News - 2025

ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിക്ക് മോണ്‍സിഞ്ഞോര്‍ പദവി

05-07-2021 - Monday

മെല്‍ബണ്‍: ഓസ്ട്രേലിയായിലെ മെല്‍ബണ്‍ സെന്‍റ് തോമസ് സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിക്ക് മോണ്‍സിഞ്ഞോര്‍ പദവി. സഭക്ക് നൽകിയ സമഗ്രമായ സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിക്ക് ചാപ്ലിയന്‍ ഓഫ് ഹിസ് ഹോളിനെസ് എന്ന വിഭാഗത്തിലെ മോണ്‍സിഞ്ഞോര്‍ പദവിയാണ് പരിശുദ്ധ സിംഹാസനം അനുവദിച്ചിരിക്കുന്നത്. തിരുസഭയ്ക്കും പ്രത്യേകിച്ച് മെല്‍ബണ്‍ സീറോ മലബാര്‍ രൂപതക്കും വേണ്ടി വൈദികന്‍ ചെയ്തുകൊണ്ടിരിക്കുന്ന സ്തുത്യര്‍ഹമായ സേവനങ്ങളുടെ പശ്ചാത്തലത്തില്‍, മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ബോസ്കോ പുത്തൂറിന്റെ അഭ്യർഥനപ്രകാരമാണ് പരിശുദ്ധ പിതാവ്, ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിയ്ക്കു മോണ്‍സിഞ്ഞോര്‍ പദവി നൽകിയിരിക്കുന്നത്.

എറണാകുളം-അങ്കമാലി അതിരൂപതയിലെ മാണിക്യമംഗലം ഇടവകാഗംമായ ഫാ. ഫ്രാന്‍സിസ് പരേതരായ കോലഞ്ചേരി വറിയതിന്‍റെയും മേരിയുടെയും ഇളയമകനാണ്. തൃക്കാക്കര സേക്രട്ട് ഹാര്‍ട്ട് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്‍റ് തോമസ് മേജര്‍ സെമിനാരിയിലും വൈദിക പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1979 ഡിസംബര്‍ 22നു കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ നിന്ന് വൈദിക പട്ടം സ്വീകരിച്ചു. ഞാറയ്ക്കല്‍ ഇടവകയില്‍ അസിസ്റ്റന്‍റ് വികാരിയായും തിരുഹൃദയക്കുന്ന് ഇടവകയില്‍ വികാരിയായും തുടര്‍ന്ന് അതിരൂപതയിലെ സോഷ്യല്‍ സര്‍വ്വീസ് വിഭാഗത്തിന്‍റെ ഡയറക്ടര്‍ ആയും സേവനം അനുഷ്ഠിച്ചു.

2013 ഡിസംബര്‍ 23 ന് ഇന്ത്യക്ക് പുറത്ത് രണ്ടാമതായി മെല്‍ബണ്‍ സിറോ മലബാര്‍ രൂപത പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തെ രൂപതയുടെ പ്രഥമ വികാരി ജനറലായും നിയമിച്ചു. ഒരു വര്‍ഷത്തോളം ഫാ. ഫ്രാന്‍സിസ് കത്തീഡ്രല്‍ ഇടവക വികാരിയായും സേവനം അനുഷ്ഠിച്ചു. ഓസ്ട്രേലിയയിലെ സിറോ മലബാര്‍ സമൂഹത്തിന്‍റെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയിരിക്കുമ്പോള്‍ ഓസ്ട്രേലിയയിലെ വിവിധ സിറോ മലബാര്‍ സമൂഹങ്ങള്‍ സന്ദര്‍ശിച്ച് അവര്‍ക്ക് അജപാലന ശുശ്രൂഷ ലഭ്യമാക്കുന്നതിന് അദ്ദേഹം സ്തുത്യര്‍ഹമായ സേവനം ചെയ്തിരിന്നു.

മെല്‍ബണ്‍ സെന്‍റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയിലെ ദുക്റാന തിരുന്നാളിന്‍റെ തിരുക്കര്‍മ്മങ്ങള്‍ക്കും റാസ കുര്‍ബാനക്കും ശേഷം നടന്ന ലളിതമായ ചടങ്ങില്‍ മെല്‍ബണ്‍ സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ബോസ്കോ പുത്തൂര്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിയെ മോണ്‍സിഞ്ഞോര്‍ പദവിയുടെ ചിഹ്നമായ ചുവപ്പു നിറത്തിലുള്ള അരപ്പട്ട അണിയിക്കുകയും നിയമനപത്രം നല്കുകയും ചെയ്തു. കഴിഞ്ഞ ഏഴു വര്‍ഷം വികാരി ജനറാള്‍ എന്ന നിലയില്‍ ശ്രദ്ധാര്‍ഹമായ സേവനങ്ങളായിരുന്ന് ഫ്രാന്‍സിസ് അച്ചന്‍ രൂപതക്ക് നല്കിയതെന്ന്‍ ബിഷപ്പ് അനുസ്മരിച്ചു. ഹ്യും കൗണ്‍സില്‍ മേയറും മെല്‍ബണ്‍ അസ്സിറിയന്‍ ചര്‍ച്ച് ഓഫ് ദ് ഈസ്റ്റ് സഭാംഗവുമായ മേയര്‍ ജോസഫ് ഹവീല്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

കത്തീഡ്രല്‍ ഇടവക എസ്.എം.വൈ.എം കോര്‍ഡിനേറ്റര്‍ മെറിന്‍ എബ്രഹാം ഫ്രാന്‍സിസ് അച്ചനെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണം വായിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോബി ഫിലിപ്പ്, കത്തീഡ്രല്‍ ഇടവക കൈക്കാരാന്മാരായ ക്ലീറ്റസ് ചാക്കോ, ആന്‍റോ തോമസ് എന്നിവര്‍ ചേര്‍ന്ന് അച്ചന് ബൊക്കെ നൽകി ആദരിച്ചു. കഴിഞ്ഞ 41 വര്‍ഷം ഈശോയോട് ചേര്‍ന്ന് നിന്നുകൊണ്ടുള്ള ഒരു വൈദിക ജീവിതം നയിക്കാന്‍ തന്നെ അനുഗ്രഹിച്ച ദൈവത്തോടും മോണ്‍സിഞ്ഞോര്‍ പദവിക്കായി പരിശുദ്ധ പിതാവിനോട് അഭ്യർഥിച്ച ബോസ്കോ പിതാവിനോടും നന്ദി പറയുന്നുവെന്ന് ആശംസകള്‍ക്ക് കൃതഞ്ജത രേഖപ്പെടുത്തികൊണ്ട് ഫാ. ഫ്രാന്‍സിസ് പറഞ്ഞു. മെല്‍ബണ്‍ രൂപതയില്‍ തന്നോടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ വൈദികരെയും, രൂപതയിലെ വിശ്വാസി സമൂഹത്തെയും, എറണാകുളം-അങ്കമാലി അതിരൂപതയിലെ പിതാക്കന്മാരെയും വൈദികരെയും, നന്ദിയോടെ ഓര്‍ക്കുന്നുവെന്നും ഈ പദവി മെല്‍ബണ്‍ സീറോ മലബാര്‍ രൂപതക്ക് ലഭിച്ച അംഗീകാരമാണെന്നും അച്ചന്‍ കൂട്ടിച്ചേര്‍ത്തു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 668