Life In Christ

മാതൃക: ഗാസയിലെ ആണ്‍കുട്ടിക്ക് കിഡ്നി ദാനം ചെയ്ത് ഇസ്രായേലി വനിത, മറ്റൊരു ഇസ്രായേലി പൗരയ്ക്കു കിഡ്നി പകുത്തു നല്‍കി കുട്ടിയുടെ പിതാവും

പ്രവാചകശബ്ദം 18-08-2021 - Wednesday

ജെറുസലേം: ആഗോള തലത്തില്‍ വലിയ ചര്‍ച്ചയായി മാറിയ ഇസ്രായേല്‍ - ഗാസ സംഘര്‍ഷങ്ങള്‍ക്കിടെ സ്നേഹത്തിന്റെ മഹത്തായ മാതൃകയുമായി ഇസ്രായേലി വനിതയും പലസ്തീനിലെ യുവാവും. വന്‍ പാര്‍ട്ടികളും ആഘോഷവുമായി അന്‍പതാം ജന്മദിനമാഘോഷിക്കുന്ന ഇക്കാലത്ത് തന്റെ കിഡ്നി മറ്റൊരാള്‍ക്ക് ദാനം ചെയ്തുകൊണ്ട് വളരെ വ്യത്യസ്തമായ രീതിയില്‍ അന്‍പതാം ജന്മദിനമാഘോഷിച്ച ഇദിത്ത് ഹാരെല്‍ സെഗാള്‍ എന്ന ഇസ്രായേലി വനിതയും പലസ്തീനിലെ ഒരു യുവാവുമാണ് മാധ്യമ ശ്രദ്ധ നേടുന്നത്. ഗാസ മുനമ്പിലെ ഒരു ആണ്‍കുട്ടിയ്ക്കാണ് ഇദിത്ത് തന്റെ കിഡ്നി ദാനം ചെയ്തത്. ഗാസയിലെ കുട്ടിയുടെ കുടുംബത്തിലുള്ള ആരെങ്കിലും ഇസ്രായേലിലുള്ള ആള്‍ക്ക് കിഡ്നി ദാനം ചെയ്യുകയാണെങ്കില്‍ അത് വലിയ സന്ദേശമാകുമെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നു സെഗാള്‍ കിഡ്നി ദാനം ചെയ്ത അതേ ദിവസം തന്നെ കുട്ടിയുടെ പിതാവിന്റെ കിഡ്നി ഇസ്രായേലിലെ 2 കുട്ടികളുടെ അമ്മയായ സ്ത്രീക്ക് നല്‍കിയിരിന്നു. എല്ലാവരും സുഖം പ്രാപിച്ചുവരികയാണ്.

ജീവന്‍ സംരക്ഷിക്കുന്നതിനേക്കാള്‍ മഹത്തായ പ്രവര്‍ത്തിയില്ലെന്ന തന്റെ അന്തരിച്ച മുത്തച്ചന്റെ വാക്കുകളാണ് കിഡ്നി ദാനം ചെയ്യുവാന്‍ പ്രചോദനമായതെന്നു ഇദിത്ത് പറഞ്ഞു. കിഡ്നി ദാനം ചെയ്യണമെന്ന ആഗ്രഹവുമായി കിന്റര്‍ഗാര്‍ട്ടന്‍ അധ്യാപികയായ സെഗാള്‍ കിഡ്നി ദാതാക്കളും, സ്വീകര്‍ത്താക്കളും അടങ്ങുന്ന ഗ്രൂപ്പുമായി ബന്ധപെടുകയായിരുന്നു. അങ്ങിനെ ഒന്‍പതു മാസങ്ങള്‍ നീണ്ട നടപടിക്രമങ്ങള്‍ ഗാസയിലെ ബാലന് കിഡ്നി ദാനം ചെയ്യുന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്.

“നിനക്ക് എന്നെ അറിയില്ല, പക്ഷേ അധികം താമസിയാതെ നീ എന്നോടു ഒരുപാട് അടുക്കും, കാരണം എന്റെ കിഡ്നി നിന്റെ ശരീരത്തിന്റെ ഭാഗമാകുവാന്‍ പോവുകയാണ്. ഈ സര്‍ജറി വിജയമാവുമെന്നും, നീണ്ടകാലം അര്‍ത്ഥപൂര്‍ണ്ണമായ ജീവിതം ജീവിക്കണമെന്നും പൂര്‍ണ്ണ ഹൃദയത്തോടെ ഞാന്‍ പ്രതീക്ഷിക്കുന്നു. സമാധാനത്തിനും സ്നേഹത്തിനും വേണ്ടിയുള്ള പ്രതീക്ഷ ഞാന്‍ കാണുന്നു. നമ്മെപോലെ ഒരുപാട് പേരുണ്ടെങ്കില്‍ യുദ്ധം ചെയ്യേണ്ടതിന്റെ ആവശ്യമേ വരില്ല”- സെഗാള്‍ തന്റെ കിഡ്നിയുടെ സ്വീകര്‍ത്താവായ ആണ്‍കുട്ടിയുടെ കുടുംബത്തിനു നേരത്തെ കത്തില്‍ പറയുന്നു.

കുടുംബത്തിന്റെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് സെഗാള്‍ ഗാസയിലെ കുട്ടിക്ക് കിഡ്നി ദാനം ചെയ്യുന്നത്. ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കകളും പാലസ്തീനിയന്‍ ആക്രമണങ്ങളില്‍ ഇവരുടെ കുടുംബത്തിലെ ചിലരുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുള്ളതുമാണ് കുടുംബത്തിന്റെ എതിര്‍പ്പിനു കാരണമായത്. പലസ്തീനിയന്‍ ആണ്‍കുട്ടിക്ക് കിഡ്നി ദാനം ചെയ്യുന്നത് കുടുംബാംഗങ്ങള്‍ക്ക് അംഗീകരിക്കുവാന്‍ കഴിയില്ലെന്ന കാരണത്താല്‍ തുടക്കത്തില്‍ സ്വീകര്‍ത്താവിനെ കുറിച്ചുള്ള വിവരങ്ങള്‍ കുടുംബാംഗങ്ങളില്‍ നിന്നും സെഗാള്‍ മറച്ചുവെച്ചിരിന്നു. താന്‍ കിഡ്നി ദാനം ചെയ്ത ആണ്‍കുട്ടിയുടെ കുടുംബവുമായി സെഗാള്‍ ഇപ്പോഴും ബന്ധപ്പെടുന്നുണ്ട്. സെഗാള്‍ എടുത്ത തീരുമാനം കൊണ്ട് വാസ്തവത്തില്‍ രണ്ടു പേരാണ് പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ഗാസ-ഇസ്രായേല്‍ സംഘര്‍ഷങ്ങള്‍ക്കിടെയുള്ള മഹത്തായ സാഹോദര്യത്തിന്റെ ഈ സന്ദേശത്തെ വലിയ പ്രാധാന്യത്തോടെയാണ് പൊതുസമൂഹം നിരീക്ഷിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 64