Life In Christ
കര്‍ദ്ദിനാള്‍ വിസിന്‍സ്കിയും മദര്‍ റോസായും വാഴ്ത്തപ്പെട്ട ഗണത്തില്‍: ചടങ്ങില്‍ പങ്കെടുത്ത് പോളിഷ് പ്രസിഡന്‍റും പ്രധാനമന്ത്രിയും
പ്രവാചകശബ്ദം 13-09-2021 - Monday
വാര്‍സോ: ഇരുപതാം നൂറ്റാണ്ടിലെ പോളണ്ടിന്റെ കത്തോലിക്ക ചരിത്രത്തിലെ ദീപസ്തംഭങ്ങളായി നിലകൊണ്ട കര്‍ദ്ദിനാള്‍ സ്റ്റെഫാന്‍ വിസിന്‍സ്കിയേയും മദര്‍ എല്‍സ്ബിയറ്റാ റോസാ ക്സാക്കായേയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. പരിശുദ്ധ കന്യകാ മാതാവിന്റെ തിരുനാമത്തിന്റെ തിരുനാള്‍ ദിനമായ ഇന്നലെ സെപ്റ്റംബര്‍ 12 ഞായറാഴ്ച പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോയിലെ ടെംപിള്‍ ഓഫ് ഡിവൈന്‍ പ്രോവിഡന്‍സ് ദേവാലയത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്കിടെ വത്തിക്കാന്‍ നാമകരണ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ മാര്‍സെല്ലോ സെമാരോയാണ് പ്രഖ്യാപനം നടത്തിയത്. പോളിഷ് പ്രസിഡന്‍റ് ആൻഡ്രസെജ് ഡൂഡ, പ്രധാനമന്ത്രി മാറ്റ്യൂസ് മൊറാവീക്കി, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കം നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്.
കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിനെതിരെയുള്ള പോളിഷ് സഭയുടെ ചെറുത്തു നില്‍പ്പുകള്‍ക്ക് നേതൃത്വം നല്‍കിയ ധീരനായ പിതാവായിരുന്നു വാഴ്ത്തപ്പെട്ട വിസിന്‍സ്കി. കാഴ്ചശക്തിയില്ലാത്തവരുടെ പരിചരണത്തില്‍ വിപ്ലവം സൃഷ്ടിച്ച അന്ധയായ മദര്‍ ക്സാക്കാ നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃകയായിരിന്നു. ഇന്ന്‍ വാഴ്ത്തപ്പെട്ടവരായവര്‍ ഈ രാഷ്ട്രത്തില്‍ നിന്നും അളവില്ലാത്ത വിശ്വാസ നന്മയും, ദൈവസ്നേഹത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യത്തില്‍ നിന്നും ആവേശവും സ്വീകരിച്ചവരാണെന്നും വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ കര്‍ദ്ദിനാള്‍ സെമാരോ പറഞ്ഞു.
Polska nie miała szczęścia do historii, ale zawsze miała szczęście do ludzi. Dziś cieszymy się podwójnie i mamy podwójną okazję by dziękować. Dziś wywyższonych zostało dwoje ludzi, którzy całe życie poświęcili służbie - służbie Polsce i drugiemu człowiekowi. pic.twitter.com/2MM0ocbQnr
— Mateusz Morawiecki (@MorawieckiM) September 12, 2021
ഇരുവരും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുവാന്‍ തിരുസഭ പഠനങ്ങള്‍ക്ക് ശേഷം അംഗീകരിച്ച അത്ഭുതത്തിന് കാരണമായ വ്യക്തികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. സുവിശേഷത്തോട് വിശ്വസ്തത പുലര്‍ത്തിയ ജീവിത സാക്ഷ്യമായിരുന്നു അവര്‍ നല്‍കിയതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്നുവന്നിരുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന് സമാപനം കുറിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ അര്‍പ്പിച്ച അതേ സമയത്ത് തന്നെയായിരുന്നു വാര്‍സോയിലെ വിശുദ്ധ കുര്‍ബാനയും. തന്റെ ബലിയര്‍പ്പണത്തില്‍ പാപ്പ ഇരുവരെയും അനുസ്മരിച്ചിരിന്നു.
ഇന്ന്‍ ഇവിടെ നിന്നും അധികം ദൂരത്തല്ലാത്ത വാര്‍സോയില്‍ സുവിശേഷത്തിന് സാക്ഷ്യം വഹിച്ച കര്‍ദ്ദിനാള്‍ സ്റ്റെഫാന്‍ വിസിന്‍സ്കിയും, ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് സെര്‍വന്റ്സ് ഓഫ് ദി ക്രോസ്റ്റ് സഭയുടെ സ്ഥാപകയുമായ എല്‍സ്ബിയറ്റാ ക്സാക്കായും വാഴ്ത്തപ്പെട്ടവരാക്കപ്പെടുകയാണെന്നും, ഇവര്‍ രണ്ടുപേരും കുരിശിനോട് ഏറ്റവും അടുത്തവരായിരുന്നെന്നും പാപ്പ പറഞ്ഞു. അറസ്റ്റും തടവുശിക്ഷയും നേരിട്ടിട്ടുള്ള കര്‍ദ്ദിനാള്‍ വിന്‍സിന്‍സ്കി ധീരനായ അജപാലകനായിരുന്നെന്നും, ചെറുപ്പത്തില്‍ കാഴ്ച ശക്തി നഷ്ടപ്പെട്ട സിസ്റ്റര്‍ എല്‍സ്ബിയറ്റാ തന്റെ മുഴുവന്‍ ജീവിതവും അന്ധര്‍ക്കായി മാറ്റിവെച്ചിരിക്കുകയായിരുന്നെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
പോളണ്ടിലെ കമ്മ്യൂണിസ്റ്റ് കിരാത ഭരണത്തിനിടയിലും ക്രിസ്തീയ വിശ്വാസത്തിന് ബലക്ഷയം കൂടാതെ സംരക്ഷണമേകാന്‍ അഹോരാത്രം പരിശ്രമിച്ച കര്‍ദ്ദിനാള്‍ സ്റ്റെഫാന്‍ വിസിന്‍സ്കിയോടുള്ള ആദരണാര്‍ത്ഥം 2021 കര്‍ദ്ദിനാള്‍ വിസിന്‍സ്കിയുടെ വര്‍ഷമായി പോളണ്ട് പാര്‍ലമെന്റ് പ്രഖ്യാപിച്ചിരിന്നു. ക്രൈസ്തവ മൂല്യങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന കത്തോലിക്ക ഭൂരിപക്ഷ രാജ്യമാണ് പോളണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക