News - 2025
കാമറൂണിലെ മാംഫെ രൂപതയുടെ വികാരി ജനറാളിനെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി
പ്രവാചകശബ്ദം 01-09-2021 - Wednesday
യോണ്ടേ: മധ്യ ആഫ്രിക്കന്‍ രാജ്യമായ കാമറൂണിന്റെ തെക്ക്-പടിഞ്ഞാറന്‍ ആംഗ്ലോഫോണ്‍ (ഇംഗ്ലീഷ് സംസാരിക്കുന്ന പ്രദേശങ്ങള്‍) മേഖലയിലെ മാംഫെ രൂപതയുടെ വികാരി ജനറാളായ മോണ്‍. അഗ്ബോര്‍ടോകോ അഗ്ബോറിനെ വിഘടവാദികളെന്ന്‍ കരുതപ്പെടുന്ന ആയുധധാരികളായ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. ഓഗസ്റ്റ് 29 ഞായറാഴ്ച മോണ്‍. അഗ്ബോര്‍ടോകോ അഗ്ബോറിനെ തട്ടിക്കൊണ്ടുപോയ വിവരം മാംഫെ രൂപതാ ചാന്‍സിലര്‍ ഫാ. സെബാസ്റ്റ്യന്‍ സിഞ്ചുവാണ് മാധ്യമങ്ങളെ അറിയിച്ചത്. ബിഷപ്പ് ഫ്രാന്‍സിസ് ടെക്കേ ലൈസിഞ്ച് താമസിക്കുന്ന സെമിനാരിയിലേക്ക് ഇരച്ചു കയറിയ സായുധര്‍ തങ്ങള്‍ തങ്ങള്‍ വിഘടനവാദികളെന്ന്‍ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് മോണ്‍. അഗ്ബോറിനെ തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്നാണ് ചാന്‍സിലറിന്റെ പ്രസ്താവന.
ബിഷപ്പിന്റെ പ്രായാധിക്യം കണക്കിലെടുത്താണ് മെത്രാനെ വിട്ട് വികാരി ജനറലിനെ തട്ടിക്കൊണ്ടുപോയതെന്നും വെളിപ്പെടുത്തലുണ്ട്. രണ്ടു കോടി സി.എഫ്.എ ഫ്രാങ്ക്സ് (30,489 യൂറോ) ആണ് തട്ടിക്കൊണ്ടുപോയവര്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. ജനറാളിന്റെ മോചനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ഫാ. സിഞ്ചു വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. കാമറൂണില്‍ മെത്രാന്മാര്‍ക്ക് പോലും യാതൊരു സംരക്ഷണമില്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. മാംഫെ രൂപതയില്‍ നിന്നും തട്ടിക്കൊണ്ടു പോകപ്പെടുന്ന ആദ്യ വൈദികനല്ല മോണ്‍. അഗ്ബോര്‍. ഇക്കഴിഞ്ഞ മെയ് 22നാണ് രൂപതയുടെ ഔദ്യോഗിക വക്താവായ ഫാ. ക്രിസ്റ്റഫര്‍ എബോക്കയെ വിഘടനവാദികള്‍ തട്ടിക്കൊണ്ടുപോയത്. പത്തു ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം മോചിതനായി.
ആംഗ്ലോഫോണ്‍ പ്രതിസന്ധിയില്‍ മുഖ്യ മധ്യസ്ഥനും ദൌലായിലെ മുന്‍ മെത്രാപ്പോലീത്തയുമായിരുന്ന അന്തരിച്ച കര്‍ദ്ദിനാള്‍ ക്രിസ്റ്റ്യന്‍ ടൂമി രണ്ടു പ്രാവശ്യം തട്ടിക്കൊണ്ടുപോകലിന് ഇരയായിട്ടുണ്ട്. ബൂയി രൂപതയുടെ മെത്രാനായ മോണ്‍. മൈക്കേല്‍ മിയാബെസു ബീബി, ബാമെണ്ടായിലെ സഹായ മെത്രാനായിരുന്ന സമയത്ത് 2018 ഡിസംബറില്‍ തട്ടിക്കൊണ്ടു പോകപ്പെട്ടിരുന്നു. 2019-ല്‍ ബാമെണ്ടായിലെ മുന്‍ മെത്രാപ്പോലീത്തയായിരുന്ന മോണ്‍. കോര്‍ണേലിയൂസ് ഫോണ്ടം ഏസുവയും, കുംബോ രൂപതാ മെത്രാന്‍ മോണ്‍. ജോര്‍ജ്ജ് ഇങ്കുവോയും തട്ടിക്കൊണ്ടു പോകലിന് ഇരയായിട്ടുണ്ട്.
വൈദികര്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ ശക്തമായ ഭാഷയില്‍ അപലപിച്ച ഫാ. സിഞ്ചു, ‘സഭയെ വെറുതെ വിടണ'മെന്ന് അഭ്യര്‍ത്ഥിച്ചു. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന രണ്ട് പ്രദേശങ്ങളുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് വിമത പോരാളികള്‍ കാമറൂണ്‍ സൈന്യവുമായി കാലങ്ങളായി പോരാട്ടത്തിലായിരുന്നു. ഇത് ആയിരകണക്കിന് പേരുടെ ജീവഹാനിക്കും, 7,00,000-ത്തോളം പേരുടെ പലായനത്തിനും കാരണമായിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക