India - 2025

മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഓര്‍മ്മിപ്പിച്ചത് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന്: കോതമംഗലം രൂപത

13-09-2021 - Monday

കോതമംഗലം: മതത്തിന്റെ മറവില്‍ സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശ്വാസിസമൂഹത്തെ ആഹ്വാനം ചെയ്തത് സമൂഹത്തിന്റെ നന്മ കാംക്ഷിക്കുന്ന ഏവരും സ്വീകരിച്ചെന്ന് കോതമംഗലം രൂപത. ബിഷപ്പിന്റെ ഭാഗത്തുനിന്നു മതസ്പര്‍ധ ഉണര്‍ത്തുന്ന ഒരു പ്രസ്താവനയും ഉണ്ടായിട്ടില്ല.

സമൂഹത്തില്‍ വളര്‍ന്നുവരുന്ന തെറ്റായ പ്രവണതകള്‍ക്കെതിരേ അതിസൂക്ഷ്മനിരീക്ഷണം നടത്തിയശേഷം ജാഗ്രതയോടും കൃത്യതയോടും കൂടി നിലപാട് വ്യക്തമാക്കിയതിനെ കോതമംഗലം രൂപതാ ജാഗ്രതാസമിതി അഭിനന്ദിച്ചു. സമൂഹത്തില്‍ പ്രബലമാകുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആഴത്തില്‍ അന്വേഷണം നടത്താനോ ലഭ്യമായ തെളിവുകളെ ഗൗരവത്തിലെടുക്കാനോ തുനിയാത്തത് സര്‍ക്കാര്‍തലത്തിലുള്ള ഗുരുതര വീഴ്ചയാണ്.

തീവ്രവാദ സ്വഭാവമുള്ള പ്രവൃത്തികളെ വിമര്‍ശിക്കുന്നവരെ ഒറ്റപ്പെടുത്തുന്ന രാഷ്ട്രീയനേതാക്കന്മാരുടെ പ്രസ്താവനകള്‍ കേരളത്തിലെ രാഷ്ട്രീയ ധാര്‍മിക നിലവാരത്തകര്‍ച്ച വ്യക്തമാക്കുന്നതാണെന്നും രൂപതാസമിതി വ്യക്തമാക്കി. ബിഷപ്പുമാര്‍ സത്യം സമൂഹത്തോട് വിളിച്ചുപറയണമെന്നും വിശ്വാസിസമൂഹം അതിനൊപ്പം നിലകൊള്ളുമെന്നും സമിതി വ്യക്തമാക്കി. കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രൂപതാ ജാഗ്രതാ സമിതി പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.


Related Articles »