News - 2025
അമേരിക്കയിലെ കൂറ്റന്‍ ക്രിസ്തു രൂപത്തില്‍ ഭ്രൂണഹത്യ അനുകൂല ബാനർ: പ്രതിഷേധം
പ്രവാചകശബ്ദം 12-07-2021 - Monday
അർക്കൻസാസ്: അമേരിക്കൻ സംസ്ഥാനമായ അർക്കൻസാസിലെ യുറേക്കാ സ്പ്രിംഗ്സിൽ സ്ഥിതിചെയ്യുന്ന ക്രിസ്തു രൂപത്തില്‍ ഭ്രൂണഹത്യ അനുകൂല ബാനർ കെട്ടിത്തൂക്കിയതിൽ പ്രതിഷേധം ശക്തമാകുന്നു. ഭ്രൂണഹത്യയെ അനുകൂലിക്കുന്ന ഇൻഡിക്ലയിൻ എന്ന സംഘടന, 65 അടി ഉയരമുള്ള രൂപത്തിലാണ് പ്രകോപനപരമായ ബാനർ കെട്ടി തൂക്കിയത്. നിർമ്മാണ തൊഴിലാളികൾ എന്ന വ്യാജേനയാണ് അവർ പ്രതിമ നിന്നിരുന്ന സ്ഥലത്തേക്ക് എത്തിയത്. 1966ൽ സ്ഥാപിച്ചതാണ് ഈ ക്രിസ്തു രൂപം. സംസ്ഥാനത്തും, മറ്റ് സ്ഥലങ്ങളിലും ഭ്രൂണഹത്യ നിരോധിക്കാൻ നടക്കുന്ന ശ്രമങ്ങൾക്കെതിരെയുളള പ്രതിഷേധങ്ങളുടെ ഭാഗമായാണ് ബാനർ കെട്ടിത്തൂക്കിയതെന്നാണ് സംഘടനയുടെ വ്യാഖ്യാനം. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം അണപൊട്ടിയൊഴുകുകയാണ്.
ദി ഗ്രേറ്റ് പാഷൻ പ്ലേ എന്ന സംഘടനയാണ് രൂപത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. ഇൻഡിക്ലയിൻ ബാനർ സ്ഥാപിച്ച കാര്യത്തെ പറ്റി ഒരു മാധ്യമം റിപ്പോർട്ട് ചെയ്തപ്പോഴാണ് ജീവനക്കാര്‍ വിവരമറിയുന്നതെന്ന്‍ സംഘടന വ്യക്തമാക്കി. ബൈബിൾ മ്യൂസിയം, ആർട്ട് മ്യൂസിയം, ചരിത്ര മ്യൂസിയം, തുടങ്ങിയവയും സംഘടനയുടെ മേൽനോട്ടത്തിൽ ഇവിടെത്തന്നെ പ്രവർത്തിക്കുന്നുണ്ട്. സംഘടനയുടെ വെബ്സൈറ്റിൽ പറയുന്നത് അനുസരിച്ച് ഓരോ വർഷവും അഞ്ച് ലക്ഷത്തോളം ആളുകളാണ് യുറേക്ക സ്പ്രിങ്സിലുളള ക്രിസ്തു രൂപം കാണാനെത്തുന്നത്.
ക്രിസ്തുവിന്റെ രൂപത്തില്‍ ഭ്രൂണഹത്യ അനുകൂല ബാനർ സ്ഥാപിച്ചതിലൂടെ ഇൻഡിക്ലയിൻ സംഘടന നൽകാൻ ഉദ്ദേശിച്ച സന്ദേശം ആളുകളുടെ ഇടയിൽ എത്തിയില്ലായെന്ന് മാത്രമല്ല അവരുടെ ശ്രദ്ധ യേശുവിലേക്ക് തിരിയുമെന്നാണ് പ്രതീക്ഷയെന്ന് ദി ഗ്രേറ്റ് പാഷൻ പ്ലേയുടെ ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് ചുമതലയുള്ള കെന്റ് ബട്ട്ലർ പറഞ്ഞു. ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ രൂപത്തിനു 24 മണിക്കൂറും സംരക്ഷണം കൊടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ബാനർ രൂപത്തില്‍ നിന്നും നീക്കം ചെയ്തു. ഇത് ആദ്യമായിട്ടല്ല ഇൻഡിക്ലയിൻ സംഘടന ക്രൈസ്തവ വിരുദ്ധ പുറത്തുക്കാട്ടുന്നത്. മാർച്ച് മാസത്തില്‍ ക്രൈസ്തവ ബിൽബോർഡിലെ ക്രിസ്തു രക്ഷിക്കുമെന്ന ഒരു വാചകം മാറ്റി ഭ്രൂണഹത്യ അനുകൂല വാചകം സംഘടന എഴുതി ചേര്‍ത്തിരിന്നു.