News - 2025
ഫ്രാന്‍സിസ് പാപ്പയുടെ ഞായറാഴ്ചത്തെ ത്രികാലജപ പ്രാര്‍ത്ഥന ജെമെല്ലി ആശുപത്രിയില്‍ നിന്ന്
പ്രവാചകശബ്ദം 10-07-2021 - Saturday
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ഞായാറാഴ്ച പതിവുള്ള ത്രികാലജപ പ്രാര്‍ത്ഥന റോമിലെ ജെമെല്ലി ആശുപത്രിയില്‍വച്ചു ചൊല്ലുമെന്നു വത്തിക്കാന്‍. വന്‍കുടലിലെ ശസ്ത്രക്രിയയ്ക്കുശേഷം ഈ ആശുപത്രിയില്‍ വിശ്രമിക്കുന്ന മാര്‍പാപ്പ ആരോഗ്യം വീണ്ടെടുത്തു വരികയാണ്. നാളെ ഞായറാഴ്ച ആശുപത്രിയുടെ പത്താം നിലയിൽ നിന്ന് പാപ്പ പതിവു ത്രികാലജപ പ്രാര്‍ത്ഥന നടത്തുമെന്നും പാപ്പയ്ക്ക് വേണ്ടി തുടര്‍ന്നും പ്രാര്‍ത്ഥന യാചിക്കുകയാണെന്നും വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഫ്രാന്‍സിസ് പാപ്പ തന്റെ വാസസ്ഥലത്തുള്ള ചാപ്പലില്‍ ദിവ്യബലി അര്‍പ്പിച്ചുവെന്നും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടപ്പോള്‍ മുതല്‍ അദ്ദേഹത്തെ പരിചരിച്ചവര്‍ ബലിയര്‍പ്പണത്തില്‍ പങ്കുചേര്‍ന്നുവെന്നും വത്തിക്കാന്‍ അറിയിച്ചു. ജൂലൈ 4 ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഫ്രാന്‍സിസ് പാപ്പ മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് വിധേയനായത്. റോമിലെ ഏറ്റവും ഉയര്‍ന്ന കുന്നിന്‍ പ്രദേശമായ മോണ്ടെ മാരിയോയിലാണ് വിശാലമായ ജെമല്ലി യൂണിവേഴ്സിറ്റി ആശുപത്രി സ്ഥിതി ചെയ്യുന്നത്.