News

ഈസ്റ്റര്‍ സ്ഫോടനക്കേസിലെ സര്‍ക്കാര്‍ നിസംഗത: കരിദിനാചരണം നടത്തി ശ്രീലങ്കന്‍ സഭയുടെ പ്രതിഷേധം

പ്രവാചകശബ്ദം 23-08-2021 - Monday

കൊളംബോ: രണ്ടു വര്‍ഷം മുന്‍പ് ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും നിരവധിപേരുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടന പരമ്പരക്കേസിൽ ശ്രീലങ്കൻ ഭരണകൂടം തുടരുന്ന നിഷ്ക്രിയത്വത്തിനെതിരെ കരിദിനാചരണം നടത്തി ശ്രീലങ്കന്‍ സഭയുടെ പ്രതിഷേധം. ഓഗസ്റ്റ് 21ന് നീതി നിഷേധത്തിനെതിരെ ദേവാലയങ്ങളിലും ഭവനങ്ങളിലും കറുത്ത കൊടികൾ ഉയര്‍ത്തിയും പ്രത്യേക പ്രാർത്ഥനകൾ നടത്തിയുമാണ് ക്രൈസ്തവ സമൂഹം വിഷയത്തില്‍ ഗവണ്‍മെന്റിന്റെ സമീപനങ്ങളില്‍ പ്രതിഷേധം അറിയിച്ചത്. കഴിഞ്ഞയാഴ്ച സമർപ്പിച്ചിരുന്ന കുറ്റപത്രത്തില്‍ യഥാർത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്താൻ സർക്കാർ ശ്രമിക്കുകയാണെന്നു സഭ ആരോപിച്ചിരിന്നു. ഇതേതുടര്‍ന്നാണ് ഓഗസ്റ്റ് 21 കറുത്ത പ്രതിഷേധ ദിനമായി ആചരിക്കാൻ കൊളംബോ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് ആഹ്വാനം നല്‍കിയത്.

കൊളംബോ അതിരൂപതാ ആസ്ഥാനത്ത് ക്രമീകരിച്ച ദിവ്യകാരുണ്യ ആരാധനയ്ക്ക് കർദ്ദിനാൾ മാൽക്കം രജ്ഞിത്ത് മുഖ്യകാർമികത്വം വഹിച്ചു. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ ജനപങ്കാളിത്തം ഒഴിവാക്കിയായിരുന്നു ശുശ്രൂഷകൾ. ചില പ്രദേശങ്ങളിൽ മുസ്ലീങ്ങളും ബുദ്ധമതക്കാരും സഭയുടെ പ്രതിഷേധത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കരിങ്കൊടി ഉയർത്തിയിരിന്നു. ഈസ്റ്റർ സ്ഫോടനത്തിന് പിന്നിൽ വലിയ ഗൂഡാലോചനയുണ്ടെന്നും സ്ഫോടനത്തിന് മുന്നോടിയായുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുകള്‍ പൂര്‍ണ്ണമായി അവഗണിച്ചുവെന്നും ആർച്ച് ബിഷപ്പ് കർദ്ദിനാൾ രഞ്ജിത്ത് കുറ്റപ്പെടുത്തി. ഇതിന് പിന്നിലെ ഗൂഡാലോചന വെളിപ്പെടുവാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുകയാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

2019 ഏപ്രില്‍ 21ന് ഈസ്റ്റര്‍ ദിനത്തിലാണ് രണ്ടു കത്തോലിക്ക ദേവാലയങ്ങളിലും ഒരു പ്രൊട്ടസ്റ്റന്റ് പള്ളിയിലും മൂന്ന് ഹോട്ടലുകളിലുമാണ് ചാവേര്‍ സ്‌ഫോടനങ്ങളുണ്ടായത്. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പിന്തുണയോടെ പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 258 പേര്‍ അതിദാരുണമായി കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സമാധാനപൂർണമായ സഹവർത്തിത്വത്തിലും രാഷ്ട്രനിർമിതിയിലും ക്രിയാത്മകമായും ഇടപെട്ടുകൊണ്ടിരിന്ന ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട തിരുനാൾ ദിവസം തന്നെ അക്രമികൾ സ്ഫോടനത്തിനായി തെരെഞ്ഞെടുത്തത് എന്ന വസ്തുത ഏവരെയും കണ്ണീരിലാഴ്ത്തിയിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »