News - 2025

ബെയ്റൂട്ട് സ്ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ച ചരിത്രപ്രസിദ്ധമായ ദേവാലയം അടുത്ത മാസം തുറക്കും

പ്രവാചകശബ്ദം 17-06-2021 - Thursday

ബെയ്റൂട്ട്: കഴിഞ്ഞ വര്‍ഷം ലെബനോന്‍ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ മാരകമായ സ്ഫോടനത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ച ചരിത്രപ്രസിദ്ധമായ സെന്റ്‌ ജോസഫ് ദേവാലയം അടുത്തമാസം തുറന്നേക്കും. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍)ന്റെ സഹായത്തോടെയാണ് ദേവാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയത്. ഈശോസഭയുടെ കീഴിലുള്ള ഈ ദേവാലയം ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷമാണ് വീണ്ടും തുറന്നു പ്രവര്‍ത്തിക്കാനൊരുങ്ങുന്നത്. അടുത്ത വാരാന്ത്യത്തോടെ ദേവാലയത്തിന്റെ കവാടം പിടിപ്പിക്കുമെന്നും, ദേവാലയത്തിന്റെ മറ്റ് ജോലികള്‍ പൂര്‍ത്തിയായി വരികയാണെന്നും, സീലിംഗ് ജോലികള്‍ ഉടന്‍തന്നെ തുടങ്ങുമെന്നും ദേവാലയത്തിന്റെ ഉത്തരവാദിത്വമുള്ള ഫാ. സാല അബൌജാവുദ് പറഞ്ഞു.

സ്ഫോടനത്തില്‍ ദേവാലയത്തിന്റെ ഭിത്തികളിലും, സീലിംഗിലും വലിയ വിള്ളലുകള്‍ വീണിട്ടുണ്ടെന്നു പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന എഞ്ചിനീയറായ ഫരീദ് ഹക്കീം പറയുന്നു. ജനാല, വാതിലുകള്‍ ഉള്‍പ്പെടെയുള്ള മരപ്പണികളില്‍ ഭൂരിഭാഗവും നശിച്ചതിനുപുറമേ, ദേവാലയത്തിലെ ഇലക്ട്രിക്കല്‍ സംവിധാനം തകരാറിലാവുകയും, മേല്‍ക്കൂരയുടെ ഭൂരിഭാഗം ഓടുകളും ഇളകിപ്പോയിരിന്നു. 1875-ല്‍ നിര്‍മ്മിക്കപ്പെട്ടതാണ് സെന്റ്‌ ജോസഫ് ദേവാലയം. ഞായറാഴ്ച രാവിലെ ഇംഗ്ലീഷിലും, വൈകിട്ട് ഫ്രഞ്ചിലുമാണ് ഇവിടെ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നത്. ഇതിനുപുറമേ, അറബിക്ക്, മാരോണൈറ്റ് കുര്‍ബാനകളും ഇവിടെ അര്‍പ്പിക്കപ്പെടാറുണ്ടായിരിന്നു.

ഏതാണ്ട് 4,00,000 യു.എസ് ഡോളറാണ് അറ്റകുറ്റപ്പണികള്‍ക്കായി ചിലവായത്. ലെബനീസ് പൗണ്ടിന്റെ വിപണിമൂല്യം കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഈ തുകയുടെ പ്രാധാന്യം വളരെ വലുതാണ്. ലെബനോനിലെ ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കും ശക്തമായ പിന്തുണയാണ് എ.സി.എന്‍ നല്‍കിവരുന്നത്. സ്ഫോടനത്തിന് ശേഷം ഏതാണ്ട് 60 ലക്ഷം ഡോളറാണ് ലെബനോനിലെ ക്രൈസ്തവ സമൂഹത്തിന്റെ ഉന്നമനത്തിനായി ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍) ചെലവഴിച്ചത്. ക്രിസ്തീയ മേഖലകളിലെ ദേവാലയ കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിലും എ.സി.എന്‍ സഹായം നല്‍കിവരുന്നുണ്ട്. 2020 ഓഗസ്റ്റില്‍ ബെയ്റൂട്ട് ഡോക്കിലെ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റിന് തീപിടിച്ചതാണ് സ്ഫോടനത്തിനു കാരണമായത്. സ്ഫോടനത്തില്‍ ഇരുനൂറോളം പേര്‍ കൊല്ലപ്പെടുകയും, ആയിരകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 664