News - 2024

പ്രസംഗത്തിന്റെ സാഹചര്യവും ഉദ്ദേശശുദ്ധിയും വളച്ചൊടിച്ചു, ഒറ്റക്കെട്ടായി പിതാവിനോടൊപ്പം: സീറോ മലബാര്‍ സഭ

പ്രവാചകശബ്ദം 22-09-2021 - Wednesday

കാക്കനാട്: മാർ ജോസഫ് കല്ലറങ്ങാട്ട് ഏതെങ്കിലും ഒരു സമുദായത്തെയോ മതത്തെയോ മതവിശ്വാസത്തെയോ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചിട്ടില്ലായെന്നത് ഏവർക്കും വ്യക്തമായ കാര്യമാണെന്നും അദ്ദേഹത്തിന്റെ പ്രസംഗം വിവാദമാക്കിയവർ അദ്ദേഹം ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം ബോധപൂർവം നഷ്ടപ്പെടുത്തുകയാണ് ചെയ്തതെന്നും സീറോ മലബാര്‍ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍. യാഥാർത്ഥ്യമറിഞ്ഞിട്ടും പലവിധ സമ്മർദ്ധങ്ങൾക്കു വഴങ്ങി കല്ലറങ്ങാട്ടു പിതാവിനെ കുറ്റപ്പെടുത്താനുള്ള നീക്കം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെതിരെ ഒറ്റക്കെട്ടായി പിതാവിനോടൊപ്പം നിലകൊള്ളുമെന്നും വ്യക്തമാക്കുന്നതായും പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ഇന്നു പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. .

'നാർക്കോ ജിഹാദ്’ എന്ന വാക്ക്, അഫ്ഗാനിസ്ഥാനിൽ നടത്തുന്ന മയക്കുമരുന്നു കച്ചവടവുമായി ബന്ധപ്പെടുത്തി ‘യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസ്’ ന്റെ 2017-ലെ ഒരു പ്രബന്ധത്തിൽ ഉപയോഗിച്ചിട്ടുള്ളതാണെന്ന് കമ്മീഷന്റെ പ്രസ്താവനയുടെ ആമുഖത്തില്‍ തന്നെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. കല്ലറങ്ങാട്ട് പിതാവിന്റെ പ്രസംഗം വിവാദമാക്കിയവർ അദ്ദേഹം ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം ബോധപൂർവം നഷ്ടപ്പെടുത്തി. അതിനുവേണ്ടി സമകാലിക കേരളസമൂഹത്തിൽ എളുപ്പത്തിൽ വിറ്റഴിയുന്ന ‘മതസ്പർധ’, ‘വർഗീയത’ എന്നീ ലേബലുകൾ പിതാവിന്റെ പ്രസംഗത്തിനു നൽകി. മാർ കല്ലറങ്ങാട്ടു നടത്തിയത് പൊതുജനത്തിനുവേണ്ടിയുള്ള ഒരു പ്രസ്താവനയായിരുന്നില്ല. ദേവാലയത്തിൽ വച്ച് സഭാമക്കളോട് നടത്തിയ ഒരു പ്രസം​ഗമാണ് എന്ന വസ്തുത ചിലര്‍സൗകര്യപൂർവ്വം അവ​ഗണിക്കുകയാണ് ചെയ്തതെന്നും പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ കുറ്റപ്പെടുത്തി.

വർഗീയതയോ മതസ്പർധയോ വളർത്തുന്ന യാതൊരു നിലപാടും സഭ നാളിതുവരെ സ്വീകരിച്ചിട്ടില്ല. അതിനാൽ മതവിദ്വേഷവും സാമുദായിക സ്പർദ്ധയും വളർത്തുന്ന പ്രചരണങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനില്ക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. അതേസമയം, പൊതുസമൂഹത്തോടു ചേർന്നു കേരളസമൂഹത്തിന്റെ നന്മയും സമാധാനവും ഇല്ലാതാക്കുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ഫലപ്രദമായി അന്വേഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ പ്രസ്താവനയില്‍ കുറിച്ചു.

