News

ജെസ്യൂട്ട് റെഫ്യൂജി സര്‍വ്വീസ് പ്രവര്‍ത്തനം താത്ക്കാലികമായി അവസാനിപ്പിച്ചു: അഫ്ഗാനിലെ ആയിരക്കണക്കിന് കുട്ടികളുടെ വിദ്യാഭ്യാസം ഇനി ചോദ്യചിഹ്നം

പ്രവാചകശബ്ദം 20-08-2021 - Friday

കാബൂള്‍: ജെസ്യൂട്ട് സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അന്തർദേശീയ കത്തോലിക്ക സംഘടനയായ ജെസ്യൂട്ട് റെഫ്യൂജി സര്‍വ്വീസ് പ്രവര്‍ത്തനം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചതോടെ അഫ്ഗാനിസ്ഥാനിലെ കുട്ടികളുടെ വിദ്യാഭ്യാസം അവതാളത്തില്‍. താലിബാന്‍ ഭീകരരുടെ അധിനിവേശത്തെ തുടര്‍ന്നു ജെസ്യൂട്ട് റെഫ്യൂജി സര്‍വ്വീസ് തങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുകയാണെന്ന് അധികാരികള്‍ വ്യക്തമാക്കിയിരിന്നു. 1996 മുതല്‍ 2001 വരെയുള്ള അഫ്ഗാനിലെ താലിബാന്‍ വാഴ്ചയുടെ കാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പ്രവേശനമുണ്ടായിരുന്നില്ല. തീവ്രമതാധിഷ്ഠിത ചിന്താഗതിയുള്ള താലിബാന്‍ തീവ്രവാദികള്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ വലിയ കുറ്റകരമായാണ് നിരീക്ഷിക്കുന്നത്.

എന്നാല്‍ അഭയാർത്ഥികൾക്കും നിർബന്ധിതമായി കുടിയൊഴിപ്പിക്കപ്പെട്ട വ്യക്തികൾക്കും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും വേണ്ടി രാവും പകലും ശുശ്രൂഷ ചെയ്യുന്ന ജെസ്യൂട്ട് റെഫ്യൂജി സര്‍വ്വീസ് 2004-ല്‍ രാജ്യത്തു എത്തിയതോടെ അഫ്ഗാനിലെ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് കൈവന്നത്. തകർന്ന രാഷ്ട്രത്തെ വിദ്യാഭ്യാസത്തിലൂടെ പുനർനിർമ്മിക്കുന്നതിൽ അഫ്ഗാന്‍ നേതൃത്വവുമായി ചേർന്ന് പ്രവര്‍ത്തനം ആരംഭിച്ച ജെസ്യൂട്ട് വൈദികര്‍, പ്രാദേശിക ജീവനക്കാരുമായി സഹകരിച്ച്, മുന്നൂറിലധികം യുവ അധ്യാപകരെ പരിശീലിപ്പിച്ചു. ഇതിന്റെ ഫലമായി നാല് പ്രവിശ്യകളിലായി കാല്‍ ലക്ഷത്തിലധികം ആൺകുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുവാന്‍ ജെസ്യൂട്ട് റെഫ്യൂജി സര്‍വ്വീസ് സംഘടനയ്ക്കു കഴിഞ്ഞു.

മത നിയമങ്ങളുടെ പേരില്‍ ഏറ്റവും അധികം പിന്തള്ളപ്പെട്ടിരിന്ന പെണ്‍കുട്ടികളായിരിന്നു ഇതില്‍ ഭൂരിഭാഗവും. പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും നിസ്തുലമായ പ്രവര്‍ത്തനങ്ങളാണ് സഭ ഇക്കാലയളവില്‍ കാഴ്ചവെച്ചത്. ഇതിനിടെ 2014 ജൂൺ രണ്ടിനു ജെസ്യൂട്ട് റഫ്യൂജി സർവീസ് (ജെആർഎസ്) സംഘടനയുടെ അഫ്‌ഗാൻ ഡയറക്‌ടറായി പ്രവർത്തിക്കുകയായിരുന്ന തമിഴ്നാട്ടുകാരനായ ഫാ. അലക്‌സിസ് പ്രേംകുമാറിനെ താലിബാന്‍ തട്ടിക്കൊണ്ടു പോയിരിന്നു. എട്ടു മാസത്തിനു ശേഷം കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നു അദ്ദേഹം മോചിതനായി.

നിലവില്‍ രാജ്യത്തെ ജെസ്യൂട്ട് റെഫ്യൂജി സര്‍വ്വീസ് മേധാവിയും ജാര്‍ഖണ്ഡ് സ്വദേശിയുമായ ഫാ. ജെറോം സിക്വേര സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും എഴുതിയ സന്ദേശത്തിലാണ് ജെസ്യൂട്ട് റെഫ്യൂജി സര്‍വ്വീസിന്റെ വിവിധ മേഖലകളിലെ എല്ലാ ശുശ്രൂഷകരുടെയും ജീവനക്കാരുടെയും പ്രവർത്തനങ്ങളും അനിശ്ചിതകാലത്തേക്ക് നിർത്തിവച്ച കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ജനാധിപത്യ വിശ്വാസികള്‍ ഒരുമിച്ച്കൂടിയപ്പോള്‍ നടത്തിയ വെടിവെയ്പ്പ്, താലിബാന്‍ തീവ്രവാദികളുടെ തീവ്ര നിലപാടുകളില്‍ ഇതുവരെ മാറ്റം വന്നിട്ടില്ലെന്നാണ് സൂചിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള സാധ്യത ഏറെ അകലെയാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 684