News - 2025
പ്രാര്‍ത്ഥനയ്ക്കും പോരാട്ടത്തിനും ഫലം: ടാർമിക്‌സിംഗ് പ്ലാൻ്റിന് അനുമതി നിഷേധിച്ചതോടെ 6 മാസങ്ങള്‍ക്ക് ശേഷം പുലിയന്‍പാറ ദേവാലയം തുറന്നു
പ്രവാചകശബ്ദം 26-09-2021 - Sunday
പുലിയന്‍പാറ: ഭീമന്‍ ടാര്‍ മിക്‌സിംഗ് പ്ലാന്റിന്റെ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്ന വിഷപ്പുകയും മാലിന്യവും സഹിക്കാന്‍ പറ്റാതെ അടച്ചുപൂട്ടിയ കവളങ്ങാട് പഞ്ചായത്തിലെ പുലിയന്‍പാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ആറു മാസങ്ങൾക്ക് ശേഷം വീണ്ടും തുറന്നു. കഴിഞ്ഞ ദിവസം ചേർന്ന കവളങ്ങാട് ഗ്രാമപഞ്ചായത്ത് കമ്മിറ്റി ടാർമിക്‌സിംഗ് പ്ലാൻ്റിന് ലൈസൻസ് നിഷേധിച്ചതോടെയാണ് ഇന്ന് സെപ്റ്റംബർ 26 ഞായറാഴ്ച ദേവാലയം തുറന്നത്. കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പള്ളി ഇടവക ജനങ്ങൾക്കായി തുറന്നു. പുലിയൻപാറയിലെ ക്രൈസ്തവരുടെയും നാനാജാതി മതസ്ഥരുടെയും കൂട്ടായ പ്രാർത്ഥനയുടെയും പോരാട്ടത്തിന്റെയും ഫലമായാണ് പഞ്ചായത്ത് നിലപാടിനെ ഏവരും നോക്കികാണുന്നത്.
പുലിയന്‍പാറയില്‍ ജനവാസ കേന്ദ്രത്തില്‍ പള്ളിയോട് ചേര്‍ന്ന് റെഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ടാര്‍ മിക്‌സിംഗ് പ്ലാന്റ് സ്ഥിരമായി സ്ഥാപിക്കാന്‍ നീക്കം ആരംഭിച്ചതു മുതല്‍ ഇടവക വിശ്വാസികളും നാട്ടുകാരും ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ച് സമരപരിപാടികള്‍ നടത്തിവന്നിരിന്നു. എന്നാല്‍ നാട്ടുകാരുടെയും ഇടവക ജനങ്ങളുടെയും ശക്തമായ എതിര്‍പ്പ് മറികടന്നാണ് പ്ലാൻ്റിന് ആറുമാസത്തെ പ്രവര്‍ത്തനാനുമതി കവളങ്ങാട് പഞ്ചായത്ത് നല്‍കിയത്. പണവും സ്വാധീനവും ഉപയോഗിച്ച് പ്ലാന്‍റ് തുറന്നപ്പോള്‍ നില്‍ക്കകള്ളിയില്ലാതായത് പ്രദേശവാസികള്‍ക്കും ഇടവകസമൂഹത്തിനുമായിരിന്നു.
ജനരോഷം വകവെയ്ക്കാതെ മാര്‍ച്ച് ആദ്യവാരത്തിലാണ് ടാർ മിക്സിങ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചത്. പ്രവർത്തനം തുടങ്ങിയതറിഞ്ഞപ്പോള്‍ ഫാ. പോൾ വിലങ്ങുപാറയുടെ നേതൃത്വത്തിൽ പ്ലാന്റിന് മുന്നിൽ പ്രതിഷേധിക്കുകയും പ്ലാന്റിൽ നിന്ന് ടാർ മിക്സ് അടിച്ചുകൊണ്ടുപോകുന്നതിനു അനുദിക്കില്ല എന്ന് പ്ലാന്റുടമയെ അറിയിക്കുകയും ചെയ്തുവെങ്കിലും അധികാരികളുടെ ഒത്താശയോടെ പ്ലാന്‍റുടമ മുന്നോട്ട് പോകുകയായിരിന്നു. ഇതേ തുടര്‍ന്നു ദേവാലയം അടച്ചുപൂട്ടി. പിന്നാലേ കര്‍ശന പ്രക്ഷോഭവുമായി കത്തോലിക്കാ കോൺഗ്രസ് രൂപത സമിതിയുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധ സമരങ്ങളും നടന്നിരുന്നു.
ആറ് മാസത്തിന് ശേഷവും ലൈസന്‍സ് പുതുക്കണമെന്ന ആവശ്യവുമായി കമ്പനി പഞ്ചായത്തിനെ സമീപിക്കുകയായിരുന്നു. ഇതിനായി സമര്‍പ്പിച്ച അപേക്ഷയാണ് പഞ്ചായത്ത് ഭരണസമിതി ഇപ്പോള്‍ തള്ളിയത്. ടാർ മിക്സിങ് പ്ലാന്റിന് തുടർന്ന് ലൈസൻസും, സ്ഥാപനനുമതിയും പുതുക്കി നൽകേണ്ടതില്ല എന്ന തീരുമാനം പള്ളി വികാരി ഫാ. പോൾ ചൂരത്തോട്ടിയെ അറിയിച്ചതോടെ ഇന്നു ദേവാലയം തുറന്നു ബലിയര്‍പ്പണം നടത്തുവാന്‍ തീരുമാനിക്കുകയായിരിന്നു. നിലവിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിനു ആവശ്യമായ എല്ലാ സഹായങ്ങളും നൽകി പ്ലാന്റ് ഇവിടെ നിന്ന് എത്രയും പെട്ടെന്ന് പൊളിച്ചു നീക്കുന്നതിനുള്ള നടപടി പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് പുലിയന്‍പാറ പൌരസമിതിയുടെ ആവശ്യം.