സീറോ മലബാര്‍ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷന്റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം ​‍

​പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് 2021 സെപ്റ്റംബർ 8-ാം തീയതി കുറവിലങ്ങാട് പള്ളിയിൽ വി. കുർബാനമദ്ധ്യേ നടത്തിയ പ്രസംഗത്തിൽ, തന്റെ ശ്രദ്ധയ്ക്കും കരുതലിനും ഏൽപ്പിക്കപ്പെട്ടിരിക്കുന്ന സഭാമക്കൾക്ക് നൽകിയ ചില മുന്നറിയിപ്പുകളുടെ പേരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിവാദം ദൗർഭാ​ഗ്യകരമാണ്. മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഏതെങ്കിലും ഒരു സമുദായത്തെയോ മതത്തെയോ മതവിശ്വാസത്തെയോ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചിട്ടില്ലായെന്നത് ഏവർക്കും വ്യക്തമായ കാര്യമാണ്. അതേസമയം ചില സംഘടിത സമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പു നൽകുകയും ചെയ്തു. ഏതെങ്കിലും ഒരു മതത്തെയോ മതവിശ്വാസത്തെയോ കുറ്റപ്പെടുത്തുടുത്തി മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സംസാരിച്ചിട്ടില്ലെന്ന് പാലരൂപതാ കേന്ദ്രവും വ്യക്തമാക്കിയിട്ടുള്ളതാണ്.

​'നാർക്കോ ജിഹാദ്’ എന്ന വാക്ക്, അഫ്ഗാനിസ്ഥാനിൽ നടത്തുന്ന മയക്കുമരുന്നു കച്ചവടവുമായി ബന്ധപ്പെടുത്തി ‘യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസ്’ ന്റെ 2017-ലെ ഒരു പ്രബന്ധത്തിൽ ഉപയോഗിച്ചിട്ടുള്ളതാണ്. ഭീകരവാദ സംഘടനകൾ മയക്കുമരുന്നു വിൽപ്പനനടത്തുന്നുണ്ട് എന്നതു വസ്തുതകളുടെ അടിസ്ഥാനത്തിൽ മേൽപറഞ്ഞ രേഖ സമർത്ഥിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്നു കയറ്റിവിട്ട 21,000 കോടി വിലവരുന്ന 3000 കിലോ മയക്കുമരുന്നു ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നു ഏതാനും ദിവസങ്ങൾക്കു മുൻപു പിടിച്ചെടുത്തു. അത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയായി ദേശീയ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളോടു ശത്രുതാപരമായ അകലം പാലിക്കുന്നവരാണു കേരളത്തിലെ എല്ലാ മതസമൂഹങ്ങളും സംഘടനകളും. അതേസമയം, കേരളസമൂഹത്തിലും അപകടകരമായ ഈ ‘മരണവ്യാപാരം’ നടക്കുന്നുണ്ട് എന്നതു വസ്തുതയാണ്. ഇതിനെതിരെയാണ് മാർ ജോസഫ് കല്ലറങ്ങാട്ട് മുന്നറിയിപ്പു നൽകിയത്.

​അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവിന്റെ പ്രസംഗം വിവാദമാക്കിയവർ അദ്ദേഹം ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം ബോധപൂർവം നഷ്ടപ്പെടുത്തി. അതിനുവേണ്ടി സമകാലിക കേരളസമൂഹത്തിൽ എളുപ്പത്തിൽ വിറ്റഴിയുന്ന ‘മതസ്പർധ’, ‘വർഗീയത’ എന്നീ ലേബലുകൾ പിതാവിന്റെ പ്രസംഗത്തിനു നൽകി. മാർ കല്ലറങ്ങാട്ടു നടത്തിയത് പൊതുജനത്തിനുവേണ്ടിയുള്ള ഒരു പ്രസ്താവനയായിരുന്നില്ല മറിച്ച്, ദൈവാലയത്തിൽ വച്ച് സഭാമാക്കൾക്കളോട് നടത്തിയ ഒരു പ്രസം​ഗമാണ് എന്ന വസ്തുത സൗകര്യപൂർവ്വം അവ​ഗണിച്ചു. ചില രാഷ്ട്രീയ നേതാക്കന്മാരും മാധ്യമങ്ങളും പ്രസ്ഥാനങ്ങളും അവരുടെ ഇടപെടലുകളിലൂടെ പിതാവിന്റെ പ്രസംഗത്തെ രണ്ടു മതങ്ങൾ തമ്മിലുള്ള പ്രശ്നമായി അവതരിപ്പിച്ചു. ഈ തെറ്റായ അവതരണമാണു വിവാദങ്ങൾക്കും ഫലരഹിതമായ ചർച്ചകൾക്കും കാരണമായത്.

​അതിനാൽ, അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് കുറവിലങ്ങാട് ഇടവകപള്ളിയിൽ നടത്തിയ പ്രസംഗം മതസ്പർധ വളർത്തിയെന്നു ആരോപിച്ചുകൊണ്ട് പിതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ബോധപൂർവകമായ പ്രചരണം നടത്തുന്നവർ അതിൽനിന്നു പിന്മാറണമെന്ന് അഭ്യർത്ഥിക്കുന്നു. പിതാവിന്റെ പ്രസംഗത്തിന്റെ സാഹചര്യവും ഉദ്ദേശശുദ്ധിയും വ്യക്തമാണെന്നിരിക്കേ പിതാവിനെതിരെ നടപടി സ്വീകരിക്കണമെന്നുള്ള മുറവിളി ആസൂത്രിതമാണെന്ന് തിരിച്ചറിയുന്നു. കേരളസമൂഹത്തിൽ നിലനിന്നുപോരുന്ന സാഹോദര്യവും സഹവർത്തിത്വവും നഷ്ടപ്പെടുത്താനേ ഇത്തരം നീക്കങ്ങൾ ഉപകരിക്കൂ. യാഥാർത്ഥ്യമറിഞ്ഞിട്ടും പലവിധ സമ്മർദ്ധങ്ങൾക്കു വഴങ്ങി കല്ലറങ്ങാട്ടു പിതാവിനെ കുറ്റപ്പെടുത്താനുള്ള നീക്കം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെതിരെ ഒറ്റക്കെട്ടായി പിതാവിനോടൊപ്പം നിലകൊള്ളുമെന്നും വ്യക്തമാക്കുന്നു.

​കേരളത്തിന്റെ മതസൗഹാർദവും സാമുദായിക ഐക്യവും കാത്തുസൂക്ഷിക്കാനും പരിപോഷിപ്പിക്കാനും സീറോമലബാർസഭ എന്നും പ്രതിജ്ഞാബദ്ധമാണ്. വർഗീയതയോ മതസ്പർധയോ വളർത്തുന്ന യാതൊരു നിലപാടും സഭ നാളിതുവരെ സ്വീകരിച്ചിട്ടില്ല. അതിനാൽ മതവിദ്വേഷവും സാമുദായിക സ്പർദ്ധയും വളർത്തുന്ന പ്രചരണങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനില്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

അതേസമയം, പൊതുസമൂഹത്തോടു ചേർന്നു കേരളസമൂഹത്തിന്റെ നന്മയും സമാധാനവും ഇല്ലാതാക്കുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ഫലപ്രദമായി അന്വേഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത്തരം തിന്മകൾക്കെതിരെയുള്ള സന്ധിയില്ലാസമരം തുടരുമെന്നും ഇതിനാൽ വ്യക്തമാക്കുന്നു.

​സീറോമലബാർസഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആര്‍ച്ച് ബിഷപ്പ്മാർ ആൻഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ മീറ്റിം​ഗിലാണ് സീറോമലബാർ സഭയുടെ ഈ നിലപാട് വ്യക്തമാക്കിയത്. പബ്ലിക് അഫയേഴ്സ് കമ്മീഷൻ, കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷൻ, മാധ്യമ കമ്മീഷൻ, യുവജന കമ്മീഷൻ, സമർപ്പിതർക്കായുള്ള കമ്മീഷൻ എന്നിവയെ പ്രതിനിധീകരിച്ച് ബിഷപ് മാർ പോളി കണ്ണൂക്കാടൻ, മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാർ ജോസ് പുളിയ്ക്കൽ, മാർ ജോസഫ് പണ്ടാരശ്ശേരിൽ, മാർ തോമസ് തറയിൽ, കമ്മീഷൻ സെക്രട്ടറിമാർ, കത്തോലിക്കാ കോൺ​ഗ്രസ്സ് ​ഗ്ലോബൽ പ്രസിഡണ്ട് അഡ്വ. ബിജു പറയന്നിലം തുടങ്ങിയ അൽമായ പ്രതിനിധികൾ എന്നിവർ യോ​ഗത്തിൽ പങ്കെടുത്തു.


Related Articles »