News
നാലു വർഷമായി ഇസ്ലാമിക തീവ്രവാദികളുടെ പിടിയിൽ: സഹോദരന് വികാരനിർഭരമായ കത്തയച്ച് കത്തോലിക്ക സന്യാസിനി
പ്രവാചകശബ്ദം 09-07-2021 - Friday
ബൊഗോട്ട: നാലു വർഷങ്ങൾക്കു മുമ്പ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ മാലിയിൽ നിന്നും തട്ടിക്കൊണ്ടുപോയ ഫ്രാൻസിസ്കൻ സന്യാസിനി സിസ്റ്റർ ഗ്ലോറിയ നർവേഴ്സ് സെസിലിയ സഹോദരന് അയച്ച കത്ത് ചര്‍ച്ചയാകുന്നു. 57 വയസ്സുള്ള സിസ്റ്റർ ഗ്ലോറിയ സഹോദരനായ എഡ്ഗർ നർവേഴ്സ് അർഗോട്ടിക്ക് ഫെബ്രുവരി മാസം അയച്ച കത്ത് കഴിഞ്ഞദിവസം ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് പുറത്തുവിട്ടതോടെയാണ് കത്ത് മാധ്യമ ശ്രദ്ധ നേടുന്നത്. സന്നദ്ധ സംഘടനയായ റെഡ്ക്രോസ് വഴിയാണ് സിസ്റ്റർ സഹോദരന് കത്തയച്ചത്. മെയ് മാസത്തിലാണ് കത്ത് കുടുംബത്തിന് ലഭിക്കുന്നത്.
"ഞാൻ എല്ലാവർക്കും ആശംസകൾ നേരുന്നു. നല്ല കർത്താവ് എല്ലാവരെയും അനുഗ്രഹിക്കുകയും അവർക്ക് ആയുരാരോഗ്യം നൽകുകയും ചെയ്യട്ടെ. ഞാൻ നാലു വർഷമായി തടവറയിലാണ്. ഇപ്പോൾ ഞാൻ പുതിയൊരു സംഘടനയുടെ പക്കലാണ്," കത്തിലെ ഏതാനും വരികൾ ഇങ്ങനെയാണ്. തന്നെ ഇപ്പോൾ തടങ്കലിൽ വച്ചിരിക്കുന്നത് ദി ഗ്രൂപ്പ് ഫോർ ദി സപ്പോർട്ട് ഓഫ് ഇസ്ലാം ആൻഡ് മുസ്ലീംസ് എന്ന സംഘടനയാണെന്ന് സിസ്റ്റർ ഗ്ലോറിയ സൂചിപ്പിച്ചിട്ടുണ്ട്. സാഹലിൽ പ്രവർത്തിക്കുന്ന അൽക്വയ്ദയുമായി ബന്ധമുള്ള ഒരു തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുള്ളവരാണ് ഈ സംഘടന എന്ന് കരുതപ്പെടുന്നു. തന്റെ വിമോചനത്തിന് വേണ്ടി പ്രാർത്ഥിക്കാനും സിസ്റ്റർ ഗ്ലോറിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മോചനം നേടാൻ സാധിക്കുമെന്ന പ്രതീക്ഷയും ഫ്രാൻസിസ്കൻ സന്യാസിനി പങ്കുവെച്ചു.
ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിലാണ് സിസ്റ്റർ ഗ്ലോറിയ നർവേഴ്സ് അർഗോട്ടി ജനിച്ചത്. സഹോദരൻ എഡ്ഗർ അവിടെയുള്ള ഒരു സ്കൂളിലെ അധ്യാപകനാണ്. റെഡ് ക്രോസ് സംഘടനയിൽ നിന്ന് ലഭ്യമായ വിവരങ്ങളനുസരിച്ച് തന്റെ സഹോദരിയുടെ ആരോഗ്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എഡ്ഗർ പറഞ്ഞു. 2020 ഒക്ടോബർ എട്ടിന് തീവ്രവാദികൾ ബന്ധികളാക്കിയിരിന്ന ഇറ്റാലിയൻ മിഷ്ണറി വൈദികനായ ഫാ. പിയർലൂയിജി മക്കാലി, സോഫി പെട്രോനിന്‍ എന്നിവരുൾപ്പെടെയുള്ള നാലംഗ സംഘത്തെ വിട്ടയച്ചതോടെ സിസ്റ്റര്‍ ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാകുകയായിരിന്നു. ഇതിനിടയിൽ സിസ്റ്ററിന്റെ മോചനത്തിനായി മാർച്ച് മാസം മാലിയിലേക്ക് പുറപ്പെട്ട കൊളംബിയൻ സംഘത്തിന് തങ്ങളുടെ ദൗത്യം പൂർത്തിയാക്കാൻ സാധിക്കാതെ ജൂൺ മാസം തിരികെ മടങ്ങേണ്ടിവന്നു. മാലിയിലെ സർക്കാർ അട്ടിമറിയെ തുടർന്നുണ്ടായ സംഘർഷങ്ങൾ മൂലമാണ് അവർക്ക് തിരിച്ചു മടങ്ങേണ്ടി വന്നത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക