News - 2024

"അപ്രിയ സത്യങ്ങള്‍ ആരും പറയരുതെന്നോ!": മാര്‍ കല്ലറങ്ങാട്ടിന്റെ പ്രസംഗത്തില്‍ വസ്തുതകള്‍ നിരത്തി 'ദീപിക'യുടെ എഡിറ്റോറിയല്‍

പ്രവാചകശബ്ദം 11-09-2021 - Saturday

കോട്ടയം: മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ എട്ട് നോമ്പ് തിരുനാള്‍ ദിനത്തിലെ പ്രസംഗം വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്കു ശക്തമായ മറുപടിയുമായി 'ദീപിക'യുടെ എഡിറ്റോറിയല്‍. "അപ്രിയ സത്യങ്ങള്‍ ആരും പറയരുതെന്നോ!" എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം. കേരള സമൂഹം നേരിടുന്ന കൃത്യമായ ചില പ്രശ്‌നങ്ങളിലേക്കാണ് മാര്‍ കല്ലറങ്ങാട്ടിന്റെ വാക്കുകള്‍ വിരല്‍ ചൂണ്ടുന്നതെന്നും ഒരു മതേതര ജനാധിപത്യരാജ്യത്തില്‍ ഒരു സഭാമേലധ്യക്ഷനു തന്റെ ആശങ്കകള്‍ വിശ്വാസിസമൂഹവുമായി പങ്കുവയ്ക്കാന്‍ അവകാശമില്ലേയെന്നും അതു പാടില്ലെന്നു ശഠിക്കാന്‍ ഇന്ത്യ ഒരു മതാധിഷ്ഠിതരാജ്യമോ ഏകാധിപത്യരാജ്യമോ ആയിട്ടില്ലായെന്നും എഡിറ്റോറിയല്‍ ഓര്‍മ്മിപ്പിക്കുന്നു.

ഗൗരവതരമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്‌പോഴും കണ്ടില്ലെന്നു നടക്കുകയും രാഷ്ട്രീയ താത്പര്യങ്ങളോടെ മാത്രം പ്രസ്താവന നടത്തുകയും ചെയ്യുന്ന രാഷ്ട്രീയക്കാരെയും മുഖപ്രസംഗത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഹിഡന്‍ അജന്‍ഡകളോടെ ഇത്തരം വിഷയങ്ങളെ സമീപിക്കുന്ന മാധ്യമങ്ങളെ നിലപാടും മുഖപ്രസംഗം ചര്‍ച്ച ചെയ്യുന്നു. പ്രീണനരാഷ്ട്രീയമാണു കേരളത്തെ തീവ്രവാദികളുടെ വിഹാരരംഗമാക്കാന്‍ ഒരു കാരണമെന്നും സത്യം പറയുന്‌പോള്‍ കൊഞ്ഞനം കുത്തിയിട്ടു കാര്യമില്ലായെന്ന വാക്കുകളോടെയാണ് എഡിറ്റോറിയല്‍ സമാപിക്കുന്നത്.

എഡിറ്റോറിയലിന്റെ പൂര്‍ണ്ണരൂപം ‍

എട്ടുനോന്പ് തിരുനാളിന്റെ സമാപനത്തോടനുബന്ധിച്ചു കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം തീര്‍ഥാടന ദേവാലയത്തില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശ്വാസികള്‍ക്കു നല്‍കിയ സന്ദേശം വിവാദമാക്കാന്‍ നിക്ഷിപ്ത താത്പര്യക്കാര്‍ കിണഞ്ഞു ശ്രമിക്കുകയാണ്.

സമകാലിക കേരളസമൂഹവും െ്രെകസ്തവ സമുദായവും നേരിടുന്ന ചില ഗൗരവപ്രശ്‌നങ്ങളിലേക്കാണു മാര്‍ കല്ലറങ്ങാട്ട് വിശ്വാസിസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചത്. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും മറ്റു വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്ന ലൗ ജിഹാദിനെപ്പറ്റി എല്ലാവരും ജാഗരൂകരായിരിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

യുവജനങ്ങളെ മയക്കുമരുന്നു നല്കി വശീകരിച്ചു നശിപ്പിക്കുന്ന നാര്‍കോട്ടിക് ജിഹാദും വ്യാപകമായി നടക്കുന്നുണ്ടെന്നു ബിഷപ് ചൂണ്ടിക്കാട്ടി. മറ്റേതെങ്കിലും മതത്തോടുള്ള എതിര്‍പ്പുകൊണ്ടോ വിരോധം കൊണ്ടോ ഒന്നുമല്ലെന്നും നമ്മുടെ കുഞ്ഞുങ്ങള്‍ നമുക്കു നഷ്ടപ്പെടരുതെന്ന ചിന്ത മാത്രമാണ് ഇതു പറയാന്‍ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ഇതുകേട്ടു മറ്റുള്ളവര്‍ ഉറഞ്ഞുതുള്ളുന്നത് എന്തിനാണ്

സമുദായസൗഹാര്‍ദം തകര്‍ക്കാന്‍ ബിഷപ് ശ്രമിച്ചു എന്നാണു ചിലരുടെ ആരോപണം. സമുദായസൗഹാര്‍ദത്തിന്റെ അതിര്‍വരന്പുകള്‍ നിശ്ചയിക്കുന്നത് ആരാണ് ചുറ്റിലും നടക്കുന്ന കൊള്ളരുതായ്മകള്‍ കണ്ടില്ലെന്നു നടിച്ചു മിണ്ടാതിരുന്നാല്‍ എല്ലാവര്‍ക്കും സ്‌നേഹവും സന്തോഷവുമാണ്.

