India - 2025
കെസിബിസി സമ്മേളനം നാളെ ആരംഭിക്കും: വാര്‍ഷിക ധ്യാനം മറ്റന്നാള്‍ മുതല്‍
പ്രവാചകശബ്ദം 01-08-2021 - Sunday
കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) സമ്മേളനം നാളെ വൈകിട്ട് അഞ്ചിന് ആരംഭിക്കും. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി നടക്കുന്ന സമ്മേളനം അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. മൂന്നു മുതല്‍ ആറു വരെ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനം നടക്കും. വിന്‍സെന്‍ഷന്‍ കോണ്‍ഗ്രിഗേഷന്‍ കോട്ടയം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. മാത്യു കക്കാട്ടുപിള്ളി ധ്യാനം നയിക്കും. കെസിബിസി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തിലുള്ള ഏകദിന ദൈവശാസ്ത്ര സമ്മേളനം നാളെ രാവിലെ 9.30 മുതല്‍ വൈകിട്ട് നാലു വരെ ഓണ്‍ലൈനായി നടക്കും.
'സുവിശേഷീകരണങ്ങളിലും ദൗത്യങ്ങളിലും മാധ്യമങ്ങളുടെ പങ്ക്' എന്ന വിഷയത്തില്‍ റവ. ഡോ. ജോബി കാവുങ്കല്‍, ഡോ. പോള്‍ മണലില്‍, സെര്‍ജി ആന്റണി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ സെക്രട്ടറി ജനറല്‍ ബിഷപ്പ് ജോസഫ് മാര്‍ തോമസ് അധ്യക്ഷത വഹിക്കും. ദൈവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍. ടോണി നീലങ്കാവില്‍, റവ. ഡോ. സിബു ഇരിമ്പിനിക്കല്‍, ഫാ. വില്‍സണ്‍ തറയില്‍, ഫാ. ക്യാപ്പിസ്റ്റന്‍ ലോപ്പസ്, ജെക്കോബി, ജോഷി ജോര്‍ജ്, അലീന എന്നിവര്‍ പ്രസംഗിക്കും. കത്തോലിക്കാ സഭയിലെ മെത്രാന്മാരും തെരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്ര പണ്ഡിതരും മേജര്‍ സെമിനാരികളിലെ റെക്ടര്‍മാരും ദൈവശാസ്ത്ര പ്രഫസര്‍മാരും കെസിബിസിയുടെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാരും ഏകദിന ദൈവശാസ്ത്ര സമ്മേളനത്തില്‍ പങ്കെടുക്കും.