News - 2025

അഫ്ഗാനിലെ ക്രൈസ്തവരുടെ കാര്യത്തില്‍ കടുത്ത ആശങ്ക: പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി യു‌എസ് മെത്രാന്‍

പ്രവാചകശബ്ദം 28-08-2021 - Saturday

സ്റ്റ്യൂബന്‍വില്ല: ഇസ്ലാമിക ശരിയത്ത് നിയമം അടിച്ചേല്‍പ്പിക്കുന്ന തീവ്ര ഇസ്ലാമികവാദികളായ താലിബാന്റെ കീഴില്‍ അഫ്ഗാനിസ്ഥാനിലെ മതന്യൂനപക്ഷമായ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുമോ എന്ന ആശങ്ക ശക്തമാകുന്നതിനിടയില്‍ തിരുസഭയുടെ മക്കള്‍ അഫ്ഗാനിസ്ഥാനിലെ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി തങ്ങളുടെ ഏറ്റവും ശക്തമായ ആയുധമായ പ്രാര്‍ത്ഥന പ്രയോഗിക്കണമെന്ന ആഹ്വാനവുമായി അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍. ഒഹിയോ സംസ്ഥാനത്തിലെ സ്റ്റ്യൂബന്‍വില്ലെയിലെ മെത്രാനായ ജെഫ്രി മോണ്‍ഫോര്‍ട്ടണ്‍ ആണ് അഫ്ഗാനിസ്ഥാനിലെ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും വേണമെന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹത്തോട് ആഹ്വാനം ചെയ്തിരിക്കുന്നത്.

അഫ്ഗാനിലെ അവസ്ഥയുടെ കാര്യത്തില്‍ നാം നിശബ്ദത പാലിച്ചാല്‍ നമ്മളും ഈ അടിച്ചമര്‍ത്തലില്‍ പങ്കാളികളാകും. “നിങ്ങള്‍ ഒരുപക്ഷേ സമൂഹമാധ്യമങ്ങളില്‍ കണ്ടിരിക്കാം. താലിബാന്‍ നിയന്ത്രണമേറ്റെടുക്കുന്നതോടെ അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവര്‍ അധികം താമസിയാതെ തന്നെ ‘യേശുവിനെ കാണും’ എന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ ശക്തമായികൊണ്ടിരിക്കുകയാണ്. തങ്ങളുടെ സഹോദരീ-സഹോദരന്‍മാര്‍ക്ക് വേണ്ടി മാധ്യസ്ഥ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്ന തിരക്കിലാണ് അമേരിക്കയിലെമ്പാടുമുള്ള ക്രിസ്ത്യാനികള്‍. ബലപ്രയോഗത്തിനല്ല ഐക്യത്തിനുവേണ്ടിയാണ് നമ്മള്‍ പ്രാര്‍ത്ഥിക്കേണ്ടതെന്നും ബിഷപ്പ് പറഞ്ഞു. ഇതാദ്യമായല്ല ക്രൈസ്തവ സമൂഹം മതപീഡനത്തിനിരയാകുന്നതെന്നും, ഇത് ഇവിടം കൊണ്ട് അവസാനിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

സമീപ വര്‍ഷങ്ങളില്‍ താന്‍ നടത്തിയ ഇറാഖ് സന്ദര്‍ശനത്തിനിടയില്‍ തന്റെ തിരുവസ്ത്രത്തിന്റെ പേരില്‍ തന്നെ ആരും എതിര്‍ക്കാന്‍ വന്നില്ല. എല്ലാ മതങ്ങളും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നുണ്ട്. ഈയൊരു അവസ്ഥയാണ് താലിബാന്റെ കീഴില്‍ അഫ്ഗാനിസ്ഥാനില്‍ സംജാതമാകേണ്ടത്. ഇവിടുത്തെ മതസ്വാതന്ത്ര്യം ചിലപ്പോള്‍ ദുര്‍ബ്ബലമാകാറുണ്ടെങ്കിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മതസ്വാതന്ത്ര്യം പത്തിലൊന്നായി കുറഞ്ഞുവരികയാണ്. മുട്ടുകുത്തി പ്രാര്‍ത്ഥിക്കുകയാണ് ഏറ്റവും നല്ല ആയുധമെന്നും ഇരുണ്ട നിമിഷങ്ങളിലായിരിക്കും ചിലപ്പോള്‍ പ്രകാശം ശക്തമായി തിളങ്ങുന്നതെന്നും കൂട്ടിച്ചേര്‍ത്തു. 2019 മുതല്‍ മധ്യ-കിഴക്കന്‍ യൂറോപ്യന്‍ സഭയെ സഹായിക്കുന്നതിനു വേണ്ടിയുള്ള അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ഉപകമ്മിറ്റി അധ്യക്ഷനായി സേവനം ചെയ്ത വ്യക്തിയാണ് ബിഷപ്പ് മോണ്‍ഫോര്‍ട്ടണ്‍.


Related Articles »