Life In Christ - 2024

മുംബൈ തെരുവുകളില്‍ നിന്ന് വീണ്ടെടുത്തത് നാല്‍പ്പതിനായിരത്തോളം കുട്ടികളെ: ഫാ. പ്ലാസിഡോ ഫോണ്‍സെകയുടെ ഓര്‍മ്മകളില്‍ തെരുവും നഗരവും

പ്രവാചകശബ്ദം 06-08-2021 - Friday

മുംബൈ തെരുവുകളില്‍ ഒറ്റപ്പെട്ട് പോയ പതിനായിരകണക്കിന് കുരുന്നു ബാല്യങ്ങള്‍ക്ക് പുതുജീവിതം സമ്മാനിച്ച ജെസ്യൂട്ട് വൈദികന്‍ ഫാ. പ്ലാസിഡോ ഫോണ്‍സെകയുടെ ഓര്‍മ്മകളില്‍ തെരുവും നഗരവും. ഏതാനും വര്‍ഷങ്ങളായുള്ള കാന്‍സറിനോടുള്ള പോരാട്ടം അവസാനിപ്പിച്ചു ഇക്കഴിഞ്ഞ ജൂലൈ 31-നാണ് ഈ വന്ദ്യ വൈദികന്‍ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. മരണത്തിന് ശേഷം വൈദികന്റെ ത്യാഗസേവന നിര്‍ഭരമായ ജീവിതത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ സ്ക്രോള്‍ അടക്കമുള്ള ദേശീയ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെടുകയാണ്. 1962-ല്‍ സ്പാനിഷ് വൈദികനായ ഫാ. റിക്കാര്‍ഡോ ഫ്രാന്‍സിസ് എസ്.ജെ ആരംഭിച്ച സ്‌നേഹസദനില്‍ ഫാ. പ്ലാസിഡോ എത്തിച്ചേരുന്നത് എട്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ്- കൃത്യമായി പറഞ്ഞാല്‍- 1970.

പിന്നീടുള്ള കാലയളവ് സ്നേഹസദന്‍ തുടച്ചുനീക്കിയത് ആയിരങ്ങളുടെ കണ്ണീരായിരിന്നു. രാവും പകലും നടത്തിയ ഇടപെടലുകളുടെ ഫലമായി 40,000-ത്തോളം കുട്ടികളെ തെരുവില്‍നിന്നും വീണ്ടെടുക്കാന്‍ ഫാ. പ്ലാസിഡോയ്ക്ക് കഴിഞ്ഞു. 1970 മുതല്‍ 2013 വരെയുള്ള 43 വര്‍ഷ കാലയളവില്‍ 36 വര്‍ഷവും സ്‌നേഹസദന്റെ ഡയറക്ടായിരുന്നു അദ്ദേഹം. അനാഥബാല്യങ്ങളുടെ കണ്ണീരും ഒറ്റപ്പെടലും കൂടുതല്‍ സ്നേഹസദനുകള്‍ സ്ഥാപിക്കുവാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കി. തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മുംബൈയുടെ വിവിധ ഭാഗങ്ങളിലായി 12 സ്‌നേഹസദനുകള്‍ ഉയര്‍ന്നു. തികഞ്ഞ കുടുംബാന്തരീക്ഷത്തില്‍ കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസവും കരുതലും കൊണ്ട് ഓരോ കുട്ടിയുടെയും ജീവിതം മാറ്റിമറിക്കുവാന്‍ അദ്ദേഹത്തിനായി. 20 മുതല്‍ 30 കുട്ടികള്‍ വരെയാണ് സ്നേഹസദനിലെ ഒരു ഹൗസിലുള്ളത്.

പഠനം പൂര്‍ത്തിയാക്കി ഉന്നതവിദ്യാഭ്യാസം സ്വന്തമാക്കി വളരെ ഉയര്‍ന്ന ജോലിയും കരസ്ഥമാക്കി ജീവിക്കുന്ന അനേകം പേരെ വാര്‍ത്തെടുക്കുവാന്‍ ഈ വൈദികന് കഴിഞ്ഞിരിന്നു. 1985-ല്‍ ശിശുക്ഷേമ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. രാജ്യത്തെ ജൂവനൈല്‍ ജസ്റ്റിസ് ആക്ടിന് രൂപം നല്‍കാന്‍ നിയോഗിക്കപ്പെട്ട കമ്മറ്റിയില്‍ ഫാ. പ്ലാസിഡോയെ ഭരണകൂടം തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ ജീവിതകാലയളവിലെ നിസ്തുലമായ സേവനം പരിഗണിച്ചതു ഒന്നുകൊണ്ട് മാത്രമായിരിന്നു. ഫ്രാന്‍സ് ആസ്ഥാനമായ അന്തര്‍ദേശീയ കാത്തലിക് ചൈല്‍ഡ് ബ്യൂറോയില്‍ അംഗമായിരുന്ന ഇദ്ദേഹത്തിന് അന്തര്‍ദേശിയ കണ്‍വെന്‍ഷനില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 64