Life In Christ

താലിബാന്‍ ക്രൂരതയ്ക്കിടയിലും ഭിന്നശേഷിക്കാരായ കുട്ടികളെ ജീവന്‍ പണയംവെച്ച് സംരക്ഷിച്ച് അഫ്ഗാനിലെ കന്യാസ്ത്രീകള്‍

പ്രവാചകശബ്ദം 05-08-2021 - Thursday

കാബൂള്‍: അമേരിക്കയും പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയും അഫ്ഗാനിസ്ഥാനിൽനിന്നു സൈനികരെ പിൻവലിച്ചതോടെ താലിബാൻ ക്രൂരമായ ആക്രമണം അഴിച്ചുവിടുമ്പോള്‍ സ്വജീവന്‍ പണയംവെച്ചു ഭിന്നശേഷിക്കാരായ കുട്ടികളെ സംരക്ഷിച്ച് കത്തോലിക്ക സന്യാസിനികള്‍. തീവ്രവാദ ഭീഷണിയിലും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി അഫ്ഗാനിസ്ഥാനില്‍ തുടരുവാനുള്ള അടിയുറച്ച തീരുമാനമെടുത്തവരില്‍ ഭാരതത്തില്‍ നിന്നുള്ള കന്യാസ്ത്രീയും ഉള്‍പ്പെടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയില്‍ നിന്നുള്ള ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് മേരി’ സഭാംഗമായ സിസ്റ്റര്‍ തെരേസ്യാ ക്രാസ്റ്റാ, പാക്കിസ്ഥാന്‍ സ്വദേശിനിയും ‘സിസ്റ്റര്‍ ഓഫ് ചാരിറ്റി ഓഫ് സെന്റ്‌ ജോവാന്‍ ആന്റിഡ’ സഭാംഗവുമായ സിസ്റ്റര്‍ ഷഹ്നാസ് ഭാട്ടിയുമാണ്‌ ഭിന്നശേഷിക്കാരായ കുട്ടികളെ പ്രതി അഫ്ഗാനിസ്ഥാനില്‍ തുടരുന്നത്.

ഇസ്ലാമിക തീവ്രവാദി സംഘടനയായ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്നതിനിടയില്‍ ജീവന്‍ പണയംവെച്ചു കൊണ്ടാണ് കന്യാസ്ത്രീകള്‍ ശക്തമായ തീരുമാനമെടുത്തിരിക്കുന്നത്. കുട്ടികളുടെ സംരക്ഷണാര്‍ത്ഥവും സാധാരണക്കാര്‍ക്കിടയില്‍ കഴിയുവാനുള്ള ആഗ്രഹവും കൊണ്ടാണ് സുരക്ഷാ മേഖലകളിലേക്ക് മാറാതെ ഇവിടെത്തന്നെ തുടരുന്നതെന്നു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സന്യാസിനികള്‍ വെളിപ്പെടുത്തി. “സേവ് അഫ്ഗാന്‍ ചില്‍ഡ്രന്‍” എന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ആഹ്വാനമനുസരിച്ച് കാബൂളില്‍ സ്ഥാപിക്കപ്പെട്ട പ്രൊ ബാംബിനി ദി കാബൂള്‍ (പി.ബി.കെ) സ്കൂളിലാണ് ഇരുവരും സേവനം ചെയ്യുന്നത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള അഫ്ഗാനിസ്ഥാനിലെ ഇത്തരത്തിലുള്ള ഏക സ്ഥാപനമാണിത്.

ആറിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള അന്‍പതോളം കുട്ടികളാണ് ഇവിടെ ഉള്ളത്. ഇവരില്‍ ചിലര്‍ക്ക് ഡൌണ്‍ സിന്‍ഡ്രോം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുമുണ്ട്. പ്രതികൂലമായ സാഹചര്യത്തിലും ഇവരുടെ ഉന്നമനമാണ് തങ്ങളുടെ ലക്ഷ്യമെന്നു സിസ്റ്റര്‍ തെരേസ്യ ഏഷ്യാന്യൂസിനോട് വെളിപ്പെടുത്തി. പാവപ്പെട്ട വീടുകളില്‍ നിന്നുള്ള കുട്ടികളാണിവരെന്നും, ഗര്‍ഭാവസ്ഥയില്‍ ഏല്‍ക്കുന്ന ശാരീരിക മാനസികാഘാതങ്ങള്‍ കാരണം ജന്മനാതന്നെ മാനസിക-ശാരീരിക വൈകല്യങ്ങളുള്ള കുട്ടികള്‍ ജനിക്കുന്നത് അഫ്ഗാനിസ്ഥാനില്‍ സാധാരണമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ഫോടനങ്ങളെ അനുദിനം അഭിമുഖീകരിക്കേണ്ടി വന്ന പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികളാണിവരെന്നു സിസ്റ്റര്‍ ഷഹ്നാസ് ഭാട്ടി വെളിപ്പെടുത്തി.

സ്ത്രീകളെ രണ്ടാംതരം പൗരന്‍മാരായി കാണുന്ന ഒരു ഭരണത്തിലേക്ക് രാഷ്ട്രം വഴുതിവീഴുമെന്ന ആശങ്കകള്‍ ശക്തമായ സാഹചര്യത്തിലും കന്യാസ്ത്രീകള്‍ തങ്ങളുടെ സ്കൂളില്‍ 60 കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയിട്ടുണ്ട്. വിശ്വാസം പരസ്യമായി പ്രകടിപ്പിക്കുവാന്‍ കഴിയില്ലെങ്കിലും തങ്ങള്‍ ക്രിസ്ത്യാനികളാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാമെന്നും, ആവശ്യക്കാരെ സഹായിക്കുന്ന കാരണത്താല്‍ ജനങ്ങള്‍ തങ്ങളെ ബഹുമാനിക്കുന്നുണ്ടെന്നും, തങ്ങള്‍ക്കിവിടെ ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടെന്നും ബാക്കിയെല്ലാം ദൈവത്തിന്റെ കരങ്ങളിലാണെന്നുമാണ് ഈ കന്യാസ്ത്രീമാര്‍ പറയുന്നത്. അതേസമയം താലിബാന്‍ രാജ്യമെമ്പാടും കനത്തപ്രഹരമാണ് ഏല്‍പ്പിച്ചുക്കൊണ്ടിരിക്കുന്നത്. താലിബാന്റെ ആധിപത്യത്തിന്റെ വേഗത ഞെട്ടിപ്പിക്കുന്നതാണെന്നും തലസ്ഥാനനഗരമായ കാബൂളിന്റെ വീഴ്ചയായിരിക്കും അടുത്തതെന്നും ‘സി.എന്‍.എന്‍’ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഈ സാഹചര്യത്തിലാണ് സന്യാസിനികള്‍ നിസ്തുലമായ സേവനം തുടരുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 64