Life In Christ - 2024
'കര്‍ത്താവായ യേശുവില്‍ വിശ്വാസം അര്‍പ്പിച്ചു, ദൈവകൃപ ഒന്നുകൊണ്ട് മാത്രം': ഒളിംപിക് ട്രയല്‍സില്‍ ലോക റെക്കോര്‍ഡ് നേടിയതിന് പിന്നാലെ യുഎസ് താരം
പ്രവാചകശബ്ദം 30-06-2021 - Wednesday
വാഷിംഗ്ടണ്‍ ഡിസി: യു.എസ് ഒളിമ്പിക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ട്രയല്‍സിലെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തനിക്ക് റെക്കോര്‍ഡ് നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് ദൈവകൃപ ഒന്നുകൊണ്ട് മാത്രമാണെന്ന് അമേരിക്കന്‍ വനിതാ കായികതാരം സിഡ്നി മക്ലാലിൻ. 52 സെക്കന്റുകള്‍ക്കുള്ളില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ് എന്ന കടമ്പകടക്കുന്ന ആദ്യ വനിത എന്ന റെക്കോര്‍ഡോട് കൂടിയാണ് താരം വിജയിച്ചത്. 51.90 സെക്കന്റ് എടുത്താണ് ഇരുപത്തിയൊന്നുകാരിയായ മക്ലാലിൻ 400 മീറ്റര്‍ ഹര്‍ഡില്‍സ് പൂര്‍ത്തിയാക്കിയത്. ഓട്ടത്തിന് മുന്‍പുള്ള മാനസിക സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാത്തതാണെന്ന് പറഞ്ഞ മക്ലാലിൻ തന്റെ ചുമലിലെ ഭാരം ദൈവം ഒഴിവാക്കിയത് കാരണമാണ് തനിക്ക് സ്വതന്ത്രമായി ഓടുവാന്‍ കഴിഞ്ഞതെന്നും തന്റെ രക്ഷകനും കര്‍ത്താവുമായ യേശുവില്‍ വിശ്വാസം അര്‍പ്പിക്കുക മാത്രമാണ് ഈ ഓട്ടത്തില്‍ താന്‍ ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ട്രയല്‍സിന് ശേഷം എന്‍.ബി.സി സ്പോര്‍ട്ട്സിന് നല്‍കിയ അഭിമുഖത്തില്‍ “എല്ലാ മഹത്വവും ദൈവത്തിന്” എന്നായിരിന്നു മക്‌ലാഫ്ലിന്‍ പറഞ്ഞത്. “സത്യസന്ധമായി പറയുകയാണെങ്കില്‍ ഈ സീസണില്‍ എന്റെ പുതിയ കോച്ചിനും, പുതിയ സപ്പോര്‍ട്ടിംഗ് സിസ്റ്റത്തിനും ഒപ്പം പരിശീലിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. ദൈവവിശ്വാസമാണ് വാസ്തവത്തില്‍ ഇത് സാധ്യമാക്കിയത്. ഇത് ശരിക്കും ദൈവത്തില്‍ നിന്നുള്ള സമ്മാനം തന്നെയാണ് എന്ന് പറയുക അല്ലാതെ എനിക്കിപ്പോള്‍ കൂടുതലായി ഒന്നു ചെയ്യുവാനില്ല”- മക്ലാലിൻ പറഞ്ഞു. എല്ലാം നിയന്ത്രിക്കുന്നത് ദൈവമാണെന്ന സത്യം അറിഞ്ഞിരിക്കണമെന്നും താന്‍ കഠിനാദ്ധ്വാനം ചെയ്യുന്ന കാലത്തോളം ദൈവം തന്നെ വഹിച്ചുകൊള്ളുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ട് വഴിയും മക്ലാലിൻ കര്‍ത്താവിന് നന്ദിയര്‍പ്പിച്ചു. നന്ദി അര്‍പ്പിച്ചുകൊണ്ടുള്ള മക്ലാലിനിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ‘എന്നില്‍ ശ്രദ്ധിക്കുക മാത്രം ചെയ്യൂ’ എന്ന് ദൈവം പറയുന്നത് താന്‍ കേട്ടുകൊണ്ടേയിരിക്കുന്നതാണ് താന്‍ ഉണ്ടാക്കിയ ഏറ്റവും നല്ല മത്സര പദ്ധതിയെന്നു അവര്‍ കുറിച്ചു. അംഗീകാരത്തിനു വേണ്ടി ഇനി താന്‍ ഓടില്ലെങ്കിലും, ഇതിനോടകം പാറപോലെ ഉറച്ച ദൈവത്തിന്റെ പരിപൂര്‍ണ്ണ ഇഷ്ടത്തെക്കുറിച്ച് താന്‍ ആലോചിക്കുമെന്നും, ദൈവകൃപയല്ലാതെ മറ്റൊന്നും താന്‍ അര്‍ഹിക്കുന്നില്ലെന്നും പോസ്റ്റില്‍ പറയുന്നു. വിശ്വാസത്തിലൂടെ യേശു തനിക്ക് എല്ലാം തന്നിട്ടുണ്ടെന്നും റെക്കോര്‍ഡുകള്‍ വരികയും പോവുകയും ചെയ്യുമെങ്കിലും ദൈവത്തിന്റെ മഹത്വം നിത്യമാണെന്നും പോസ്റ്റിലുണ്ട്. ടോക്കിയോയില്‍ ജൂലൈ മാസം ആരംഭിക്കുവാനിരിക്കുന്ന ഒളിംബിക്സിന്റെ അവസാനവട്ട ഒരുക്കത്തിലാണ് താരം.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക