News - 2025

കുടുംബ വര്‍ഷത്തില്‍ വലിയ കുടുംബങ്ങള്‍ക്ക് വലിയ സമ്മാനവുമായി പാലാ രൂപത

പ്രവാചകശബ്ദം 26-07-2021 - Monday

പാലാ: കൂടുതല്‍ മക്കളുള്ള കുടുംബങ്ങള്‍ക്ക് നിരവധി ആനുകൂല്യങ്ങളുമായി പാലാ രൂപതയുടെ മാതൃകാപരമായ ഇടപെടല്‍. ഇന്നലെ മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കുമായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച പ്രഥമ ആഗോള ദിനത്തിന്റെ ഭാഗമായി നടത്തിയ സൂം മീറ്റിംഗിലാണ് നാലോ അതില്‍ കൂടുതലോ മക്കളുള്ള കുടുംബങ്ങള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രഖ്യാപിച്ചത്. ഒരു കുടുംബത്തിൽ നാലാമതായും തുടർന്നും ജനിക്കുന്ന കുട്ടികൾക്ക് പാലായിലെ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ സ്കോളര്‍ഷിപ്പോടെ പഠനം, രണ്ടായിരത്തിനു ശേഷം വിവാഹിതരായ അഞ്ചു കുട്ടികളിൽ കൂടുതലുള്ള കുടുംബത്തിന് പാലാ രൂപത ഫാമിലി അപ്പോസ്തോലേറ്റ് വഴി പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം തുടങ്ങീ നിരവധി ആനുകൂല്യങ്ങളാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു കുടുംബത്തിലെ നാലു മുതലുള്ള കുട്ടികളുടെ പ്രസവ ചിലവ് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലും മുട്ടുചിറ ഹോളി ഗോസ്റ്റ് ആശുപത്രിയിലും സൗജന്യം, ഒരു കുടുംബത്തിലെ നാലാമതും തുടർന്നും ജനിക്കുന്ന യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ചേർപ്പുങ്കൽ മാർ സ്ലീവാ കോളേജ് ഓഫ് നഴ്സിങ്ങിൽ സൗജന്യ പഠനം തുടങ്ങീ ആനുകൂല്യങ്ങളും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബവര്‍ഷാചരണം കൂടി കണക്കിലെടുത്താണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ശ്രദ്ധേയമായ പ്രഖ്യാപനം നടത്തിയതെന്ന് രൂപത ഫാമിലി അപ്പോസ്തോലേറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് കുറ്റിയാങ്കല്‍ 'പ്രവാചകശബ്ദ'ത്തോട് പറഞ്ഞു. രൂപതയ്ക്കു കീഴിലുള്ളവര്‍ക്കാണ് സഹായം ലഭിക്കുക. അടുത്ത മാസം മുതല്‍ സഹായം നല്‍കുന്നത് ആരംഭിക്കുവാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഡിസംബറിലാണ് ഫ്രാന്‍സിസ് പാപ്പ കുടുംബവര്‍ഷ പ്രഖ്യാപനം നടത്തിയത്. ഇക്കഴിഞ്ഞ മാർച്ച് 19ന് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിൽ ആരംഭിച്ച കുടുംബ വർഷാചരണം 2022 ജൂൺമാസം റോമിൽ നടക്കുന്ന കുടുംബങ്ങളുടെ സംഗമത്തോടെയാണ് സമാപിക്കുക. പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 676