News

"ഫാ. സ്റ്റാൻ സ്വാമിയുടെ വിയോഗത്തെ മരണം എന്ന് വിളിക്കരുത്, ജുഡീഷ്യൽ കൊലപാതകം": കേന്ദ്ര സർക്കാറിനെതിരെ വ്യാപക പ്രതിഷേധം

പ്രവാചകശബ്ദം 05-07-2021 - Monday

മുംബൈ: ആദിവാസികള്‍ക്കും നിര്‍ധനര്‍ക്കും വേണ്ടി പതിറ്റാണ്ടുകളായി ജീവിതം സമര്‍പ്പിച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിനു പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. സ്റ്റാൻ സ്വാമിയുടേത്​ ജുഡീഷ്യൽ കൊലപാതകമാണെന്ന് മനുഷ്യാവകാശ ​പ്രവർത്തകയും എഴുത്തുകാരിയുമായ​ മീന കന്ദസ്വാമി ആരോപിച്ചു. 'ഇതിനെ വെറും മരണം എന്ന് വിളിക്കരുത്. ഇതൊരു ജുഡീഷ്യൽ കൊലപാതകമാണ്. എൻ‌.ഐ‌.എ, മോദി-ഷാ എന്നിവരടക്കം എല്ലാവരും ഇതിൽ പങ്കാളികളാണ്. ഭീമ കൊറെഗാവ് കേസ്, ജയിൽ വാസം, ഭരണവർഗം, മാധ്യമങ്ങൾ എന്നിവയുടെ വിഡ്ഡിത്തങ്ങൾ ഒരിക്കലും കാണാത്ത ജുഡീഷ്യറിക്കും ഇതിൽ പങ്കുണ്ടെന്നും അവര്‍ ആരോപിച്ചു.

ജുഡീഷ്യറി, ആർ.‌എസ്‌.എസ്-ബി.ജെ.പി, എൻ.‌ഐ‌.എ, സർക്കാറിന്​ വേണ്ടി പ്രചാരണം നടത്തിയ മാധ്യമങ്ങൾ, മോദി-ഷാ എന്നിവരെ ഇതിൽനിന്ന് രക്ഷപ്പെടാൻ അനുവദിച്ച പ്രതിപക്ഷം എന്നിവരുടെ കൈകളിലെല്ലാം ഇതിന്‍റെ രക്​തം പുരണ്ടിരിക്കുന്നു. നമ്മുടെ എല്ലാവരുടെയും കൈകളിലും രക്​തമുണ്ട്​ -മീന കന്തസാമി പറഞ്ഞു. സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം നീതിയും മനുഷ്യത്വവും അർഹിച്ചിരുന്നു​െവന്നും കോ​ൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

മനുഷ്യാവകാശ പ്രവര്‍ത്തകനായ സ്റ്റാന്‍ സ്വാമിയുടെ മരണം കസ്റ്റഡി കൊലപാതകമാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. ‘അദ്ദേഹം (സ്റ്റാന്‍ സാമി) പാര്‍ശ്വവല്‍കൃതരെ അക്ഷീണം സഹായിച്ചയാളാണ്. ഒരു കുറ്റവും ചുമത്താതെയാണ് 2020 ഒക്ടോബര്‍ മുതല്‍ അദ്ദേഹത്തെ യു.എ.പി.എ. എന്ന ക്രൂരനിയമം പ്രകാരം കസ്റ്റഡിയില്‍ വെക്കുകയും മനുഷ്യവിരുദ്ധമായ രീതിയില്‍ പെരുമാറുകയും ചെയ്തത്. കസ്റ്റഡിയില്‍ സംഭവിച്ച ഈ സംഭവത്തിന് ഉത്തരവാദി ആരാണെന്നു കണ്ടെത്തണം.’- യെച്ചൂരി പറഞ്ഞു. അപമാനബോധം കൊണ്ട് ഇന്ത്യന്‍ ജനത തലകുനിക്കേണ്ട സംഭവമാണ് സ്റ്റാന്‍ സാമിയുടെ നിര്യാണമെന്ന് സി.പി.ഐ.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു.

ഫാ. സ്റ്റാൻ സ്വാമി ഒരിക്കലും മരിക്കില്ലായെന്നും തന്‍റെ ജീവിത കാലയളവിൽ ഫാസിസ്റ്റ് മോദി സർക്കാറിനെതിരെ നിലകൊണ്ട ധീരനായ നായകനായി അദ്ദേഹം നമ്മുടെ ഹൃദയത്തിൽ ജീവിക്കുമെന്നും സ്റ്റാൻ സ്വാമിയുടെ രക്​തം മോദിയുടെയും അമിത്​ ഷായുടെയും കൈകളിൽ പുരണ്ടിട്ടിട്ടുണ്ടെന്നും രാജ്യം അവരോട് ഒരിക്കലും ക്ഷമിക്കില്ലായെന്നും ഗുജറാത്ത്​ എം.എൽ.എ ജിഗ്​നേഷ്​ മേവാനി പറഞ്ഞു. പാർക്കിൻസൺസ് രോഗിയായ ഒരു എണ്പത്തിനാലുകാരനു വെള്ളം കുടിക്കാൻ ഒരു സിപ്പർ/സ്ട്രോ ഇല്ലെന്നു പറഞ്ഞ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയ്ക്കും അതനുവദിക്കാൻ ഹർജിയും അപ്പീലുമായി ആഴ്ചകൾ നടത്തിച്ച ജുഡീഷ്യറിക്കും അഭിമാനിക്കാമെന്ന്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ കെ‌ജെ ജേക്കബ് ഫേസ്ബുക്കില്‍ കുറിച്ചു.

ഭീമ കൊറേഗാവ് അക്രമ പരമ്പരകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍നിന്നു അദ്ദേഹത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. എന്നാല്‍ അദ്ദേഹം താമസിച്ചിരുന്ന നാംകും ബഗിച്ചയിലെ വീട്ടിലെത്തിയ പോലീസിനു പക്ഷേ, തീവ്രവാദവുമായി ബന്ധമുള്ളതോ വിലപിടിപ്പുള്ളതോ ആയി ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ അദ്ദേഹത്തെ തടങ്കലിലാക്കിയ നടപടി എന്‍‌ഐ‌എ കോടതി ശരിവെയ്ക്കുകയാണ് ചെയ്തത്.

നിരപരാധിയാണെന്നും ആരോഗ്യ നിലയിലുള്ള അവശതകളും ചൂണ്ടിക്കാട്ടി നിരവധി തവണ അഭിഭാഷകര്‍ എന്‍‌ഐ‌എയെ സമീപിച്ചിരിന്നു. എന്നാല്‍ കേസ് നീട്ടിക്കൊണ്ടു പോകുകയാണ് എന്‍‌ഐ‌എ ചെയ്തത്. ഇക്കാലയളവിലെല്ലാം അദ്ദേഹം തടങ്കലിലായിരിന്നു. ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ സ്വരമുയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. നേരത്തെ ഭാരത കത്തോലിക്ക മെത്രാന്‍ സമിതി പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും വൈദികനെ മോചിപ്പിക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ടിരിന്നു. അതും ഫലം കണ്ടില്ല.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »