‍ പറഞ്ഞ കര്‍ദ്ദിനാള്‍, ജനങ്ങളെ സംരക്ഷിക്കുവാനോ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുവാനോ കഴിയാതെ വരുമ്പോഴാണ് ഒരു രാഷ്ട്രം പരാജയപ്പെടുന്നതെന്നും ആ അര്‍ത്ഥത്തില്‍ നൈജീരിയ ഒരു പരാജിത രാഷ്ട്രമാണെന്ന് തെളിയിക്കപ്പെട്ടുവെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളായി നൈജീരിയയിലെ സ്ഥിതിഗതികള്‍ മോശമാണെങ്കിലും പ്രസിഡന്റ് മുഹമ്മദ്‌ ബുഹാരിയുടെ ഭരണകാലത്താണ് ഏറ്റവും വഷളായത്. നൈജീരിയയില്‍ ട്വിറ്ററിന് വിലക്കേര്‍പ്പെടുത്തിയ നടപടിയെ തിടുക്കത്തില്‍ എടുത്ത തീരുമാനമെന്നാണു കര്‍ദ്ദിനാള്‍ വിശേഷിപ്പിച്ചത്. വിമര്‍ശനങ്ങള്‍ക്കെതിരെ ക്രിയാത്മകമായ പ്രതികരണം നിലവിലെ ഭരണകൂടത്തിനില്ലെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

പ്രസിഡന്റ് ബുഹാരിയുടെ ട്വീറ്റ് നീക്കം ചെയ്തുവെന്ന കാരണത്താല്‍ ഈ മാസം ആദ്യത്തിലാണ് സമൂഹമാധ്യമമായ ട്വിറ്ററിന് നൈജീരിയയില്‍ വിലക്കേര്‍പ്പെടുത്തിയത്. അസംസ്കൃത എണ്ണയുടെ നിക്ഷേപത്താല്‍ അനുഗ്രഹീതമായ രാജ്യമാണെങ്കിലും അതിന്റെ ഫലം ജനങ്ങള്‍ക്ക് കിട്ടുന്നില്ലെന്നും കര്‍ദ്ദിനാള്‍ നിരീക്ഷണം നടത്തി. പ്രകൃത്യാലുള്ള ഉറവിടങ്ങളാല്‍ സമ്പന്നമായ ഒരു രാഷ്ട്രത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട ജനതക്കിടയില്‍ കര്‍ത്താവായ യേശുവിന്റെ സുവിശേഷത്തിന്റെ സാക്ഷികളാകണമെന്നു കര്‍ദ്ദിനാള്‍ ദൈവജനത്തോട് പറയുവാനുള്ളത്. എല്ലാവരും സൗഹാര്‍ദ്ദത്തില്‍ കഴിയുന്ന ഒരു നല്ല നൈജീരിയക്കായി താന്‍ തന്നെത്തന്നെ സമര്‍പ്പിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

85 വയസ്സാവുക എന്നത് മാനുഷിക നേട്ടമല്ലെന്നും, മറിച്ച് ദൈവത്തിന്റെ അനുഗ്രഹമാണെന്നും പറഞ്ഞ കര്‍ദ്ദിനാള്‍ ദൈവത്തിനു നന്ദി അര്‍പ്പിച്ചുകൊണ്ടാണ് തന്റെ ജന്മദിന സന്ദേശം അവസാനിപ്പിച്ചിരിക്കുന്നത്. അബൂജ അതിരൂപതയുടെ മെത്രാപ്പോലീത്തയായും സേവനം ചെയ്തിട്ടുള്ള കര്‍ദ്ദിനാള്‍ ഒകോഗി 2012 മെയ് മാസത്തിലാണ് ലാവോസ് അതിരൂപതയുടെ മെത്രാപ്പോലീത്ത പദവിയില്‍ നിന്നും വിരമിച്ചത്.

More Archives >>

Page 1 of 664