India

ഭ്രൂണഹത്യയിലൂടെ വധിക്കപ്പെട്ട കുഞ്ഞുങ്ങളെ അനുസ്മരിച്ച് ഇടുക്കിയില്‍ പാപപരിഹാര പ്രാർത്ഥന

പ്രവാചകശബ്ദം 16-08-2021 - Monday

കട്ടപ്പന: എം‌ടി‌പി ആക്ടിന്റെ ഫലമായി കഴിഞ്ഞ 50 വർഷങ്ങളിലായി ഭ്രൂണഹത്യയിലൂടെ വധിക്കപ്പെട്ട കുഞ്ഞുങ്ങളെ അനുസ്മരിച്ച് ഇടുക്കി രൂപതയുടെ കീഴിലുള്ള തങ്കമണി സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ പാപപരിഹാര പ്രാർത്ഥന നടത്തി. സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ സന്ദേശം നല്‍കി. ദൈവ വിശ്വാസമില്ലാത്തവരെ സംബന്ധിച്ചിടത്തോളം അവര്‍ ജീവന് വില കല്‍പ്പിച്ചെന്ന് വരികയില്ലെന്നും ജീവന്റെ സംരക്ഷണം ക്രൈസ്തവരായ നമ്മെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന്റെ വിഷയമാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

ദൈവത്തിന്റെ സൃഷ്ട്ടികര്‍മ്മത്തില്‍ പങ്കുചേര്‍ന്നു ജീവന്‍ സംരക്ഷിക്കുവാന്‍ നാം പരിശ്രമിക്കണമെന്നും ഭ്രൂണഹത്യയ്ക്കെതിരെ പ്രതികരിക്കാന്‍ നാം തയാറാകണമെന്നും കര്‍ദ്ദിനാള്‍ ആഹ്വാനം നല്‍കി. ലവീത്താ മിനിസ്ട്രിയുടെ സ്ഥാപകനും ആത്മീയ ഗുരുവുമായ ഫാ. റോബർട്ട് ചവറനാനിക്കൽ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. വിശുദ്ധ കുർബാന, ആരാധന, പാപപരിഹാര പ്രാർത്ഥന തുടങ്ങിയവ ശുശ്രൂഷയുടെ ഭാഗമായി. ക്രൈസ്തവകുടുംബങ്ങളിൽ ജീവന്റെ സമൃദ്ധിക്ക് വേണ്ടിയും വരാനിരിക്കുന്ന തലമുറകളെ സംബന്ധിച്ചും പ്രത്യേക പ്രാര്‍ത്ഥന നടന്നു. ലവീത്താ മൂവ്മെന്റും കട്ടപ്പന കരിസ്മാറ്റിക് സോണും സംയുക്തമായി ചേര്‍ന്നാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചത്.

More Archives >>

Page 1 of 408