Life In Christ

രാത്രി പകലാക്കി പ്രാര്‍ത്ഥന, നെഞ്ചില്‍ തീയുമായി ക്രൈസ്തവര്‍ ഒളിവു ജീവിതം തുടരുന്നു: അഫ്ഗാനില്‍ നിന്ന്‌ കരളലിയിക്കുന്ന റിപ്പോര്‍ട്ട്

പ്രവാചകശബ്ദം 31-08-2021 - Tuesday

കാബൂള്‍: ഇസ്ലാമിക തീവ്രവാദികളായ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു ആഴ്ചകളായി ക്രൈസ്തവ സമൂഹം നയിച്ചു വരുന്നതു ഒളിവുജീവിതമാണെന്ന റിപ്പോര്‍ട്ട് പുറത്ത്. തങ്ങളുടെ പക്കല്‍ പാസ്പോര്‍ട്ടോ, യു.എസ് സര്‍ക്കാര്‍ നല്‍കുന്ന എക്സിറ്റ് പേപ്പറുകളോ ഇല്ലാത്തതിനാല്‍ ഓരോ മണിക്കൂര്‍ കഴിയുമ്പോഴും രക്ഷപ്പെടുമെന്ന തങ്ങളുടെ പ്രതീക്ഷകള്‍ നശിച്ചു വരികയാണെന്നും 12 ക്രൈസ്തവര്‍ക്കൊപ്പം കാബൂളിലെ ഒരു വീട്ടില്‍ രഹസ്യമായി താമസിക്കുന്ന ജായുദ്ദീന്‍ (സുരക്ഷാഭീഷണി നിലനില്‍ക്കുന്നതിനാല്‍ പേര് യഥാര്‍ത്ഥമല്ല) യു‌എസ് ആസ്ഥാനമായ സി.ബി.എന്‍ ന്യൂസിനോട് വെളിപ്പെടുത്തി.

താലിബാന്‍ വന്നു തങ്ങളുടെ വാതില്‍ക്കല്‍ മുട്ടുന്നുണ്ടെങ്കില്‍ മറ്റുള്ളവരെ ഉണര്‍ത്തുവാന്‍ രാത്രികളില്‍ തങ്ങളില്‍ ഒരാള്‍ പ്രാര്‍ത്ഥനയോടെ ഉണര്‍ന്നിരിക്കുകയാണ് പതിവെന്നും ജായുദ്ദീന്‍ പറഞ്ഞു. ഓരോ ദിവസവും തനിക്ക് ഒരു പ്രൈവറ്റ് നമ്പറില്‍ നിന്നും താലിബാന്‍ തീവ്രവാദി ഫോണ്‍ ചെയ്യാറുണ്ട്, തന്നെ വീണ്ടും കണ്ടാല്‍ ശിരച്ചേദം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണ് അയാള്‍. ഞങ്ങളുടെ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനുമായി കർത്താവ് തന്റെ മാലാഖമാരെ തങ്ങളുടെ ഭവനത്തിന് ചുറ്റും ഏര്‍പ്പെടുത്തുവാന്‍ വേണ്ടിയും, രാജ്യത്ത് സമാധാനം ഉണ്ടാകുവാന്‍ വേണ്ടിയും പരസ്പരം പ്രാര്‍ത്ഥിക്കുവാന്‍ മാത്രമാണ് തങ്ങള്‍ക്ക് കഴിയുന്നത്. തനിക്ക് മരിക്കാന്‍ ഭയമില്ലെന്നും തന്റെ രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നാണ് ലോകത്തോട്‌ തനിക്ക് പറയുവാനുള്ളതെന്നും ജായുദ്ദീന്‍ പറഞ്ഞു.

തങ്ങളുടെ മറ്റ് സഹോദരീ-സഹോദരന്മാരുമായി സുവിശേഷം പങ്കുവെക്കുവാന്‍ തങ്ങള്‍ക്ക് നിരവധി പദ്ധതികള്‍ ഉണ്ടായിരിന്നുവെന്നും താലിബാന്റെ പെട്ടെന്നുള്ള വരവ് എല്ലാം തകിടം മറിച്ചെന്നും തങ്ങള്‍ ഇപ്പോള്‍ താലിബാന്റെ നോട്ടപ്പുള്ളികളാണെന്നും ക്രിസ്ത്യന്‍ നേതാവായ സാറാ വെളിപ്പെടുത്തി. അതേസമയം അമേരിക്കന്‍ സൈന്യം പൂര്‍ണ്ണമായി അഫ്ഗാനിസ്ഥാന്‍ വിട്ടതോടെ ക്രൈസ്തവരുടെ മുന്നില്‍ ഇനിയെന്ത് എന്ന ചോദ്യം മാത്രമേ അവശേഷിക്കുന്നുള്ളൂ. ‘ശരിയത്ത്’ എന്ന കര്‍ക്കശമായ ഇസ്ലാമിക നിയമങ്ങള്‍ താലിബാന്‍ നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് ക്രൈസ്തവര്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങളെയാണ്. ബുര്‍ഖ ധരിക്കാത്ത ഒറ്റസ്ത്രീകള്‍ക്കും നിലവില്‍ താലിബാന്‍ കൈയയടക്കിയ രാജ്യത്തു എവിടേയും സഞ്ചാരസ്വാതന്ത്ര്യമില്ല. ജന്മം കൊണ്ട് ഇസ്ലാം മതം പിന്തുടരുന്നവരില്‍ പോലും താലിബാന്‍ കടുത്ത മതഭരണം അടിച്ചമര്‍ത്തുമ്പോള്‍ വരാന്‍ പോകുന്നത് കൊടിയ പീഡനങ്ങളുടെ ദിനമാണെന്ന തിരിച്ചറിവോടെ പ്രാര്‍ത്ഥനയില്‍ മാത്രം ആശ്രയിച്ച് കഴിയുകയാണ് അഫ്ഗാനിലെ ക്രൈസ്തവര്‍.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 64