News

മധ്യപൂര്‍വ്വേഷ്യയെ തിരുകുടുംബത്തിന് സമര്‍പ്പിച്ചു: പ്രാര്‍ത്ഥിച്ചും ഇടയന്‍മാര്‍ക്ക് കത്തയച്ചും പാപ്പയുടെ ഐക്യദാര്‍ഢ്യം

പ്രവാചകശബ്ദം 28-06-2021 - Monday

വത്തിക്കാന്‍ സിറ്റി/ ബാഗ്ദാദ്: മധ്യപൂര്‍വ്വേഷ്യൻ മേഖലയിലെ സമാധാനത്തിനായി നടത്തിയ പ്രാര്‍ത്ഥനാദിനത്തില്‍ പങ്കെടുത്തും മേഖലയിലെ കത്തോലിക്ക പാത്രിയാർക്കീസുമാർക്ക് കത്തയച്ചും ഫ്രാന്‍സിസ് പാപ്പയുടെ കരുതല്‍. സമാധാനത്തിനായി പ്രാർത്ഥിക്കാൻ ഒത്തുചേർന്നതിലും ഈ സംരംഭത്തിന് മുൻകൈ എടുത്തതിനും ഇടയന്മാർക്ക് നന്ദി അറിയിച്ചുക്കൊണ്ടുമാണ് ഫ്രാൻസിസ് പാപ്പായുടെ കത്ത്. ഇതിനിടെ മധ്യ കിഴക്കൻ നാടുകളിലെ കത്തോലിക്കാ മെത്രാന്‍മാര്‍ മേഖലയെ തിരുക്കുടുംബത്തിന് സമർപ്പണം നടത്തി. ഇന്നലെ ജൂൺ 27 രാവിലെ 10 മണിക്കാണ് മധ്യപൂർവേഷ്യയുടെ സമാധാനത്തിനായി പ്രത്യേക ദിവ്യബലി അർപ്പണവും തിരുകുടുംബ സമര്‍പ്പണവും നടത്തിയത്. മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ വിവിധ ദേവാലയങ്ങളില്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ മെത്രാന്‍മാര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ലോകം മുഴുവനുമുള്ള വിശ്വാസികളോടും പ്രദേശത്തിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കാൻ ഞായറാഴ്ച മധ്യാഹ്ന പ്രാർത്ഥനയിൽ ഫ്രാൻസിസ് പാപ്പ അഭ്യർത്ഥിച്ചു. ക്രിസ്തീയ വിശ്വാസം ജനിച്ചതും ഇപ്പോഴും സജീവമായതുമായ നാട്ടിൽ പ്രതിസന്ധികളുടെ നടുവിലും സംവാദത്തിനായും സഹോദര്യ സഹവാസത്തിനായും നടത്തുന്ന പരിശ്രമങ്ങളെ കർത്താവ് താങ്ങിനിറുത്തട്ടെയെന്നും പ്രിയ ജനത്തിന് ദൈവം എന്നും ശക്തിയും, സ്ഥിരതയും ധൈര്യവും നൽകട്ടെയെന്നും പാപ്പ പ്രാർത്ഥിച്ചു. തന്റെ കത്തിൽ മേഖലയിലേക്ക് നടത്തിയ അപ്പോസ്തോലിക സന്ദർശനങ്ങളും പാപ്പ അനുസ്മരിച്ചു. വിശുദ്ധനാട്ടിലേക്ക് നടത്തിയ തീർത്ഥാടനം മുതൽ ഈജിപ്ത്, അറബ് എമിറേറ്റ്സ്, ഇറാഖ് എന്നിവിടങ്ങളിലെ സന്ദർശനങ്ങളിലൂടെ തന്റെ പദവി ഏറ്റനാൾ മുതൽ അവരുടെ സഹനങ്ങളിൽ സമീപസ്ഥനായിരിക്കാൻ താൻ പരിശ്രമിച്ചിരുന്നെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

സിറിയയെയും ലെബനോനേയും പ്രാർത്ഥനയിലൂടെയും സഹായങ്ങളിലൂടെയും പിൻതുണയ്ക്കാൻ ആവശ്യപ്പെട്ടുള്ളതും പാപ്പ ഓർത്തു. തിരുക്കുടുംബത്തോടുള്ള സമർപ്പണം വഴി എത്രമാത്രം തങ്ങളുടെ വിളി പൂർത്തീകരിക്കാൻ സഹായിക്കുമെന്ന് തിരിച്ചറിയാൻ മധ്യപൂര്‍വേഷ്യയിലെ ഓരോ സമൂഹത്തിലേയും കത്തോലിക്കരോടു പാപ്പ ആവശ്യപ്പെട്ടു. മേഖലയെ ബാധിക്കുന്ന അക്രമങ്ങളെ അപലപിച്ച പാപ്പ, സമാധാനത്തിനായുള്ള മനുഷ്യ പദ്ധതികൾ ദൈവത്തിന്റെ സൗഖ്യശക്തിയിൽ ആശ്രയിച്ചു വേണമെന്നും ഓര്‍മ്മിപ്പിച്ചു.

വെറുപ്പിന്റെ വിഷം കലർന്ന കിണറ്റിൽ നിന്ന് ദാഹം ശമിപ്പിക്കാതെ അവിടത്തെ കോപ്റ്റിക്, മാരോണൈറ്റ്, മെൽക്കൈറ്റ്, സിറിയൻ, അർമേനിയൻ, കൽദായ, ലത്തീൻ പാരമ്പര്യങ്ങളിലെ വലിയ വിശുദ്ധർ ചെയ്തതുപോലെ ഹൃദയ വയലുകൾ പരിശുദ്ധാത്മാവിന്റെ കിരണങ്ങളാൽ നനക്കാനും പാപ്പ ആവശ്യപ്പെട്ടു. ആദിമ ക്രൈസ്തവ സമൂഹത്തിന്റെ ഈറ്റില്ലമായ ഇറാഖ് അടക്കമുള്ള മധ്യപൂര്‍വ്വേഷ്യൻ രാജ്യങ്ങളിലെ ക്രൈസ്തവര്‍ നില്‍നില്‍പ്പിനായി ഇന്നു കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഈ പശ്ചാത്തലത്തിലാണ് മധ്യപൂർവേഷ്യയെ നസ്രത്തിലെ തിരുക്കുടുംബത്തിന്റെ സംരക്ഷണത്തിന് ഔദ്യോഗികമായി സമർപ്പിക്കാൻ കൽദായ സഭ തീരുമാനമെടുത്തത്. ഇതിനു പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയായിരിന്നു.

More Archives >>

Page 1 of 667