India - 2025
"സമൂഹം ചര്‍ച്ച ചെയ്യേണ്ട വിഷയം വളച്ചൊടിക്കുന്നു": മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയേറുന്നു
പ്രവാചകശബ്ദം 13-09-2021 - Monday
കോട്ടയം: യുവ സമൂഹത്തെ ലക്ഷ്യമാക്കി ചില തീവ്ര സ്വഭാവമുള്ളവര്‍ നടത്തുന്ന അപകടകരമായ പ്രവണതകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയേറുന്നു. പാലാ എംഎൽഎ മാണി സി കാപ്പന്‍ , കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എംഎല്‍എ, കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാനും പ്രതിപക്ഷ ചീഫ് വിപ്പുമായ മോന്‍സ് ജോസഫ് എംഎല്‍എ, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി, അടക്കം നിരവധി പ്രമുഖരാണ് ബിഷപ്പിന് പിന്തുണ അറിയിച്ച് രംഗത്തുവന്നിരിക്കുന്നത്. ബിഷപ്പിന്റെ പ്രസംഗത്തിന്റെ പാവനതയും ഉദ്ദേശശുദ്ധിയും വളച്ചൊടിക്കുന്നതിന് താൽപര്യമുളളവരുടെ കടന്നുകയറ്റമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മാണി സി കാപ്പന്‍ എംഎല്‍എ പ്രതികരിച്ചു.
കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എംഎല്‍എ പാലാ ബിഷപ്‌സ് ഹൗസിലെത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി. തന്റെ വിശ്വാസികളോടും അജഗണങ്ങളോടുമായി നടത്തിയ ഉപദേശമായി ബിഷപ്പിന്റെ പ്രസംഗത്തെ കണ്ടാല്‍മതിയെന്നും മറ്റു രീതിയില്‍ വഴിതിരിച്ചു വിടേണ്ട കാര്യമില്ലെന്നും പി.ജെ. ജോസഫ് പറഞ്ഞു. മയക്കുമരുന്ന് എന്ന സാമൂഹ്യവിപത്തു ചൂണ്ടിക്കാട്ടുകയും അതിനെതിരേ ജാഗ്രതാ നിര്‍ദേശം നല്‍കുകയുമാണ് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ചെയ്തതെന്നു കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി പറഞ്ഞു.
സാമൂഹ്യതിന്മകള്‍ക്ക് എതിരേ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവത്കരിക്കാനുള്ള ഉത്തരവാദിത്വം എക്കാലവും സഭാനേതൃത്വം നിര്‍വഹിച്ചിട്ടുണ്ട്. സ്ത്രീധനം, ജാതിവിവേചനം തുടങ്ങിയ ദുരാചാരങ്ങള്‍ക്ക് എതിരായി രൂപപ്പെട്ട ചെറുത്തുനില്‍പ്പ് ലഹരി മാഫിയകള്‍ക്ക് എതിരേയും രൂപപ്പെടണം. ബിഷപ്പിനെ ആക്ഷേപിക്കുന്നവര്‍ കേരളത്തിന്റെ മതസാഹോദര്യവും സമാധാന അന്തരീക്ഷവുമാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും അത് എതിര്‍ക്കപ്പെടേണ്ടതുണ്ടെന്നും ബിഷപ്പിന്റെ വാക്കുകള്‍ വളച്ചൊടിച്ച് ഉപയോഗിക്കുന്നത് സമൂഹത്തിന്റെ പൊതുവായ താല്‍പര്യങ്ങള്‍ക്ക് വിപരീതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മയക്കുമരുന്ന് വ്യാപാരം ഉള്‍പ്പെടെയുള്ള സാമൂഹ്യ തിന്മകള്‍ സമൂഹത്തില്‍ വ്യാപിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ക്രൈസ്തവ സഭാ വിശ്വാസികളോടു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തു വിവാദം സൃഷ്ടിക്കുന്നതിന് ഒരു വിഭാഗം നടത്തിയ നീക്കം തികച്ചും നിര്‍ഭാഗ്യകരമാണെന്ന് കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാനും പ്രതിപക്ഷ ചീഫ് വിപ്പുമായ മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. ധാര്‍മിക മൂല്യങ്ങള്‍ക്കു വില കല്‍പ്പിക്കുന്ന ക്രൈസ്തവ സഭ ധാര്‍മിക അധഃപതനത്തിനെതിരേ ജാഗ്രത പാലിക്കേണ്ടതിന്റെ അനിവാര്യതയാണ് ബിഷപ്പ് കല്ലറങ്ങാട്ട് ചൂണ്ടിക്കാണിച്ചത്. ഇക്കാര്യം നേരായ മാര്‍ഗത്തില്‍ വിലയിരുത്തിയാല്‍ വിവാദങ്ങള്‍ അവസാനിക്കുമെന്നു മോന്‍സ് ജോസഫ് ചൂണ്ടിക്കാട്ടി.
ഇതോടൊപ്പം ക്രൈസ്തവ സഭാ വിശ്വാസികളുടെ ജീവിത വീക്ഷണത്തില്‍ പുലര്‍ത്തേണ്ടതും സംരക്ഷിക്കേണ്ടതുമായ മൂല്യാധിഷ്ഠിത നിലപാടുകളെക്കുറിച്ച് സഭാത്മകമായി ബിഷപ്പ് വിശദീകരിച്ചതിനെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ വസ്തുതകള്‍ വിസ്മരിക്കുന്നതായിട്ടു മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയോട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നടത്തിയ പ്രതികരണങ്ങളോട് വിയോജിപ്പുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ബിജെപി നേതൃത്വം നേരത്തെ തന്നെ ബിഷപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിന്നു.