Life In Christ

ക്രിസ്തു വിശ്വാസത്തെപ്രതി മരണം വരിച്ച കൊറിയന്‍ രക്തസാക്ഷികളുടെ തിരുശേഷിപ്പ് കണ്ടെത്തി

പ്രവാചകശബ്ദം 07-09-2021 - Tuesday

സിയോള്‍: ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2014-ല്‍ ഫ്രാന്‍സിസ് പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തിയ മൂന്നു കൊറിയന്‍ രക്തസാക്ഷികളുടെ തിരുശേഷിപ്പുകള്‍ രണ്ടു നൂറ്റാണ്ടുകള്‍ക്ക് ശേഷം കണ്ടെത്തി. തെക്കന്‍ സിയോളിന് സമീപം ജിയോഞ്ചുവിലുള്ള ഒരു ശവകുടീരം സ്മാരകമായി പരിവര്‍ത്തനം ചെയ്യുന്നതിനിടയിലാണ് തിരുശേഷിപ്പുകള്‍ കണ്ടെത്തിയത്. ചരിത്രരേഖകളുടെയും, ഡി.എന്‍.എ പരിശോധനയുടേയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് 1791-ല്‍ ക്രിസ്തുവിശ്വാസത്തിന്റെ പേരില്‍ ശിരഛേദം ചെയ്യപ്പെട്ട മുപ്പത്തിരണ്ടുകാരനായ പോള്‍ യുണ്‍ ജി-ച്ചുങ്, നാല്‍പ്പതു വയസ്സുള്ള ജെയിംസ് ക്വോണ്‍ സാങ്-യോണിന്റേയും തിരുശേഷിപ്പുകളാണെന്ന് തിരിച്ചറിഞ്ഞതെന്നു എ.എഫ്.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പോള്‍ യുണിന്റെ രക്തസാക്ഷിത്വത്തിന് 10 വര്‍ഷങ്ങള്‍ക്ക് ശേഷം മുപ്പത്തിയേഴാമത്തെ വയസ്സില്‍ രക്തസാക്ഷിത്വം വരിച്ച അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ ഫ്രാന്‍സിസ് യുണ്‍ ജി-ഹിയോണിന്റേയും തിരുശേഷിപ്പുകള്‍ കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു. രക്തസാക്ഷികളുടെ നിണത്തിന്‍മേല്‍ പടുത്തുയര്‍ത്തിയിരിക്കുന്ന സഭക്ക് വേണ്ടി രക്തസാക്ഷിത്വത്തിന്റെ ചരിത്രമുറപ്പിച്ച ആദ്യകാല രക്തസാക്ഷികളുടെ തിരുശേഷിപ്പുകള്‍ കണ്ടെത്തിയെന്നു ജിയോഞ്ചു രൂപതയുടെ തലവനായ മെത്രാന്‍ ജോണ്‍ കിം സോണ്‍-ടേയ് പറഞ്ഞു. ഫ്രാന്‍സിസ് യുണിന്റെ തിരുശേഷിപ്പുകളില്‍ നിന്നും അംഗഛേദനത്തിന്റെ വ്യക്തമായ സൂചനകള്‍ ലഭിക്കുന്നുണ്ടെന്നും, പോള്‍ യുണ്‍ ജീവിതത്തിന്റെ അവസാനം വരെ തന്റെ വിശ്വാസം കാത്തുസൂക്ഷിച്ചുവെന്നും മെത്രാന്‍ സ്മരിച്ചു.

കൊലക്കളത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുമ്പോള്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുവാന്‍ പോകുന്ന പോലുള്ള പുഞ്ചിരിയായിരുന്നു അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നതെന്ന് പറഞ്ഞ മെത്രാന്‍ തലവെട്ടുന്ന സമയത്തും അദ്ദേഹം ‘യേശു, മറിയം’ എന്നാണ് ഉച്ചരിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. പതിനേഴാം നൂറ്റാണ്ടില്‍ ചൈനയിലേക്കും, ജപ്പാനിലേക്കുമുള്ള യാത്രകള്‍ക്കിടയില്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച അത്മായരാണ് കൊറിയയില്‍ കത്തോലിക്കാ വിശ്വാസം കൊണ്ടുവന്നത്. പതിനെട്ടാം നൂറ്റാണ്ടായപ്പോഴേക്കും കൊറിയന്‍ ഉപദ്വീപില്‍ കത്തോലിക്കാ വിശ്വാസം കാര്യമായ വിധത്തില്‍ പ്രചരിച്ചുകഴിഞ്ഞിരുന്നു.

ഇതിനിടെ ഏതാണ്ട് അഞ്ചു നൂറ്റാണ്ടോളം കൊറിയ ഭരിച്ച ജോസിയോണ്‍ രാജവംശത്തിന്റെ കീഴില്‍ കത്തോലിക്കര്‍ക്കെതിരായ മതപീഡനവും വര്‍ദ്ധിച്ചു. ഒരു നൂറ്റാണ്ടിനിടയില്‍ പതിനായിരത്തോളം വിശ്വാസികളാണ് വിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ചത്‌. 1886 ആയപ്പോഴേക്കും ഫ്രാന്‍സുമായുള്ള ഉടമ്പടിയെ തുടര്‍ന്നാണ് കത്തോലിക്കര്‍ക്ക് എതിരായ മതപീഡനം അവസാനിച്ചത്. 2014-ല്‍ ഫ്രാന്‍സിസ് പാപ്പ ദക്ഷിണ കൊറിയ സന്ദര്‍ശിച്ച സമയത്ത് ഇപ്പോള്‍ തിരുശേഷിപ്പുകള്‍ കണ്ടെത്തിയ 3 പേരും ഉള്‍പ്പെടെ 125 കൊറിയന്‍ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുകയായിരിന്നു. 2019 വരെയുള്ള കണക്കനുസരിച്ച് ഏതാണ്ട് 56 ലക്ഷം കത്തോലിക്കരാണ് ദക്ഷിണ കൊറിയയില്‍ ഉള്ളത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »