News - 2024

സഭ ലക്ഷ്യമാക്കുന്നത് സാമുദായിക ഐക്യവും സഹവർത്തിത്വവും; വിവാദമല്ല പൊതുസമൂഹം ഉത്തരവാദിത്തത്തോടെ ചർച്ച ചെയ്യുകയാണ് യുക്തം: കെസിബിസി

പ്രവാചകശബ്ദം 11-09-2021 - Saturday

കൊച്ചി: കേരളം ഗൗരവതരമായ ചില സാമൂഹിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുവെന്നുള്ളത് വാസ്തവമാണെന്നും പാലാ രൂപതാ മെത്രാനായ മാർ. ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകൾ വിവാദമാക്കുകയല്ല, പൊതുസമൂഹത്തിൽ ഉത്തരവാദിത്തത്തോടെ ചർച്ച ചെയ്യുകയാണ് യുക്തമെന്നും കേരള കത്തോലിക്ക മെത്രാന്‍ സമിതി. മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നു എന്ന യാഥാർഥ്യം ഐക്യരാഷ്ട്രസഭയുടെ തന്നെ റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഈ പശ്ചാത്തലത്തിൽ, ചില സംഘടനകൾ കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന ആശങ്ക പങ്കുവയ്ക്കുകയാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ചെയ്തതെന്നും കെ‌സി‌ബി‌സി പ്രസ്താവനയില്‍ വ്യക്തമാക്കി.

കെ‌സി‌ബി‌സി പ്രസ്താവനയുടെ പൂര്‍ണ്ണരൂപം ‍

കേരളം ഗൗരവതരമായ ചില സാമൂഹിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു എന്നുള്ളത് വാസ്തവമാണ്. അതിൽ പ്രധാനപ്പെട്ട ചിലതാണ് തീവ്രവാദ പ്രസ്ഥാനങ്ങളുടെ സാന്നിധ്യവും മയക്കുമരുന്ന് ഉപഭോഗത്തിന്റെ അമ്പരപ്പിക്കുന്ന വർദ്ധനവും. മുഖ്യധാരാ മാധ്യമങ്ങൾ വേണ്ടത്ര പ്രാധാന്യം ഇത്തരം വിഷയങ്ങൾക്ക് നൽകുന്നില്ലെങ്കിൽ തന്നെയും ഓരോ ദിവസവും പുറത്തുവരുന്ന അനവധി വാർത്തകളിലൂടെ ഇത്തരം യാഥാർഥ്യങ്ങൾ വ്യക്തമാണ്. ഐസിസ് ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകൾക്ക് കേരളത്തിൽ കണ്ണികളുണ്ട് എന്ന മുന്നറിയിപ്പ് വിവിധ അന്വേഷണ ഏജൻസികൾ നൽകിയിട്ടും, ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് കോടി രൂപയുടെ മയക്കുമരുന്ന് കേരളത്തിൽ പിടിക്കപ്പെട്ടിട്ടും ഇത്തരം സംഘങ്ങളുടെ പിന്നാമ്പുറങ്ങളെക്കുറിച്ച് വേണ്ട രീതിയിലുള്ള അന്വേഷണങ്ങൾ നടത്തിയിട്ടുള്ളതായി അറിവില്ല.

മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നു എന്ന യാഥാർഥ്യം ഐക്യരാഷ്ട്രസഭയുടെ തന്നെ റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ പശ്ചാത്തലത്തിൽ, ചില സംഘടനകൾ കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന ആശങ്ക പങ്കുവയ്ക്കുകയും അതേക്കുറിച്ച് യുവജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്ത പാലാ രൂപതാ മെത്രാനായ മാർ. ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകൾ വിവാദമാക്കുകയല്ല, പൊതുസമൂഹത്തിൽ ഉത്തരവാദിത്തത്തോടെ ചർച്ച ചെയ്യുകയാണ് യുക്തം.

തീവ്രവാദ നീക്കങ്ങളും മയക്കുമരുന്ന് മാഫിയയുടെ ഇടപെടലുകളും സംബന്ധിച്ച സാധാരണ ജനങ്ങളുടെ ആശങ്കൾ ഉൾക്കൊണ്ട് അവയെക്കുറിച്ച് ശരിയായ അന്വേഷണങ്ങൾ നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. കേരളസമൂഹം നേരിടുന്ന ഇത്തരം കടുത്ത വെല്ലുവിളികൾ തുറന്നുപറയുന്നത് ഏതെങ്കിലും സമുദായത്തിനെതിരായ ആരോപണമല്ല. അത്തരം തുറന്നുപറച്ചിലുകൾ വർഗ്ഗീയ ലക്ഷ്യത്തോടെയാണെന്ന മുൻവിധി ആശാസ്യമല്ല.

പകരം, ഇത്തരം അപചയങ്ങൾ പരിഹരിച്ച് സാമൂഹിക മൈത്രി നിലനിർത്താനുള്ള ചുമതല സമുദായ നേതൃത്വങ്ങൾ ഏറ്റെടുക്കണം. വർഗ്ഗീയ ധ്രുവീകരണമല്ല, സാമുദായിക ഐക്യവും സഹവർത്തിത്വവുമാണ് കത്തോലിക്കാ സഭ ലക്ഷ്യംവയ്ക്കുന്നത്. സാമൂഹിക സൗഹൃദം എന്ന വലിയ ലക്ഷ്യത്തിനായി എല്ലാ സമുദായ നേതൃത്വങ്ങളും ഒരുമിക്കുകയും സാമൂഹിക തിന്മകൾക്കെതിരെ ഒറ്റക്കെട്ടായി പോരാടുകയും വേണം.

ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി, ഡെപ്യൂട്ടി സെക്രട്ടറി, ഔദ്യോഗിക വക്താവ് കെസിബിസി ‍

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »