India - 2025
എംടിപി നിയമത്തിന് ആഗസ്റ്റ് 10നു 50 വര്‍ഷം: ജീവന്റെ സംരക്ഷണ ദിനമായി ആചരിക്കുവാന്‍ കെസിബിസിയുടെ ആഹ്വാനം
പ്രവാചകശബ്ദം 02-08-2021 - Monday
കൊച്ചി: രാജ്യത്ത് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നനന്‍സി നിയമം നടപ്പാക്കിയതിന്റെ അന്‍പതു വർഷം പൂർത്തിയാക്കുന്ന ആഗസ്റ്റ് 10-ാം തീയതി കേരള കത്തോലിക്കാസഭ ജീവന്റെ സംരക്ഷണ ദിനമായി ആചരിക്കുവാൻ തീരുമാനിച്ചു. ഇതിനോടനുബന്ധിച്ച് ഭാരത കത്തോലിക്കാസഭയിൽ കറുത്ത ദിനമായും ആചരിക്കുവാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. 'ജനിക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം' എന്നതാണ് ജീവന്റെ സംരക്ഷണ ദിനത്തിന്റെ ആപ്തവാക്യം. 1971ലാണ് നിയമം നിലവിൽ വന്നത്. പിന്നീട് പരിഷ്കരിക്കുകയും ചെയ്തു.
കേരളസഭയുടെ ജീവന്റെ സംരക്ഷണ ദിനാചരണ പ്രവർത്തനങ്ങൾക്ക് കെസിബിസി കുടുംബ പ്രേഷിത വിഭാഗത്തിന്റെയും പോലൈഫ് സമിതിയുടെയും ചെയർമാനായ ബിഷപ്പ് ഡോ പോൾ ആന്റണി മുല്ലശ്ശേരി, വൈസ് ചെയർമാന്മാരായ ബിഷപ്പ് ജോഷാ മാർ ഇഗ്നാത്തിയോസ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ ജേക്കബ് പാലക്കാപ്പിള്ളി, കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി പോൾസൺ സിമതി, കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ്, സെക്രട്ടറി അഡ്വ. ജോസി സേവ്യർ, ആനിമേറ്റർ സിസ്റ്റർ മേരി ജോർജ്, ജോർജ്ജ് എഫ് സേവ്യർ തുടങ്ങിയവർ നേതൃത്വം നൽകും. കേരളസഭയിലെ 13 രൂപതകളിലെയും കുടുംബ പ്രേഷിത വിഭാഗമാണ് പ്രോലൈഫ് സമിതികളുടെ സഹകരണത്തോടെ ഈ ദിനാചരണം സംഘടിപ്പിക്കുന്നത്.
ആഗസ്റ്റ് 1 മുതൽ 16 വരെയുള്ള ദിവസങ്ങൾ പ്രാർത്ഥനാദിനങ്ങളായിരിക്കും. രൂപതകൾ ആഗസ്റ്റ് 8 മുതൽ പ്രാർത്ഥനാവാരം ആചരിക്കും വ്യക്തികളും കുടുംബങ്ങളും സൗകര്യപ്രദമായ ഒരു ദിവസം ഉപവാസ പ്രാർത്ഥനയ്ക്കായി വിനിയോഗിക്കും. രൂപത ഫോറോന ഇടവക തലങ്ങളിൽ ഭ്രൂണഹത്യയ്ക്ക് എതിരെ ജീവന്റെ സംസ്കാരം നാജിവമാക്കുവാനുള്ള പ്രചാരണങ്ങൾ കോവിഡ് നിയന്ത്രണം പാലിച്ചുകൊണ്ട് കൂട്ടായ്മ, വിവിധ മാധ്യമ പരിപാടികൾ എന്നിവ സംഘടിപ്പിക്കും. കൂടുതൽ മക്കളെ സ്വീകരിക്കുന്ന കുടുംബത്തെ പിന്തുണയ്ക്കുന്ന നയം കർമ്മപരിപാടികൾ എന്നിവ നിലവിൽ എല്ലാ രൂപതകളിലും ഉണ്ട്. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ കൂടുതൽ ക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്യും. ജീവൻ, കുടുംബം എന്നിവയെക്കുറിച്ചുള്ള പഠനങ്ങളും പുസ്തകങ്ങളും വ്യാപകമാക്കുവാൻ ശ്രമിക്കും.
വലിയ കുടുംബങ്ങളെ ആദരിക്കുന്ന ജീവസമൃദ്ധി പ്രോഗ്രാം ഇടവക രൂപത തലങ്ങളിൽ തുടരും. വിവിധ വിഭാഗം ജനങ്ങൾക്കായി പ്രോലൈഫ് വെബിനാർ നടത്തും. സീറോ മലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റും കെസിബിസി പ്രോലൈഫ് സമിതിയും സംയുക്തമായി ജീവസമൃദ്ധി എന്ന പേരിൽ ഒരു മ്യൂസിക്കൽ ആൽബം തയ്യാറാക്കിവരുന്നുണ്ടെന്നും കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള കെസിബിസി കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.