News - 2025
ജര്‍മ്മനിയിലെ വിശ്വാസരാഹിത്യത്തില്‍ ദുഃഖം പങ്കുവെച്ച് എമിരിറ്റസ് ബെനഡിക്ട് പാപ്പ
പ്രവാചകശബ്ദം 27-07-2021 - Tuesday
വത്തിക്കാന്‍ സിറ്റി: ജര്‍മ്മന്‍ സഭാ സ്ഥാപനങ്ങളിലെ വിശ്വാസരാഹിത്യത്തില്‍ മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്‍ ആശങ്ക പ്രകടിപ്പിച്ചു. തന്റെ പൗരോഹിത്യ പട്ട സ്വീകരണത്തിന്റെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ജര്‍മ്മന്‍ മാഗസിനായ ‘ഹെര്‍ഡര്‍ കൊറസ്പോണ്ടെന്‍സ്’ന്റെ ഓഗസ്റ്റ് ലക്കത്തിനുവേണ്ടി തോബിയാസ് വിന്‍സ്റ്റെലിന് എഴുതി നല്‍കിയ അഭിമുഖത്തിലാണ് വിശ്രമജീവിതം നയിക്കുന്ന മുന്‍ പാപ്പ ജര്‍മ്മന്‍ സഭാ സ്ഥാപനങ്ങളിലെ വിശ്വാസരാഹിത്യത്തില്‍ തനിക്കുള്ള ആശങ്ക പ്രകടിപ്പിച്ചതെന്നു ‘കാത്തലിക് ന്യൂസ് ഏജന്‍സി’യുടെ ജര്‍മ്മന്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രികള്‍, സ്കൂളുകള്‍, കാരിത്താസ് പോലെയുള്ള സഭാ സ്ഥാപനങ്ങളിലെ നിര്‍ണ്ണായക സ്ഥാനങ്ങളിലിരിക്കുന്നവര്‍ സഭയുടെ ആന്തരിക ദൗത്യം പങ്കുവെക്കുന്നില്ലെന്നും, അതിനാല്‍ പല കാര്യങ്ങളിലും സഭാ സ്ഥാപനങ്ങളുടെ സാക്ഷ്യം അറിയപ്പെടാതെ പോവുകയാണെന്നും മുന്‍പാപ്പയുടെ അഭിമുഖ കുറിപ്പില്‍ പറയുന്നു.
‘സ്ഥാപനാധിഷ്ടിത സഭ’ എന്നര്‍ത്ഥമാക്കാവുന്ന ‘ആംറ്റ്സ്കിര്‍ച്ചെ’ എന്ന ജര്‍മ്മന്‍ പദത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും തൊണ്ണൂറ്റിനാലുകാരനായ ബെനഡിക്ട് പതിനാറാമന്‍ പങ്കുവെച്ചു. സ്ഥാപനാധിഷ്ടിത സഭയില്‍ വിശ്വസിക്കുന്നവരാണ് ജര്‍മ്മന്‍ സഭാ പ്രബോധനങ്ങളില്‍ പലതും തയ്യാറാക്കിയിരിക്കുന്നതെന്നും, അതിനാല്‍ വലിയൊരു ഭാഗം ജര്‍മ്മന്‍ സഭാരേഖകള്‍ക്കും ആംറ്റ്സ്കിര്‍ച്ചെ എന്ന പദം ബാധകമാക്കേണ്ടതാണെന്ന് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ഥാനമാനങ്ങളില്‍ നിന്നും പുറത്ത് വന്ന്‍ സഭയുടെ ഔദ്യോഗിക വക്താക്കളില്‍ നിന്നുള്ള യഥാര്‍ത്ഥമായ വ്യക്തിഗത സാക്ഷ്യം നല്‍കേണ്ടത് പ്രധാനമാണെന്ന് തനിക്ക് തോന്നുന്നതിന്റെ കാരണമിതാണെന്നും ബെനഡിക്ട് പതിനാറാമന്‍ പാപ്പ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂൺ 26ന് പുറത്തുവന്ന കണക്കുകൾ പ്രകാരം 2,72,771 പേരാണ് രാജ്യത്തു വിശ്വാസം ഉപേക്ഷിച്ചത്. തിരുസഭയുടെ പ്രബോധനങ്ങള്‍ക്കും പാരമ്പര്യത്തിനും വിരുദ്ധമായി ചില ജര്‍മ്മന്‍ വൈദികര്‍ സ്വവര്‍ഗ്ഗ പങ്കാളികളെ ആശീര്‍വ്വദിച്ചത് അടുത്തിടെ വലിയ വിവാദത്തിന് ഇടയാക്കിയിരിന്നു. തിരുസഭ പാരമ്പര്യങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും വിരുദ്ധമായി ജര്‍മ്മന്‍ സഭയില്‍ നിന്നുണ്ടാകുന്ന പ്രതികരണങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ജര്‍മ്മന്‍ സ്വദേശിയായ ബെനഡിക്ട് പാപ്പയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.