എന്നാല്‍, സമൂഹനന്മയും സമുദായഭദ്രതയും കാംക്ഷിക്കുന്ന ആളുകള്‍ക്കു ചിലപ്പോള്‍ അപ്രിയസത്യങ്ങള്‍ തുറന്നുപറയേണ്ടിവരും. യഥാര്‍ഥ സമുദായസൗഹാര്‍ദം അതുകൊണ്ടു തകരില്ല. എല്ലാ സമുദായങ്ങളും പരസ്പരം സഹകരിച്ചും ആരെയും ദ്രോഹിക്കാതെയും നേടിയെടുക്കേണ്ടതാണു സമുദായസൗഹാര്‍ദം.

വിദ്വേഷം ജനിപ്പിക്കുന്ന പ്രവൃത്തികളില്‍നിന്നു വിട്ടുനില്‍ക്കാന്‍ എല്ലാവര്‍ക്കും കടമയുണ്ട്. താന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ആധാരമായ തെളിവുകള്‍ മാര്‍ കല്ലറങ്ങാട്ട് ഹാജരാക്കണമെന്നാണു ചിലരുടെ ആവശ്യം. വസ്തുതകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് അദ്ദേഹം പറഞ്ഞത്.

എന്നാല്‍, കുറ്റകൃത്യങ്ങളെപ്പറ്റി അന്വേഷണം നടത്തി തെളിവു കണ്ടെത്തണ്ടതു പോലീസിന്റെ ജോലിയാണ്. എരുമേലിക്കടുത്തു വെച്ചൂച്ചിറയില്‍നിന്നു 2008ല്‍ കാണാതായ ജെസ്‌ന മരിയ ജയിംസ് എന്ന പെണ്‍കുട്ടിയുടെ തിരോധാനത്തെപ്പറിയുള്ള പോലീസ് അന്വേഷണം എവിടെയും എത്തിയിട്ടില്ല. ഇത്തരം കേസുകളിലെ അന്വേഷണങ്ങളെല്ലാം ഒരു ഘട്ടമെത്തുമ്പോള്‍ നിലയ്ക്കുന്നു.

ബിഷപ്പ് വിശ്വാസികളുമായി പങ്കുവച്ചത് സഭയുടെ ആശങ്കയാണ്. ഒരു മതേതര ജനാധിപത്യരാജ്യത്തില്‍ ഒരു സഭാമേലധ്യക്ഷനു തന്റെ ആശങ്കകള്‍ വിശ്വാസിസമൂഹവുമായി പങ്കുവയ്ക്കാന്‍ അവകാശമില്ലേ അതു പാടില്ലെന്നു ശഠിക്കാന്‍ ഇന്ത്യ ഒരു മതാധിഷ്ഠിതരാജ്യമോ ഏകാധിപത്യരാജ്യമോ ആയിട്ടില്ല.

കേരളം തീവ്രവാദികളുടെ റിക്രൂട്ടിംഗ് സെന്ററാണെന്നും തീവ്രവാദികളുടെ സ്ലീപ്പിംഗ് സെല്ലുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പറഞ്ഞത് സംസ്ഥാനത്തെ മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ്. തലവെട്ടിക്കൊല്ലുന്നതും വെടിവച്ചുകൊല്ലുന്നതും ബോംബെറിഞ്ഞു കൊല്ലുന്നതും മാത്രമാണു ഭീകരപ്രവര്‍ത്തനം എന്നു കരുതുന്നവര്‍ക്കു കേരളത്തില്‍ തീവ്രവാദമില്ലെന്നു തോന്നും.

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനയില്‍ ചേര്‍ന്നതിന്റെ ബാക്കിപത്രമായി അഫ്ഗാനിസ്ഥാനിലെ ജയിലില്‍ എത്തപ്പെട്ട നാലു മലയാളി യുവതികളുടെ കഥ കേരളം മുഴുവന്‍ ചര്‍ച്ചചെയ്തതല്ലേ യുവതികളെ പ്രണയംനടിച്ചു മതംമാറ്റി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന ലൗ ജിഹാദ് ഇവിടെ ഉണ്ടെന്നതിനു തെളിവെന്ത് എന്നു ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് നിമിഷ എന്ന ഫാത്തിമയും സോണിയ എന്ന അയിഷയും മെറിന്‍ എന്ന മറിയവുമെല്ലാം.

ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷരായിട്ടുള്ള വേറെ എത്രയോ യുവതികള്‍! അവരുടെ കുടുംബങ്ങള്‍ തോരാത്ത കണ്ണീരുമായി ഉരുകിത്തീരുന്‌പോള്‍, ഈ അപ്രത്യക്ഷമാകലിനു പിന്നിലുള്ളവര്‍ തിരശീലയ്ക്കു പിന്നിലിരുന്നു ചിരിക്കുകയാണ്. നിഗൂഢമായ മയക്കുമരുന്നു കേസുകളുടെ എത്രയോ വാര്‍ത്തകളാണു ദിവസേന പത്രങ്ങളില്‍ വരുന്നത്.

ഇന്നലെ കോഴിക്കോട്ട് യുവതിയെ പ്രണയക്കുരുക്കില്‍പ്പെടുത്തി കൊണ്ടുവന്നശേഷം മയക്കുമരുന്നു നല്കി കൂട്ടബലാത്സംഗം ചെയ്ത സംഭവമുണ്ടായി. വാഗമണ്ണില്‍ മയക്കുമരുന്നുമായി പിടികൂടപ്പെട്ട യുവാക്കളുടെ സംഘത്തിന്റെ ഘടനയും ഇവിടെ എന്താണു നടക്കുന്നതെന്നു സാമാന്യബുദ്ധിയുള്ളവരെയെല്ലാം ബോധ്യപ്പെടുത്തുന്നതാണ്. ഇക്കാര്യങ്ങളെപ്പറ്റിയൊക്കെ ഒരു സഭാമേലധ്യക്ഷന്‍ സ്വസമുദായാംഗങ്ങളെ ഉദ്‌ബോധിപ്പിക്കുന്നതാണോ മഹാപരാധം?

കേരളത്തില്‍ സമുദായസൗഹാര്‍ദം പാലിക്കുന്നതില്‍ ബദ്ധശ്രദ്ധരാണു ക്രൈസ്തവസമുദായവും നേതൃത്വവും. എത്ര വലിയ പ്രകോപനമുണ്ടായാലും സമചിത്തതയോടെയും സംയമനത്തോടെയും വിഷയം കൈകാര്യം ചെയ്യാനാണ് അവര്‍ ശ്രമിക്കാറുള്ളത്. തൊടുപുഴയില്‍ പ്രഫ. ജോസഫിന്റെ കൈവെട്ടിയ സംഭവമുണ്ടായപ്പോഴും അവര്‍ പ്രതികരിച്ചത് തികഞ്ഞ സംയമനത്തോടെയായിരുന്നു.

അതു ഭീരുത്വത്തിന്റെ ലക്ഷണമല്ല. ആരെയെങ്കിലും ഭീഷണികള്‍കൊണ്ടു നിശബ്ദരാക്കാമെന്ന് ആരെങ്കിലും കരുതുന്നതു മൗഢ്യമായിരിക്കും. തങ്ങള്‍ക്കിഷ്ടമില്ലാത്തതു പറയുന്നവരെ പ്രതിഷേധങ്ങളും ഭീഷണിയും കൊണ്ടു നിശബ്ദരാക്കാന്‍ നോക്കുന്നവരല്ലേ യഥാര്‍ഥത്തില്‍ സൗഹാര്‍ദം തകര്‍ക്കുന്നത്.

ബിഷപ്പിന്റെ പ്രസംഗം വിവാദമാക്കിയ മാധ്യമങ്ങള്‍ക്ക് അവരുടെതായ അജന്‍ഡകളുണ്ട്.

ബിഷപ്പിനെ വിമര്‍ശിച്ചു രംഗത്തുവന്ന ചില രാഷ്ട്രീയ നേതാക്കളുടെ ഉന്നം വോട്ടുബാങ്കിലാണെന്ന് എല്ലാവര്‍ക്കുമറിയാം. തെരഞ്ഞെടുപ്പ് അടുക്കുന്‌പോള്‍ അരമനകള്‍ കയറിയിറങ്ങുന്നവരുടെ പ്രസ്താവനകള്‍ക്ക് അതിലപ്പുറം പ്രാധാന്യം നല്‌കേണ്ട കാര്യമില്ല.

പക്ഷേ, യഥാര്‍ഥപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതെ ചിലരെ പ്രീണിപ്പിക്കാനാണ് ഇവിടെ ശ്രമം നടക്കുന്നതെന്നതു കാണാതിരിക്കാനാവില്ല. ഈ പ്രീണനരാഷ്ട്രീയമാണു കേരളത്തെ തീവ്രവാദികളുടെ വിഹാരരംഗമാക്കാന്‍ ഒരു കാരണം. സത്യം പറയുന്‌പോള്‍ കൊഞ്ഞനം കുത്തിയിട്ടു കാര്യമില്ല.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »