News - 2025
അഫ്ഗാനിസ്ഥാനിലെ അവസ്ഥയില്‍ ആശങ്ക, നയതന്ത്ര ശ്രമം വഴി മനുഷ്യാവകാശം ഉറപ്പുവരുത്തണം: പാക്സ് ക്രിസ്റ്റി
പ്രവാചകശബ്ദം 20-08-2021 - Friday
പാരീസ്: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദി സംഘടന പൂര്‍ണ്ണ ആധിപത്യം നേടിയതോടെ രാജ്യത്തെ അവസ്ഥയില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് സമാധാനത്തിനയുള്ള അന്താരാഷ്ട്ര കത്തോലിക്ക സംഘടനയായ പാക്സ് ക്രിസ്റ്റി. പതിറ്റാണ്ടുകളായി രാജ്യത്ത് നിലനിൽക്കുന്ന യുദ്ധങ്ങളിലും അക്രമങ്ങളിലും ദുഃഖം രേഖപ്പെടുത്തിയ സംഘടന നയതന്ത്രശ്രമങ്ങൾവഴി മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നത് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു. കൂടുതൽ ദുർബ്ബലരായവരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ അടിയന്തരമായ ശ്രദ്ധ വേണമെന്നും നയതന്ത്ര ഇടപെടലുകൾ ഉണ്ടാകണമെന്നും സംഘടന നേതൃത്വം പ്രസ്താവിച്ചു.
അഫ്ഗാനിസ്ഥാനിലെ യുദ്ധപരാജയത്തിന്റെ കാരണങ്ങളെക്കുറിച്ചും സമാധാനം കെട്ടിപ്പടുക്കുന്നതിനുള്ള ഫലപ്രദമായ ഘടനകൾക്കുവേണ്ടി പരിശ്രമിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും, ദേശീയ അന്തർദേശീയ തലങ്ങളിൽ ആഴത്തിലുള്ള ഒരു വിചിന്തനം ആവശ്യമാണെന്നും പാക്സ് ക്രിസ്റ്റി പറഞ്ഞു. രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപുണ്ടായിരുന്ന താലിബാൻ ഭരണവും, അവരുടെ കീഴിലുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി നടക്കുന്ന കൊടും അക്രമങ്ങളും അഫ്ഗാൻ ജനതയിൽ ഭയവും എല്ലാം ഉപേക്ഷിച്ച് നാടുവിടാനുള്ള ത്വരയും വർദ്ധിപ്പിച്ചു. സർക്കാരിനു വേണ്ടി ജോലിചെയ്‌തിരുന്നവരിലും, സമൂഹത്തിൽ സ്ത്രീകളുടെ അഭിപ്രായപ്രകടനങ്ങൾക്കുള്ള സ്വാതന്ത്ര്യത്തിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി കഠിനാധ്വാനം ചെയ്ത സംഘടനകൾക്കും മുന്നില്‍ ഗുരുതരമായ അപകടസാധ്യതകളാണ് മുന്നിൽ ഉള്ളത്.
അമേരിക്കയോടും ഐക്യരാഷ്ട്രസഭയോടും, മറ്റ് ബഹുരാഷ്ട്രസംഘടനകളോടും, അഫ്ഗാനിസ്ഥാനിൽ മനുഷ്യാവകാശങ്ങൾ ഉറപ്പാക്കാനും, സുരക്ഷിതമായി രാജ്യത്തുനിന്ന് പുറത്തേക്കു പോകാൻ വിസയുൾപ്പെടെയുള്ള ആവശ്യമായ സൗകര്യങ്ങൾ ചെയ്യാനും യുറോപ്പിനോടും അമേരിക്കയോടും പാക്സ് ക്രിസ്റ്റി ആവശ്യപ്പെട്ടു. അഭയാർത്ഥികൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾക്ക് മറ്റ് അയൽരാജ്യങ്ങൾ ആവശ്യമായ അടിയന്തിരസഹായം നൽകണമെന്നും സംഘടന ആവശ്യപ്പെട്ടു. 1945-ല്‍ ഫ്രാന്‍സില്‍ സ്ഥാപിക്കപ്പെട്ട പാക്സ് ക്രിസ്റ്റി ഇന്റർനാഷ്ണൽ അന്താരാഷ്ട്ര കത്തോലിക്ക സമാധാന പ്രസ്ഥാനമാണ്. അക്രമം, തീവ്രവാദം, അസമത്വങ്ങൾ, ആഗോള അരക്ഷിതാവസ്ഥ എന്നിവയാൽ നടുങ്ങിപ്പോയ ലോകത്തെ മാറ്റുക എന്നതാണ് സംഘടനയുടെ ദൌത്യമായി വിശേഷിക്കപ്പെടുന്നത്.