News - 2025

ഫ്രാൻസിസ് പാപ്പയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി: ആരോഗ്യം തൃപ്തികരമെന്ന് വത്തിക്കാൻ

പ്രവാചകശബ്ദം 05-07-2021 - Monday

വത്തിക്കാന്‍ സിറ്റി: കുടൽ സംബന്ധമായ രോഗത്തെത്തുടർന്ന് ഇന്നലെ ഞായറാഴ്ച സര്‍ജ്ജറിയ്ക്കു വിധേയനാക്കിയ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരം. ശസ്ത്രക്രിയ വിജയകരമായിരിന്നുവെന്നും പാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. റോമിലെ ജെമല്ലി ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയ പൂർത്തിയായ വിവരം രാത്രിയിലാണ് വത്തിക്കാൻ പുറത്തുവിട്ടത്. പത്ത് പേരുടെ മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. ഇന്നലെ ഉച്ചയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച പാപ്പയുടെ ചികിത്സ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. അതിനാൽ തന്നെ പാപ്പ എത്ര ദിവസം ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുമെന്ന് വ്യക്തമല്ല.

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുമുമ്പ് ഞായറാഴ്ചത്തെ ത്രികാല പ്രാർത്ഥനയിൽ പാപ്പ പങ്കെടുത്തു. സെപ്റ്റംബർ മാസം യൂറോപ്യൻ രാജ്യങ്ങളായ ഹംഗറിയും, സ്ലോവാക്യയും സന്ദർശിക്കുമെന്ന പ്രഖ്യാപനവും പ്രാർത്ഥനയ്ക്കു ശേഷം ഫ്രാൻസിസ് മാർപാപ്പ നടത്തിയിരിന്നു. 2013ൽ പത്രോസിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഫ്രാൻസിസ് മാർപാപ്പ ആദ്യമായാണ് ആശുപത്രിയിൽ ചികിത്സ തേടുന്നത്.

സഭയുടെ ഉടമസ്ഥതയിലുള്ള ജെമല്ലി ആശുപത്രിയിലാണ് സാധാരണയായി ഇതിനുമുമ്പ് ഉണ്ടായിരുന്ന സഭാ തലവന്മാരും ചികിത്സ തേടിയിരുന്നത്. ആശുപത്രിയുടെ പത്താം നില ഈ ആവശ്യത്തിനു വേണ്ടി മാത്രം സജ്ജമാക്കിയിരിക്കുന്നതാണ്. ചെറുപ്പത്തിൽ ശ്വാസകോശത്തിന്റെ ഒരു ഭാഗം രോഗം മൂലം നീക്കം ചെയ്തതിനാൽ മാർപാപ്പയ്ക്ക് ഇടയ്ക്ക് ശ്വാസതടസ്സം അനുഭവപ്പെടാറുണ്ട്. കഴിഞ്ഞവർഷം ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് വത്തിക്കാനിലെ കൂരിയ അംഗങ്ങൾക്ക് വേണ്ടി നടത്താറുള്ള നോമ്പുകാല ധ്യാനത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. 2014 ൽ ഉദരസംബന്ധമായ പ്രശ്നത്തെത്തുടർന്ന് ഏതാനും പൊതുപരിപാടികളും പാപ്പ ഉപേക്ഷിച്ചിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »