Social Media

'മാധ്യമം' വായിച്ചു വിസ്മയം കൊള്ളുന്നവർ: ഫാ. വർഗീസ് വള്ളിക്കാട്ട് എഴുതുന്നു

പ്രവാചകശബ്ദം 04-09-2021 - Saturday

തീവ്രവാദികൾ ആയുധധാരികളായാൽ, കൂടുതൽ അപകടകാരികളാകും. എന്നാൽ, ആയുധമില്ലാതെതന്നെ അവർ അപകടകാരികളാണ് എന്നതാണ് വാസ്തവം. ആയുധങ്ങളല്ല, ആശയങ്ങളാണ് തീവ്രവാദം ഉല്പാദിപ്പിക്കുന്നത്. മാരകവും വിനാശകരവും സർവ സംഹാരക ശേഷിയുള്ളതുമായ ആയുധങ്ങൾക്കുവേണ്ടിയുള്ള മനുഷ്യന്റെ അന്വേഷണം തുടരുന്നതോടൊപ്പം, ആശയങ്ങളുടെ ലോകത്തും സമഗ്രാധിപത്യത്തിന്റെ പുത്തൻ രീതികളും പ്രത്യയശാസ്ത്ര രൂപങ്ങളും ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. അത്തരം ആശയധാരകളെ കണ്ടില്ലെന്നു നടിച്ചാൽ, മനുഷ്യവർഗം വിനാശകരമായ കീഴടക്കലുകൾക്കും കൊലപാതകങ്ങൾക്കും വംശഹത്യകൾക്കും സാക്ഷ്യം വഹിക്കേണ്ടതായി വരും.

തീവ്രത ഒന്ന്, സ്ട്രാറ്റജി പലത് ‍

ഇസ്ലാമിക് സ്റ്റേറ്റിനെയും അൽ ക്വയ്‌ദയേയും താലിബാനേയും ഇസ്ലാമിക് ബ്രദർഹുഡിനെയും പോപ്പുലർ ഫ്രണ്ടിനെയും ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും ജനിപ്പിക്കുന്നതും ആയുധമണിയിക്കുന്നതും ജിഹാദിനായി നിയോഗിക്കുന്നതും, ഇസ്ലാമിക ചിന്തയിലെ ഒരേ ആശയധാരയാണ്. തീവ്രതയിൽ കൂടുതൽ കുറവുകളില്ല, സ്ട്രാറ്റജിയിൽ മാത്രമാണ് വൈവിധ്യങ്ങളുള്ളത്. ഇസ്ലാമിക ലോകം ഇന്ന് പൊതുവെ, തീവ്ര സലഫി - വഹാബി ആശയങ്ങളുടെ സ്വാധീനത്തിലാണ്. പകരം വയ്ക്കാൻ മറ്റൊരു ആശയ സംഹിതയുടെ അഭാവത്തിൽ, പരമ്പരാഗത ഇസ്ലാമിക ലോകം പരുങ്ങി നിൽക്കുകയാണ്.

ഇസ്ലാമിക ചിന്തയിൽ, പാൻ ഇസ്ലാമിക് രാഷ്ട്രീയ പ്രത്യയശാസ്ത്രം നേടിയ ഈ അധീശത്വമാണ് സമാധാന കാംക്ഷികളായ മുസ്ലീങ്ങളുൾപ്പെടെയുള്ളവരെ ഇന്നു പ്രതിസന്ധിയിലാക്കുന്നത്. തീവ്ര ഇസ്ലാമിക ആശയങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ കണ്ടുകെട്ടാൻ സൗദി സർക്കാർ നിർദേശം നല്കിയതിനുപിന്നിൽ, റാഡിക്കൽ ഇസ്ലാം ഉയർത്തുന്ന വെല്ലുവിളി ഇസ്ലാമിക ലോകം തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു എന്ന സൂചനയാണുള്ളതെങ്കിൽ, അത് ശുഭോദർക്കമാണ്!

'തക്ഫീർ' ചരിത്രം സാക്ഷി ‍

അഫ്ഘാനിസ്ഥാനിൽ, ഐഎസ്‌കെ (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാൻ) ഉയർത്തിപ്പിടിക്കുന്ന 'തക്ഫീരി ജിഹാദിസം' പൊളിറ്റിക്കൽ ഇസ്ലാമിന്റെ ഏറ്റവും അപകടകരമായ രൂപമാണ്. അമുസ്ലീങ്ങളെ മാത്രമല്ല, അനിസ്ലാമികമായ ഭരണം നടത്തുന്ന മുസ്‌ളീം ഭരണകൂടങ്ങളേയും ആയുധമുപയോഗിച്ചു നേരിടണം എന്ന ആശയമാണ് അവർ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്. 13 , 14 നൂറ്റാണ്ടുകളിൽ ഇബ്ൻ തൈമിയ്യ (1263 -1328) ആവിഷ്കരിച്ച തീവ്ര ഇസ്ലാമിക ചിന്തയുടെ ആധുനിക രൂപമാണ്, തക്ഫീരി ജിഹാദിസം എന്ന പേരിൽ അറിയപ്പെടുന്ന അതിതീവ്ര ഇസ്ലാമിസം. രക്തരൂക്ഷിത ജിഹാദിലൂടെ അനിസ്ലാമികമായതിന്റെമേലെല്ലാം 'അല്ലാഹുവിന്റെ വിധി' (തക്ഫീർ) നടപ്പാക്കുവാനുള്ള ദൈവിക നിയോഗം ലഭിച്ചവരാണ് തങ്ങൾ എന്ന് ജിഹാദി പോരാളികൾ കരുതുന്നു. ഇസ്ലാമിക രാജ്യങ്ങളിൽ, ഇസ്ലാമിസ്റ്റ് സംഘടനകൾ പരസ്പരം ഏറ്റുമുട്ടുന്നതിനു പിന്നിൽ, തക്ഫീരി ജിഹാദിസത്തിന്റെ സ്വാധീനമാണുള്ളത്.

ചരിത്രത്തിലേക്ക് കണ്ണോടിക്കുമ്പോൾ, മൂന്നാമത്തെ ഖലീഫയായ ഉത്മാന്റെ വധത്തെത്തുടർന്ന്, എ. ഡി. 657 ലെ 'സിഫിൻ' യുദ്ധത്തിൽ, നാലാമത്തെ ഖലീഫയായ അലിക്കെതിരെയാണ് ഇസ്ലാം ആദ്യമായി 'തക്ഫീർ' പുറപ്പെടുവിച്ചത്. അലിയും മുആവിയ ഒന്നാമനും തമ്മിൽ ഉത്മാന്റെ ഘാദകരെ, നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നത് സംബന്ധിച്ചുണ്ടായ തർക്കം, ഏറ്റുമുട്ടലിൽ കലാശിച്ചപ്പോൾ, ഇരുപക്ഷവും കൂടിയാലോചനകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടത്തിയ ശ്രമങ്ങളെ തള്ളിക്കളഞ്ഞ 'അല്ലാഹുവിന്റെ പോരാളികൾ' എന്നറിയപ്പെടുന്ന 'ഖവാരിജുകൾ' ആണ്, വാളിന്റെ വായ്ത്തലയിലൂടെയാണ് അള്ളാഹു തന്റെ ഹിതം വെളിപ്പെടുത്തുന്നത് എന്ന നിലപാടുമായി രംഗത്തുവന്നത്. ഇസ്ലാമിക ചരിത്രത്തെ രക്തപങ്കിലമാക്കിയതിൽ മുഖ്യ സ്ഥാനം അവർക്കുള്ളതാണ്. മധ്യ യുഗത്തിലെ ഇസ്ലാമിൽ, ഖവാരിജുകൾക്ക് ഇസ്ലാമിന്റെ മുഖ്യധാരയിൽ സ്ഥാനമുണ്ടായിരുന്നില്ല. അതിനെ പുനഃപ്രതിഷ്ഠിക്കാൻ ശ്രമം നടത്തിയവരിൽ പ്രമുഖനാണ് ഇബ്ൻ തൈമിയ്യ.

ദൈവിക നിയമം അതിന്റെ തനിമയിലും ശുദ്ധതയിലും നടപ്പാക്കുന്നതിൽ വീഴ്ചവരുത്തുന്ന മുസ്‌ലിം ഭരണാധികാരികൾക്കെതിരെ, 'അല്ലാഹുവിന്റെ വിധി' നടപ്പാക്കുന്നത് തങ്ങളുടെ കടമയായി ഏറ്റെടുത്തിട്ടുള്ളവരാണ് ഖവാരിജുകൾ. തികച്ചും അരാജക വാദികളായ അവർ തങ്ങളോടൊപ്പമല്ലാത്തവർ ഇസ്ലാമല്ല എന്ന നിലപാടുമായി ആയുധമാർഗത്തിൽ തുടരുന്നവരാണ്. ആധുനിക ഇസ്ലാമിക ചരിത്രത്തിൽ, അവർക്കു പ്രമുഖസ്ഥാനം നൽകിയത്, പത്തൊൻപത്, ഇരുപത് നൂറ്റാണ്ടുകളിൽ കൊളോണിയലിസത്തെയും പാശ്ചാത്യവൽക്കരണത്തെയും ഫലപ്രദമായി നേരിടുന്നതിനായി ഇസ്ലാമിക പുനരുജ്ജീവന (റിവൈവലിസ്റ്റു) ചിന്തകർ രൂപംകൊടുത്ത 'സലാഫിയ' പ്രസ്ഥാനമാണ്.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, ഈജിപ്തിൽ ഇസ്ലാമിക പുനരുജ്ജീവന ചിന്തക്ക് നേതൃത്വംകൊടുത്ത ഹസ്സൻ അൽ ബന്ന, സയ്യിദ് ഖുത്ബ് എന്നിവർ മുന്നോട്ടുവച്ച 'തക്ഫീരി ജിഹാദിസം', ഇസ്ലാം വിരുദ്ധ ഭരണകൂടങ്ങൾക്കും ഭരണകർത്താക്കൾക്കും എതിരെയുള്ള 'അല്ലാഹുവിന്റെ വിധിതീർപ്പ്' എന്ന ആശയത്തെ ഇസ്ലാമിന്റെ മുഖ്യധാരയിൽ പ്രതിഷ്ഠിച്ചു! ഇസ്ലാമിക് ബ്രദർഹുഡിന്റെ സ്ഥാപകനായ ഹസൻ അൽ ബന്നയും, സഹ പ്രവർത്തകനായ സയ്യിദ് ഖുത്തുബും തങ്ങളുടെ ഇസ്ലാമിക പുനരുജ്ജീവന ചിന്തയിലൂടെ രൂപപ്പെടുത്തിയ ആധുനിക 'തക്ഫീരി ജിഹാദിസം,' ഇന്ന്‌ അനിസ്ലാമിക ലോകത്തിനു മാത്രമല്ല, പരമ്പരാഗത ഇസ്ലാമിക രാഷ്ട്രങ്ങളുടെ നിലനിപ്പിനുതന്നെ ഭീഷണി ഉയർത്തിക്കൊണ്ടിരിക്കുന്നു.

സലഫി-വഹാബിത്തനിമ ‍

ഈജിപ്തിൽ രൂപംകൊണ്ട ആധുനിക സലഫി ചിന്തയുടെ സൗദി രൂപമാണ് വഹാബിസം. ലോകമെങ്ങുമുള്ള മുസ്ലീങ്ങളുടെ ഏകോപനത്തിനുവേണ്ടിയും, ഇസ്ലാമിനെ അതിന്റെ ശുദ്ധ രൂപത്തിലേക്കും, പ്രവാചകൻ മുഹമ്മദും സ്വഹാബികളും പിന്തുടർന്ന ജീവിത ശൈലിയിലേക്കും തിരികെ എത്തിക്കുന്നതിനുവേണ്ടിയുമുള്ള പരിശ്രമങ്ങളാണ് സലഫി-വഹാബി ചിന്തയെ വേറിട്ട് നിർത്തുന്നത്. 'ജിഹാദി'ലൂടെ അനിസ്ലാമിക (ജാഹിലിയ്യാ) ലോകത്തെ മനസാന്തരപ്പെടുത്തുകയോ, ജിഹാദ് നിർവഹിച്ചുകൊണ്ട് അതിനെ ഉന്മൂലനം ചെയ്യുകയോ ചെയ്യുന്നതുവരെ, ഇസ്ലാമിക വിശ്വാസികൾ 'ആഗോള ജിഹാദ്' തുടരാൻ കടപ്പെട്ടിരിക്കുന്നു എന്ന കാഴ്ചപ്പാടാണ് തക്ഫീരി ജിഹാദിസത്തെ പിന്തുണക്കുന്ന, തീവ്ര സലഫി ചിന്തകർ മുന്നോട്ടു വയ്ക്കുന്നത്.

ബഹുദൈവ വിശ്വാസികളായ സിവിലിയന്മാരെ ഉൾപ്പെടെ, ജിഹാദിൽ വധിക്കുന്നതിൽ തെറ്റില്ല എന്ന നിലപാട് സ്വീകരിച്ചത് ആഗോള ജിഹാദിന്റെ പിതാവ് എന്നറിയപ്പെടുന്ന അബ്ദുല്ല യൂസുഫ് അസം ആണ്. അദ്ദേഹമാണ് അഫ്‌ഗാനിസ്ഥാനിൽ സോവിയറ്റു യൂണിയനെതിരെയുള്ള മുജാഹിദുകളുടെ പോരാട്ടത്തിന് തുടക്കം കുറിച്ചതും, ഒസാമ ബിൻ ലാദന്റെ സഹകരണത്തോടെ അൽ ക്വയ്‌ദ, ലഷ്കർ ഇ തോയ്‌ബ എന്നീ ഭീകര പ്രസ്ഥാനങ്ങൾ സ്ഥാപിച്ചതും.

പലസ്തീൻ, അഫ്ഘാനിസ്ഥാൻ തുടങ്ങിയ ഇസ്ലാമിക ഭൂമികയിൽനിന്നും ജൂതന്മാരെയും കാഫിറുകളെയും തുരത്തി, ആഗോള ഇസ്ലാമിക ഭരണത്തിന് ഉറച്ച അടിത്തറ (അൽ ക്വയ്‌ദ) സ്ഥാപിക്കാനുള്ള പരിശ്രമങ്ങൾ ഇസ്ലാമിക ലോകത്തു വൻതോതിൽ സ്വീകാര്യത നേടി. ഇതിനായി ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഒരു പാൻ ഇസ്ലാമിക് ഫെഡറേഷൻ ഉണ്ടാക്കുന്നതിനായി അബ്ദുല്ല യൂസുഫ് അസം ആവിഷ്കരിച്ച ആശയപരമായ അടിത്തറയിലാണ് ഇന്ന് ലോകമെങ്ങുമുള്ള ഇസ്ലാമിസ്റ്റ് സംഘടനകൾ 'ഇസ്ലാമിക് സ്റ്റേറ്റ്' അഥവാ 'ഖാലിഫേറ്റ്' എന്ന ലക്‌ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്നത്.

ഇന്ത്യൻ മൗദൂദിസവും ജമാഅത്തെ ഇസ്ലാമിയും ‍

ഈജിപ്തിൽ മുസ്‌ലിം ബ്രദർഹുഡ് നടത്തിവന്ന പ്രവർത്തനങ്ങളുടെ മാതൃകയിൽ, ബ്രിടീഷ് ഇന്ത്യയിൽ ഇസ്ലാമിക ഭരണത്തിനുള്ള ആശയപരമായ അടിത്തറയും അതിനാവശ്യമായ പരിപാടികളും ആവിഷ്ക്കരിച്ചത്, അബുൽ ആല മൗദൂദിയും അദ്ദേഹം 1941 ൽ സ്ഥാപിച്ച 'ജമാഅത്തെ ഇസ്ലാമി' എന്ന രാഷ്ട്രീയ പ്രസ്ഥാനവുമാണ്. പൊളിറ്റിക്കൽ ഇസ്ലാമിന്റെ ഏറ്റവും ചിട്ടയായതും വികസിതവുമായ രൂപമാണ് മൗദൂദിയൻ ചിന്തയിൽ കാണുന്നത്. സയ്യിദ് ഖുതുബിന്റെ തക്ഫീരി ജിഹാദിസത്തിനു പ്രചോദനം നൽകിയത് മൗദൂദിയൻ ആശയങ്ങളാണ്.

മനുഷ്യ സമുദായത്തിനുമേൽ നിയമപരവും രാഷ്ട്രീയവുമായ പരമാധികാരമുള്ളത് അല്ലാഹുവിനു മാത്രമാകയാൽ, മനുഷ്യവർഗത്തിനുവേണ്ടി നിയമം നിർമ്മിക്കാനുള്ള അധികാരം അല്ലാഹുവിനു മാത്രമുള്ളതാണെന്നും, അല്ലാഹുവിന്റെ പരമാധികാരം അംഗീകരിക്കുന്ന 'ഇസ്ലാമിക് സ്റ്റേറ്റിന്' (ദീൻ) മാത്രമേ, അല്ലാഹുവിന്റെ നാമത്തിൽ ജനങ്ങൾക്കുവേണ്ടി നിയമം നിർമ്മിക്കാൻ അവകാശമുള്ളൂവെന്നും മൗദൂദി വാദിച്ചു. നിയമത്തിന്റെ ഉറവിടം സംബന്ധിക്കുന്ന ഈ തിയറിയാണ് 'ഇസ്ലാമിക് സ്റേററ്റി'നു (ഖാലിഫേറ്റിന്) അടിസ്ഥാന ന്യായീകരണമായി അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്.

നിയമ നിർമ്മാണ അധികാരവും അതിൽനിന്നു വരുന്ന രാഷ്ട്രീയ പരമാധികാരവുമുള്ള 'ഇസ്ലാമിക് സ്റ്റേറ്റിന്' സ്വയം കീഴ്പ്പെടുവാനുള്ള 'സ്വാതന്ത്ര്യം' ഓരോ വ്യക്തിക്കും നൽകപ്പെട്ടിരിക്കുന്നു! ഇസ്ലാമിന്റെ 'തൗഹീദ് ഹകീമിയ്യ' തത്വത്തിനു കീഴ്പ്പെടാത്ത മനുഷ്യ നിർമ്മിത നിയമങ്ങളും അവയിൽ അധിഷ്ഠിതമായ ഭരണഘടനകളും സംവിധാനങ്ങളും ഇസ്ലാമിക വിരുദ്ധവും 'ശിർക്കു'മാണ് എന്നും, ദൈവിക/ഇസ്ലാമിക ഭരണത്തിന് വിരുദ്ധമായതൊന്നും നിലനിൽക്കാൻ യോഗ്യമല്ലെന്നും അദ്ദേഹം സമർഥിച്ചു!

അഫ്ഘാനിസ്ഥാൻ 'സ്വതന്ത്രമായി' എന്നും, ഇസ്ലാമിക ഭരണത്തിന് കീഴിലായി എന്നും, (ആഗോള) ഇസ്ലാമിക ഖാലിഫേറ്റിന് കളമൊരുങ്ങി എന്നും മറ്റും, ഇങ്ങു കേരളത്തിലിരുന്നു ചിലർ 'വിസ്മയം' കൂറുമ്പോൾ, അവരെ നയിക്കുന്ന പ്രത്യയശാസ്ത്രവും പദ്ധതികളും എന്ത് എന്നു പൊതുസമൂഹവും ഭരണകൂടവും മനസ്സിലാക്കണം. ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശ വിരുദ്ധവും, മതേതരത്വത്തെ പാടേ നിരാകരിക്കുന്നതുമായ, പ്രത്യയശാസ്ത്രങ്ങൾ, ആയുധമെടുക്കുമ്പോൾ മാത്രമല്ല അപകടകരമാകുന്നത് എന്ന തിരിച്ചറിവ് പൊതു സമൂഹത്തിനുണ്ടാകണം. സാഹചര്യത്തിനനുസരിച്ചു സ്ട്രാറ്റജിയിൽ വ്യത്യാസം വരുത്തുകയും, പൊതു സ്വീകാര്യമായ ആശയങ്ങൾ ഉയർത്തിപ്പിടിച്ചു സമൂഹത്തിന്റെ മുഖ്യധാരയിൽ ഇടംപിടിക്കുകയും ചെയ്യുന്നവരുടെ യഥാർത്ഥ മുഖം പുറത്തുവരുന്നതാണ് ഇത്തരം 'വിസ്മയത്തിന്റെ' കാരണം എന്ന തിരിച്ചറിവ് ഒരു കുറ്റമായി ആരും കരുതരുത്.

മൗദൂദിയുടെ പിൻഗാമികളും അദ്ദേഹത്തിന്റെ ആശയധാരയിൽ മുന്നേറുന്നവരുമാണ്, ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഇണങ്ങിയ തന്ത്രങ്ങളിലൂടെ 'ഇസ്ലാമിക് സ്റ്റേറ്റ്' എന്ന ലക്ഷ്യസാക്ഷാത്കാരത്തിനായി അഹോരാത്രം പണിയെടുക്കുന്ന ജമാഅത്തെ ഇസ്ലാമിക്കാർ. അവരുടെ ഔദ്യോഗിക ജിഹ്വയായ 'മാധ്യമം' താലിബാനെ 'വിസ്മയം' എന്നു വിശേഷിപ്പിക്കുന്നതിൽ അസ്വാഭാവികമായി എന്താണുള്ളത്? ഇവിടെ, ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം. കേരളത്തിലും ഇന്ത്യയിലും പ്രവർത്തിക്കുന്ന എല്ലാ ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങളും ജമാഅത്തെ ഇസ്ലാമിയോട് കൂറ് പുലർത്തുന്നവയല്ല. ജമാലുദ്ധീൻ അൽ അഫ്‌ഘാനി മുതൽ മുഹമ്മദ് അബ്ദുവും മുഹമ്മദ് റഷീദ് റീദ്ദയും, ഹസൻ അൽ ബന്നയും, സയ്യിദ് ഖുതുബും, അബ്ദുല്ല യൂസഫ് അസമും വരെയുള്ളവരുടെ സലഫി - ജിഹാദിസ്റ്റു ദർശനങ്ങൾ ഏറിയും കുറഞ്ഞും കേരളത്തിലെ വിവിധ സലഫി പ്രസ്ഥാനങ്ങളിൽ സ്വാധീനം ചെലുത്തുന്നുണ്ട്. മാർഗം വ്യത്യസ്തമാണെങ്കിലും, 'ഇസ്ലാമിക് സ്റ്റേറ്റ്' അഥവാ 'ഖാലിഫേറ്റ്' എന്ന വിദൂര ലക്‌ഷ്യം അവരെ ഒരുമിപ്പിക്കുന്നുമുണ്ട്.

ആയുധങ്ങൾക്ക് മൂർച്ചകൂട്ടുമ്പോൾ... ‍

കേരളത്തിൽ, പൊളിറ്റിക്കൽ ഇസ്ലാമിന്റെ വിവിധ സംഘടനകളിൽ പ്രവർത്തിക്കുന്നവരുടെ കണക്കെടുത്താൽ, ഒരുകാര്യം വ്യക്തമാവും. കേരളത്തിലെ മുസ്‌ലിം സമുദായത്തിൽ ഏകദേശം, 20% ആളുകൾ സലഫി - വഹാബി ആശയധാരയിലേക്ക് ആകൃഷ്ടരായിക്കഴിഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളിൽ, അവരിൽ ഒരു വിഭാഗം സൈനിക വേഷത്തിലുംമറ്റും റോഡിൽ ഇറങ്ങിയപ്പോളാണ് പലരുടെയും കണ്ണു തുറന്നത്. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിക്ഷേധം, നൊടിയിടയിൽ 'തക്ബീർ' വിളിയിലേക്കു നീങ്ങിയപ്പോൾ, ഒരു കാര്യം വ്യക്തമായി: പൊളിറ്റിക്കൽ ഇസ്ലാം നയിക്കുന്ന ഏതു സമരവും, ഒരു മത സമരമായി പരിണമിക്കാം! മലബാർ കലാപം എങ്ങിനെ ഹിന്ദു വംശഹത്യയിൽ കലാശിച്ചു എന്ന് ഇനി ആർക്കെങ്കിലും പിടികിട്ടാനുണ്ടെങ്കിൽ, അവർ സമകാലിക സംഭവങ്ങളിലേക്ക് അവധാനതയോടെ നോക്കണം.

തുർക്കിക്കുവേണ്ടി ഇന്ത്യയിൽ ഖിലാഫത്തു സമരം നടന്ന വർഷങ്ങളിൽ (1919 - 1924) തുർക്കി കൊന്നെടുക്കിയത് പതിനഞ്ചുലക്ഷം അർമേനിയൻ ക്രൈസ്തവരെയായിരുന്നു എന്നതും ഇതിനോട് ചേർത്ത് വായിക്കണം.

ഇന്ത്യയിൽ, 1946 ലെ ബംഗാൾ കൂട്ടക്കൊലയെയും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ജിന്ന പ്രഖ്യാപിച്ച 'ഡയറക്ട് ആക്‌ഷൻ' ന്റെ ഉദ്ദേശ്യവും ലക്ഷ്യവും എന്തായിരുന്നു എന്നതും അതിന്റെ പിന്നിലെ രാഷ്ട്രീയം എന്തായിരുന്നു എന്നതും ഇനിയും ചുരുളഴിയേണ്ട രഹസ്യങ്ങളാണ്.

ശ്രദ്ധയിൽ പെട്ടിട്ടില്ല ‍

കേരളം, ഭരിക്കുന്നവരുടെ 'ശ്രദ്ധയിൽപ്പെടാതെ' പോകുന്ന സമാന്തര ടെലിഫോൺ സംവിധാനങ്ങളും, സ്വർണ്ണക്കടത്തിലൂടെയും മയക്കുമരുന്ന് കച്ചവടത്തിലൂടെയും തഴച്ചുവളരുന്ന സമാന്തര സമ്പദ് വ്യവസ്ഥയും, ഇന്ത്യയുടെ നിലനിൽപ്പിന് അപകടകരമാകാതിരിക്കാൻ, കേന്ദ്ര ഏജൻസികളെങ്കിലും ജാഗ്രത പുലർത്തണം.

കേരളത്തിലെ മുസ്‌ളീം ഭൂരിപക്ഷം, അവരുടെ പരമ്പരാഗത വിശ്വാസങ്ങളിലും ആചാരങ്ങളിലും ശാന്തമായി ജീവിക്കുമ്പോൾ, മറുഭാഗത്തു ധൃതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്ന സലഫി - വഹാബിസ്റ്റ് ആശയധാരയെയും തീവ്ര ഇസ്ലാമിക പ്രസ്ഥാനങ്ങളെയും കണ്ടില്ല എന്നു നടിക്കുന്നത്, ഇവിടെ നിലനിൽക്കുന്ന സമാധാനപൂർണമായ സാമൂഹ്യജീവിതത്തെ മാത്രമല്ല, കേരളത്തിന്റെ ഭാവിയെയും ഗൗരവമായി ബാധിക്കും. ആരും കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കരുത്.

( ലേഖകനായ ഫാ. വർഗീസ് വള്ളിക്കാട്ട് കെ സി ബി സി മുന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ്)


Related Articles »