News - 2025
ഗാസയിലെ ജനങ്ങള്‍ക്ക് സാന്ത്വനവുമായി ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ്
പ്രവാചകശബ്ദം 20-06-2021 - Sunday
ഗാസ: ഹമാസ്- ഇസ്രായേല്‍ പോരാട്ടത്തിനിടെ മുറിവേറ്റ ഗാസയിലെ ജനങ്ങള്‍ക്ക് സാന്ത്വനവുമായി ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് സന്ദര്‍ശനം നടത്തി. ഗാസയിലെ ജനങ്ങള്‍ക്കേറ്റ യുദ്ധത്തിന്റെ മുറിവുകള്‍, മാനസികമായ മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ലെന്ന് പാത്രിയാര്‍ക്കീസ് പിയര്‍ബാറ്റിസ്ത പിസബല്ല പറഞ്ഞു. ഗാസയിലെ ക്രൈസ്തവരോട് പ്രത്യാശയും ധൈര്യവും കൈവെടിയരുതെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഗാസയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ജൂണ്‍ 14) മുതല്‍ വ്യാഴാഴ്ച (ജൂണ്‍ 17) വരെയാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. സന്ദര്‍ശന വേളയില്‍ അദ്ദേഹം പ്രാദേശിക ക്രൈസ്തവര്‍ക്ക് വലിയ പ്രത്യാശ പകര്‍ന്നിരിന്നു.
ഗാസയിലെ ജനങ്ങള്‍ക്കായി നടത്തിയ സഹായ അഭ്യര്‍ത്ഥനയുടെ ഫലമായി ഇതുവരെ അറുപതിനായിരം ഡോളര്‍ സമാഹരിക്കാന്‍ കഴിഞ്ഞുവെന്ന് പാത്രിയാര്‍ക്കീസ് പിസബല്ല പറഞ്ഞു. ഹമാസ് തീവ്രവാദികളുടെ ഇസ്രായേലുമായുള്ള പോരാട്ടം, ഏറ്റവും കൂടുതല്‍ മുറിവേല്‍പ്പിച്ചത് പാലസ്തീനിലെ സാധാരണക്കാരെയാണ്. രണ്ടു ലക്ഷത്തോളം മുസ്ലീം ജനസംഖ്യയുള്ള പലസ്തീനിലെ ക്രൈസ്തവരുടെ എണ്ണം വെറും 1100 മാത്രമാണ്. ഗാസാ മുനമ്പിന്റെ ഉത്തരവാദിത്വം ഹമാസ് ഏറ്റെടുത്തതു മുതൽ, ഹമാസ് പാലസ്തീനിലെ ക്രിസ്ത്യൻ ജനതയെ ഉപദ്രവിക്കുകയാണെന്നും ഇത് ക്രൈസ്തവരുടെ ജനസംഖ്യയില്‍ 75%ത്തിലധികം കുറവ് വരുത്തിയെന്നും ഇസ്രായേല്‍ വിദേശമന്ത്രാലയം അടുത്തിടെ ആരോപിച്ചിരിന്നു.