India - 2025

ഫാ. ബോബി വിരമിച്ചു: ഫാ. ജോര്‍ജ് കുടിലില്‍ ദീപിക ചീഫ് എഡിറ്ററായി ഇന്നു ചുമതലയേല്‍ക്കും

01-06-2020 - Monday

കോട്ടയം: റവ.ഡോ. ജോര്‍ജ് കുടിലില്‍ ദീപിക ചീഫ് എഡിറ്ററായി ഇന്നു ചുമതലയേല്‍ക്കും. ദീപികയുടെയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും എക്‌സിക്യൂട്ടീവ് എഡിറ്റര്‍, ചീഫ് എഡിറ്റര്‍ പദവികളില്‍ എട്ടു വര്‍ഷത്തിലധികം സേവനമനുഷ്ഠിച്ചശേഷം ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളായി ചുമതലയേറ്റതോടെയാണ് റവ.ഡോ. ജോര്‍ജ് കുടിലിലിന്റെ നിയമനം.

കണ്ണൂര്‍ എടൂര്‍ കുടിലില്‍ ആഗസ്തിറോസമ്മ ദന്പതികളുടെ പുത്രനായ റവ.ഡോ. ജോര്‍ജ് കുടിലില്‍ തലശേരി സെന്റ് ജോസഫ്‌സ് മൈനര്‍ സെമിനാരി, വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി എന്നിവിടങ്ങളിലെ പരിശീലനത്തിനു ശേഷം വൈദികനായി. റോമിലെ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു ബിരുദാനന്തര ബിരുദവും ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് സാങ്റ്റ് ഗെയോര്‍ഗന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടറേറ്റും ജറുസലേമിലെ എക്കോള്‍ ബിബ്ലിക് ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു പോസ്റ്റ് ഡോക്ടറല്‍ ഡിപ്ലോമയും കരസ്ഥമാക്കി.

ദീപിക കണ്ണൂര്‍ റസിഡന്റ് മാനേജര്‍, തലശേരി അതിരൂപത ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍, അതിരൂപത ചാന്‍സലര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യയിലെ വിവിധ സെമിനാരികളില്‍ വിസിറ്റിംഗ് പ്രഫസറായും തലശേരി അതിരൂപതയിലും ജര്‍മനിയിലെ വ്യൂര്‍സ്ബുര്‍ഗ് രൂപതയിലും ഇടവക വികാരിയായും ശുശ്രൂഷ ചെയ്തു.

ബൈബിള്‍ വിജ്ഞാനീയത്തിലും ഇതര വിഷയങ്ങളിലുമായി 10 ഗ്രന്ഥങ്ങളും, അന്തര്‍ദേശീയ ജേര്‍ണലുകളിലും ആനുകാലികങ്ങളിലും ഒട്ടേറെ ലേഖനങ്ങളും രചിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, ഗ്രീക്ക്, ഹീബ്രു ഭാഷകളില്‍ പാണ്ഡിത്യമുണ്ട്. മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍നിന്നു ഫിലോസഫിയിലും ബിരുദാനന്തരബിരുദം നേടി. മധ്യപ്രദേശിലെ സത്‌ന സെന്റ് എഫ്രേംസ് തിയളോജിക്കല്‍ കോളജില്‍ പ്രഫസറായിരിക്കെയാണ് ദീപിക ചീഫ് എഡിറ്ററായി നിയമിതനായത്.

ദീപികയുടെയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും ഉള്ളടക്കത്തില്‍ മികവും ആധുനികീകരണവും നടപ്പാക്കിയാണ് ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ വിരമിക്കുന്നത്. ദീപിക ഓണ്ലൈലന്‍ പ്ലാറ്റ്‌ഫോമിനു കാലോചിത പരിഷ്‌കരണങ്ങള്‍ നടപ്പാക്കി നവമാധ്യമരംഗത്തു പുതുമ പകര്‍ന്നു. 1887 മുതല്‍ മലയാളഭാഷയുടെയും ചരിത്രത്തിന്റെയും നേര്‍സാക്ഷ്യമായ ദീപികയുടെ താളുകള്‍ വായനക്കാര്‍ക്കും ഗവേഷകര്‍ക്കും പ്രയോജനപ്പെടുംവിധം ഡിജിറ്റൈസ് ചെയ്തതും ദീപിക ലൈബ്രറി സാങ്കേതിക മികവോടെ നവീകരിച്ചതും ഫാ. ബോബി അലക്‌സ് നല്‍കിയ ഈടുറ്റ സംഭാവനയാണ്.

ദേശീയ നേതാക്കളെയും ആധ്യാത്മിക, രാഷ്ട്രീയ, സാംസ്‌കാരിക പ്രമുഖരെയും പങ്കെടുപ്പിച്ചു കേരളത്തിലും പുറത്തും ദീപിക നടത്തിയ വിവിധ സമ്മേളനങ്ങള്‍ക്കു നേതൃത്വം നല്‍കി. കൃഷി, വിദ്യാഭ്യാസം, ആതുരശുശ്രൂഷ തുടങ്ങി എല്ലാ മേഖലകളുടെയും ഉയര്‍ച്ച ലക്ഷ്യമാക്കി സമൂഹിക പ്രതിബദ്ധതയോടെ പത്രപ്രവര്‍ത്തനം നടത്തി. ഒപ്പം കത്തോലിക്കാ സഭ ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വാസമൂല്യങ്ങളിലും ആത്മീയ ചിന്താധാരകളിലും അടിയുറച്ചു ദീപികയുടെയും സഹ പ്രസിദ്ധീകരണങ്ങളുടെയും ചുമതല വഹിച്ചു.

അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് ലൂസിയാനയില്‍നിന്നു മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദം നേടി. പ്രശസ്തമായ ഫുള്‍െ്രെബറ്റ് ഹെയ്‌സ് സ്‌കോളര്‍ഷിപ്പ് നേടിയ അദ്ദേഹം ലൂസിയാന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഉപരിഗവേഷണം നടത്തിവരവേയാണ് ദീപികയില്‍ നിയമി തനായത്.

ദീപികയ്ക്കു പുതുമകളുടെ മാധ്യമതലങ്ങളെ സമ്മാനിക്കാന്‍ ഫാ. ബോബി അലക്‌സിനു കഴിഞ്ഞതില്‍ രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡും മാനേജ്‌മെന്റും നന്ദി അറിയിച്ചു. കാഞ്ഞിരപ്പള്ളി രൂപതയില്‍ അജപാലനം, സാമൂഹികക്ഷേമ ഡിപ്പാര്‍ട്ട്‌മെന്റുകള്‍, സൊസൈറ്റികള്‍, കോളജുകളും സ്‌കൂളുകളും ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ ചുമതലയുള്ള സിഞ്ചെല്ലൂസായാണ് ഫാ. ബോബി അലക്‌സ് നിയമിതനായിരിക്കുന്നത്.


Related Articles »