News
ഈജിപ്തില്‍ 27 ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് കൂടി അനുമതി: സര്‍ക്കാര്‍ അംഗീകരിച്ച ക്രൈസ്തവ നിര്‍മ്മിതികളുടെ എണ്ണം 1958
പ്രവാചകശബ്ദം 26-08-2021 - Thursday
കെയ്റോ: ഇസ്ലാം ഭൂരിപക്ഷ രാജ്യമായ ഈജിപ്തില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ നിര്‍മ്മിക്കപ്പെട്ട ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും അനുബന്ധ കെട്ടിടങ്ങള്‍ക്കും അംഗീകാരം നല്‍കുന്നതിന്റെ ഭാഗമായി ദേവാലയങ്ങള്‍ ഉള്‍പ്പെടെ 76 ക്രിസ്ത്യന്‍ സഭാകെട്ടിടങ്ങള്‍ക്ക് കൂടി സര്‍ക്കാര്‍ അംഗീകാരം നല്‍കി. ജൂലൈ - ഓഗസ്റ്റ് മാസങ്ങളിലായി അംഗീകാരം നല്‍കിയ സഭാ കെട്ടിടങ്ങളില്‍ 27 ദേവാലയങ്ങളും, 49 അനുബന്ധ കെട്ടിടങ്ങളുമാണ് ഉള്‍പ്പെടുന്നത്. ഇതോടെ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം ഈജിപ്തില്‍ നിയമസാധുത ലഭിച്ച ദേവാലയങ്ങളുടേയും, അനുബന്ധ കെട്ടിടങ്ങളുടേയും എണ്ണം 1958 ആയി ഉയര്‍ന്നു.
ക്രൈസ്തവ ആരാധനാലയങ്ങളും, അനുബന്ധ സേവനങ്ങളും സംബന്ധിച്ച സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു അംഗീകാരം നല്‍കിയത്. ഇക്കഴിഞ്ഞ ജൂലൈ 25നാണ് ദേവാലയങ്ങളുടേയും, ബന്ധപ്പെട്ട കെട്ടിടങ്ങളുടേയും നിയമസാധുത നല്‍കുവാനുള്ള നിര്‍ദ്ദേശം ഇതുമായി ബന്ധപ്പെട്ട കമ്മിറ്റി മുന്നോട്ട് വെച്ചത്. ഓഗസ്റ്റ് 9നു മന്ത്രിസഭ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയായിരിന്നു. തീരുമാനത്തിന് ഈജിപ്ത് പ്രധാനമന്ത്രി മൊസ്തഫ മാഡ്ബൗലി അംഗീകാരം നല്‍കി. 2016 ഓഗസ്റ്റ് 30നാണ് ഈജിപ്ത് പാര്‍ലമെന്റ് ക്രിസ്ത്യന്‍ ആരാധനാലയങ്ങളുടെ നിര്‍മ്മാണവും പരിപാലനവുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണം നടത്തിയത്.
അന്നുമുതല്‍ ഇക്കാലയളവില്‍ ഇതിനായി രൂപീകരിച്ച സര്‍ക്കാര്‍ കമ്മിറ്റി 20 പ്രാവശ്യം യോഗം ചേര്‍ന്നു. ഓരോ യോഗത്തിലും കൂടുതല്‍ ദേവാലയങ്ങള്‍ക്ക് നിയമ അംഗീകാരം നല്‍കുവാനുള്ള തീരുമാനങ്ങളും ഉണ്ടായി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 12ന് ദേവാലയങ്ങളും, അനുബന്ധ കെട്ടിടങ്ങളും ഉള്‍പ്പെടെ 82 കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയതാണ് ഇതിനു മുന്‍പ് സ്വീകരിച്ച നടപടി. അംഗീകാരം ലഭിച്ച ദേവാലയങ്ങളില്‍ ഭൂരിഭാഗവും പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് നിര്‍മ്മിക്കപ്പെട്ടവയാണ്. മുന്‍കാലങ്ങളില്‍ ഈജിപ്തില്‍ ദേവാലയനിര്‍മ്മാണത്തിനു വേണ്ട അനുമതി ലഭിക്കുക ബുദ്ധിമുട്ടേറിയ കാര്യമായതിനാല്‍, അനുമതിയില്ലാതെയാണ് ക്രൈസ്തവര്‍ ദേവാലയങ്ങള്‍ നിര്‍മ്മിച്ചിരുന്നത്.
ഇപ്പോഴും അത്തരം ദേവാലയങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട്. ഇത് ക്രൈസ്തവരെ ആക്രമിക്കുവാനുള്ള ഭൂരിപക്ഷ സമൂഹമായ ഇസ്ലാമിലെ ചില തീവ്ര നിലപാടുകാരുടെ പ്രധാന ആയുധവുമായിരുന്നു. 1934-ലെ ഓട്ടോമന്‍ നിയമസംഹിതക്കൊപ്പം ചേര്‍ക്കപ്പെട്ട 10 നിയമങ്ങള്‍ അനുസരിച്ച് ഈജിപ്തില്‍ ക്രിസ്ത്യന്‍ ദേവാലയ നിര്‍മ്മാണം വളരെയേറെ സങ്കീര്‍ണ്ണമായൊരു പ്രക്രിയയായിരുന്നു. സ്കൂളുകള്‍ക്കും, കനാലുകള്‍ക്കും, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും, റെയില്‍വേക്കും, പാര്‍പ്പിട സമുച്ചയങ്ങള്‍ക്കും സമീപം ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നത് നിരോധിച്ചതിന് പുറമേ, പുതിയ ദേവാലയ നിര്‍മ്മാണത്തിന് പ്രസിഡന്റിന്റെ ഉത്തരവും ആവശ്യമായിരുന്നു. എന്നാല്‍ 2016-ലെ പുതിയ നിയമനിര്‍മ്മാണത്തിന് ശേഷം സങ്കീര്‍ണ്ണമായ ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിവായിട്ടുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക