News

4 വര്‍ഷത്തിന് ശേഷം നീതി: മധ്യപ്രദേശില്‍ വൈദികനെതിരെ ചുമത്തിയ വ്യാജ മതപരിവര്‍ത്തന കേസ് സുപ്രീംകോടതി തള്ളി

പ്രവാചകശബ്ദം 14-09-2021 - Tuesday

ന്യൂഡല്‍ഹി: മതപരിവര്‍ത്തനത്തിന് ശ്രമിച്ചു എന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ നാലു വര്‍ഷം നീണ്ട നിയമപോരാട്ടം നടത്തിയ കത്തോലിക്ക വൈദികന് ഒടുവില്‍ നീതി. സംഘപരിവാര്‍ സംഘടന ഉയര്‍ത്തിയ വ്യാജ പരാതിയെ തുടര്‍ന്നു കുറ്റാരോപണം നേരിട്ട സത്നായിലെ സെന്റ്‌ എഫ്രേം തിയോളജിക്കല്‍ കോളേജിലെ പ്രൊഫസ്സറായ ഫാ. ജോര്‍ജ്ജ് മംഗലപ്പിള്ളി എന്ന വൈദികനെ സുപ്രീം കോടതിയാണ് കുറ്റവിമുക്തനാക്കിയത്. തനിക്കെതിരെ ചുമത്തിയ മതപരിവര്‍ത്തന കേസ് സുപ്രീം കോടതി തള്ളിയതില്‍ അദ്ദേഹം ആഹ്ലാദം പ്രകടിപ്പിച്ചു. തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണം അടിസ്ഥാന രഹിതമാണെന്ന് മൂന്ന്‍ ജഡ്ജിമാരടങ്ങിയ സുപ്രീം കോടതി ബെഞ്ച്‌ വിധിക്കുകയായിരുന്നെന്നു അറുപത്തിനാല് വയസ്സുള്ള ഫാ. ജോര്‍ജ്ജ് സെപ്റ്റംബര്‍ 14ന് ‘മാറ്റേഴ്സ് ഇന്ത്യ’ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വ്യാജ കേസിന്റെ പേരില്‍ തനിക്ക് കീഴ്ക്കോടതി മുതല്‍ സുപ്രീം കോടതി വരെ പോകേണ്ടി വന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെയുള്ള കേസ് തള്ളുവാന്‍ മധ്യപ്രദേശ് ഹൈക്കോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ്‌ ഫാ. ജോര്‍ജ്ജ് സുപ്രീം കോടതിയെ സമീപിച്ചത്. 2017 ഡിസംബര്‍ 14-നാണ് ഫാ. ജോര്‍ജ്ജിനെതിരായ കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. ക്രിസ്തുമസ്സ് കാല പതിവനുസരിച്ച് ഫാ. ജോര്‍ജ്ജും മറ്റൊരു വൈദികനും 32 തിയോളജി വിദ്യാര്‍ത്ഥികളും കൂടി ഭോപ്പാലില്‍ നിന്നും 485 കിലോമീറ്റര്‍ അകലെ സത്നാക്ക് സമീപമുള്ള ജവഹര്‍നഗര്‍ ഭുംകാഹര്‍ ഗ്രാമത്തില്‍ കരോളുമായി പോയിരിന്നു. കരോള്‍ ഗാനം തടസ്സപ്പെടുത്തിയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഫാ. ജോര്‍ജ്ജും സംഘവും അവിടെയുള്ള ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തുവാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചു.

കരോള്‍ സംഘത്തെ രക്ഷിക്കുവാന്‍ എന്ന വ്യാജേന സിവില്‍ ലൈന്‍സ് സ്റ്റേഷനില്‍ കൊണ്ടുപോയ പോലീസ് ഇവരെക്കുറിച്ച് അന്വേഷിക്കുവാനെത്തിയ 7 പുരോഹിതരേയും കസ്റ്റഡിയില്‍ എടുത്തു. സ്റ്റേഷന്‍ ഉപരോധിച്ച ഹിന്ദുത്വവാദികള്‍ വൈദികര്‍ വന്ന വാഹനം അഗ്നിക്കിരയാക്കുകയും, കത്തോലിക്കരില്‍ ചിലരെ മര്‍ദ്ദിക്കുകയും ചെയ്തു. ഹിന്ദുത്വവാദികള്‍ ഹാജരാക്കിയ ധര്‍മ്മേന്ദ്ര കുമാര്‍ ദോഹാര്‍ എന്ന വ്യക്തിയാണ് ഫാ. ജോര്‍ജ്ജിനെതിരെ വ്യാജ മൊഴി നല്‍കിയത്. തനിക്ക് 5,000 രൂപ വാഗ്ദാനം ചെയ്തുകൊണ്ട് ഒരു കുളത്തില്‍ മുക്കി മതപരിവര്‍ത്തനം ചെയ്തുവെന്നാണ് ധര്‍മ്മേന്ദ്ര കുമാര്‍ പറഞ്ഞത്. തനിക്കെതിരേയും കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരേയും കേസെടുത്ത പോലീസ് തന്നെ അറസ്റ്റ് ചെയ്തുവെന്നും തനിക്കൊപ്പമുണ്ടായിരുന്നവരെ പോലീസ് പോകുവാന്‍ അനുവദിച്ചെങ്കിലും പിറ്റേദിവസം തനിക്ക് ജാമ്യം കിട്ടുന്നത് വരെ പുരോഹിതരും സെമിനാരി വിദ്യാര്‍ത്ഥികളും അവിടെ തന്നെ തുടര്‍ന്നുവെന്നും ഫാ. ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

സെമിനാരിയും രൂപതയും സാമ്പത്തികമായി സഹായിച്ചുവെങ്കിലും ഫാ. ജോര്‍ജ്ജ് ഒറ്റക്കാണ് നിയമപോരാട്ടം നടത്തിയത്. 2009-ന് ശേഷം മതപരിവര്‍ത്തനത്തിന്റെ പേരില്‍ ഫാ. ജോര്‍ജ്ജിനെതിരെ ആരോപിക്കപ്പെടുന്ന മൂന്നാമത്തെ കേസാണിത്. ഈ സംഭവം സെമിനാരി വിദ്യാര്‍ത്ഥികളെ ഉലച്ചുവെങ്കിലും അവരുടെ ദൈവനിയോഗം ശക്തിപ്പെടുത്തുവാന്‍ ഉപകരിച്ചുവെന്നും, 32 സെമിനാരി വിദ്യാര്‍ത്ഥികളില്‍ അപകടത്തില്‍ മരണപ്പെട്ട ഒരാള്‍ ഒഴികെ ബാക്കിയുള്ള എല്ലാവരും തിരുപ്പട്ടം സ്വീകരിച്ചുവെന്നും ഫാ. ജോര്‍ജ്ജ് പറയുന്നു. 2011-ലെ സെന്‍സസ് അനുസരിച്ച് ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ 2,10,000-ത്തോളം ക്രൈസ്തവരാണ് ഉള്ളത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »