News - 2025
ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവര്‍ക്കായി ശബ്ദമുയര്‍ത്തി വാഷിംഗ്ടണിൽ റാലി
പ്രവാചകശബ്ദം 27-09-2021 - Monday
വാഷിംഗ്ടൺ ഡിസി: ക്രിസ്തു വിശ്വാസത്തെ പ്രതി ആഗോളതലത്തിൽ പീഡനം ഏൽക്കുന്ന ക്രൈസ്തവ വിശ്വാസികളെ സ്മരിച്ച് സെപ്റ്റംബർ 25 ശനിയാഴ്ച അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ മാർച്ച് ഫോർ മാർട്ടേർസ് റാലി നടന്നു. റാലിയുടെ മുഖ്യ സംഘാടകർ കത്തോലിക്ക വിശ്വാസികൾ ആണെങ്കിലും, വിവിധ സഭയുടെ പ്രതിനിധികൾ റാലിയിൽ പങ്കെടുക്കാനെത്തിയിരുന്നു. റാലിയിൽ പ്രസംഗിച്ച നിരവധി ആളുകൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. ക്രൈസ്തവ പീഡനത്തെ പറ്റി ആളുകൾ ഗൗനിക്കാത്തതിന്റെ കാരണം, ക്രൈസ്തവ പീഡനം നടക്കുന്നുണ്ടെന്ന ബോധ്യം അവർക്ക് ഇല്ലാത്തത് കൊണ്ടാണെന്ന് സംഘടനയുടെ അധ്യക്ഷ പദവിയിലുള്ള ജിയോ ചക്കോൺ കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു.
ചൈന, ഉത്തരകൊറിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ അറുപതോളം രാജ്യങ്ങളിൽ ശക്തമായ മതപീഡനം നിലനിൽക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. അമേരിക്കയിലുള്ള ക്രിസ്തുവിൻറെ ശരീരമാണ് അവർക്കുവേണ്ടി ശബ്ദമുയർത്തേണ്ടതെന്ന് ജിയോ ചക്കോൺ കൂട്ടിച്ചേർത്തു. ക്രൈസ്തവരാണ് ലോകത്തിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്നത് എന്ന കാര്യം ആരും ശ്രദ്ധിക്കാറില്ലായെന്നും, അതിനാൽ ക്രൈസ്തവ പീഡനം ആളുകളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ നടത്തുന്ന പൊതു പരിപാടികൾ വളരെയധികം പ്രധാനപ്പെട്ടതാണെന്നും പശ്ചിമേഷ്യയിലെ ക്രൈസ്തവ സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന ബെനഡിക്റ്റ് കീലി എന്ന വൈദികന്‍ പറഞ്ഞു. ക്രൈസ്തവർ തമ്മിലുള്ള ഐക്യത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും ഫാ. ബെനഡിക്ട് ഓര്‍മ്മിപ്പിച്ചു.
"ഇറാഖിലെയും സിറിയയിലെയും ക്രൈസ്തവ വിശ്വാസികൾ പറയുന്നത് കേട്ടിട്ടുണ്ട്, ഇസ്ലാമിക തീവ്രവാദികൾ കഴുത്തറക്കാൻ വരുമ്പോൾ കത്തോലിക്കാ വിശ്വാസികൾ ആണോ, പ്രൊട്ടസ്റ്റൻറ് വിശ്വാസികൾ ആണോ, ഓർത്തഡോക്സ് വിശ്വാസികൾ ആണോ എന്ന് ചോദിക്കാറില്ല, മറിച്ച് ക്രിസ്തുവിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്നാണ് ചോദിക്കുക". ഫാ. ബെനഡിക്ട് പറഞ്ഞു.
ഹോങ്കോങ്ങിലെ ജനാധിപത്യ വാദികൾക്കെതിരെ സർക്കാർ നടത്തിയ അടിച്ചമർത്തലിനെ പറ്റി വിൻസൻറ്റ് വൂ എന്ന ഹോങ്കോങ്ങ് രൂപതയിലെ വൈദികൻ വിവരിച്ചു. ജനാധിപത്യവാദികൾ അനുഭവിച്ച പ്രതിസന്ധി സഭയെ തേടി ഉടനെ എത്തുമെന്ന അദ്ദേഹം മുന്നറിയിപ്പ് നൽകി. സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് റാലിയെ പറ്റി അറിഞ്ഞ് പങ്കെടുക്കാനെത്തിയവരും നിരവധിയായിരുന്നു. പീഡിത ക്രൈസ്തവ സമൂഹം ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല എന്ന സന്ദേശമാണ് തങ്ങൾ നൽകുന്നതെന്നും അന്തിമ വിജയം കർത്താവിന്റെത് ആയിരിക്കുമെന്നും റാലിയിൽ പ്രസംഗിച്ച ജിയോ ചക്കോൺ പറഞ്ഞു. ഇത് രണ്ടാമത്തെ തവണയാണ് മാർച്ച് ഫോർ മാർട്ടേർസ് റാലി നടക്കുന്നത്.