Arts - 2025
സിനിമകളിലെ ക്രൈസ്തവ വിരുദ്ധത: സഭയുടെ നിലപാടെന്ത്?
കെസിബിസി ജാഗ്രത കമ്മീഷൻ 27-08-2021 - Friday
ഈ നാളുകളിൽ സിനിമകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ, 9/8/2021-ൽ പുറപ്പെടുവിച്ച പ്രസ്താവനയിലൂടെ കെ സി ബി സി സ്വീകരിച്ച നിലപാടുകൾ ശ്രദ്ധേയമാണ്. (i) ഒരു സമൂഹത്തിന്റെ മതവിശ്വാസങ്ങളെയും വിശുദ്ധ ബിംബങ്ങളെയും ബോധപൂർവ്വം അവമതിക്കുന്നതും അവഹേളനാപരമായി ചിത്രീകരിക്കുന്നതും സംസ്കാരസമ്പന്നമായ സമൂഹത്തിന് ഭൂഷണമല്ല. സാമുദായിക മൈത്രിക്ക് ദോഷം വരുന്ന രീതിയിലുള്ള ഇടപെടലുകൾ ചലച്ചിത്രപ്രവർത്തകരുടെയും കലാകാരന്മാരുടെയും ഭാഗത്തുനിന്ന് ഉണ്ടാവരുത്. (ii) ഇത്തരം ശ്രമങ്ങളോടുള്ള സഭാ തനയരുടെ പ്രതികരണം ക്രൈസ്തവമായിരിക്കണം.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി കേരളത്തിൽ സാമുദായിക ധ്രുവീകരണം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാമുദായിക മൈത്രി പുനഃസ്ഥാപിക്കാൻ കേരളകത്തോലിക്കാ സഭാ നേതൃത്വം വിവിധ തലങ്ങളിലൂടെ ശ്രമിക്കുന്നുണ്ട്. ഇത്തരമൊരു ഘട്ടത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ചിലതാണ് സിനിമയുമായി ബന്ധപ്പെട്ട് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളേയും സഭാ സംവിധാനങ്ങളെയും അവഹേളിക്കാനും അപമാനിക്കാനുമുള്ള ചില കേന്ദ്രങ്ങളുടെ വർഷങ്ങളായുള്ള ശ്രമങ്ങളെക്കുറിച്ച് സഭയിന്ന് ബോധവതിയാണ്. ക്രൈസ്തവ വിരുദ്ധതയും, ക്രൈസ്തവ വിശ്വാസത്തോടുള്ള അവഹേളനങ്ങളും മലയാളസിനിമയിൽ പതിവായി മാറിയിരിക്കുന്ന സാഹചര്യത്തിൽ, ഒരേ സംവിധായകന്റെ രണ്ടു ചിത്രങ്ങൾ അടുത്തടുത്ത് പ്രഖ്യാപിക്കപ്പെട്ടപ്പോൾ, ആ രണ്ട് സിനിമകളുടെയും പേരുകൾ പ്രത്യക്ഷത്തിൽ തന്നെ ക്രൈസ്തവ പശ്ചാത്തലവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിശ്വാസികൾ മനസിലാക്കിയതിനെ തുടർന്നാണ് പ്രതികരണങ്ങൾ ഉണ്ടായത്.
“ഈശോ” എന്ന പേരിലുള്ള സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെകുറിച്ച് സംസാരിക്കാൻ സംവിധായകൻ നാദിർഷായും നടൻ ടിനി ടോമും 16/08/2021-ൽ കെസിബിസി ആസ്ഥാനമന്ദിരത്തിൽ എത്തിയപ്പോൾ, ഇത്തരം നടപടികൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെയും, വിശ്വാസവുമായി ബന്ധപ്പെട്ട് ഒരു വലിയ വിഭാഗത്തിനുണ്ടാകുന്ന വേദനകളെയും പരിഗണിച്ച് ക്രൈസ്തവർക്ക് ഏറ്റവും പ്രധാനപ്പെട്ട ഈശോ എന്ന നാമം സിനിമയുടെ ടൈറ്റിലായി ഉപയോഗിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറണമെന്ന അഭ്യർത്ഥന സ്നേഹപൂർവ്വം അറിയിച്ചിരുന്നു. ജയത്തിന്റെയോ തോൽവിയുടെയോ വിഷയമല്ല ഇതെന്നും, ക്രിയാത്മകമായ ഇടപെടലുകളിലൂടെ സാമുദായിക സൗഹൃദം കാത്തുസൂക്ഷിക്കാനുള്ള പ്രതിബദ്ധതയാണ് നാം നിറവേറ്റേണ്ടതെന്നുമാണ് സഭയുടെ പക്ഷം.
സ്വസമുദായത്തിലും പൊതുസമൂഹത്തിലും സ്നേഹത്തിനും സാഹോദര്യത്തിനും സഹവർത്തിത്വത്തിനും എതിരായിട്ടുള്ള ആശയ സംഹിതകളെയും പ്രസ്ഥാനങ്ങളെയും മുന്നേറ്റങ്ങളെയും അംഗീകരിക്കേണ്ടതില്ലെന്നും, അവ തിരുത്തപ്പെടേണ്ടതാണെന്നുമുള്ള വ്യക്തവും ശക്തവുമായ നിലപാടാണ് കത്തോലിക്കാ സഭ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മതപരവും രാഷ്ട്രീയപരവുമായ വിഘടിത-വിധ്വംസക തീവ്രവാദപ്രവർത്തനങ്ങളെ, ഒരു നല്ല ഇന്നിനും നാളേക്കും വേണ്ടി സഭ എതിർക്കുക തന്നെ ചെയ്യും. ഈ നിലപാട് വ്യക്തമാക്കുന്നതിനോടൊപ്പം തന്നെ, വർഗീയതയുടെയും, വിഭാഗീയതയുടെയും, വിശ്വാസ അവമതിയുടെയുമൊക്ക കുത്സിത ശ്രമങ്ങൾ ആവിഷ്കാരസ്വാതന്ത്ര്യവാദം മുഴക്കി നടപ്പിലാക്കാമെന്നും ന്യായീകരിക്കാമെന്നും ഇനിയും കരുതുന്നത് പ്രതിഷേധാർഹമാണ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)