News - 2025

ഭ്രൂണഹത്യയെയും ദയാവധത്തെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 28-09-2021 - Tuesday

വത്തിക്കാന്‍ സിറ്റി: ഉദരത്തിലുള്ള ജീവനെ നിഷ്ഠൂരം കൊലപ്പെടുത്തുന്ന ഭ്രൂണഹത്യയെയും, സ്വഭാവിക മരണത്തിന് മുന്‍പ് തന്നെ ജീവനെടുക്കുന്ന ദയാവധത്തേയും ശക്തമായ ഭാഷയിൽ വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ തിങ്കളാഴ്ച, പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിലെ അംഗങ്ങളോട് സന്ദേശം നൽകി സംസാരിക്കുകയായിരുന്നു പാപ്പ. ഒരു പ്രശ്നം അവസാനിപ്പിക്കാൻ, മനുഷ്യജീവൻ ഇല്ലാതാക്കുന്നതും, കൊലയാളിയെ അതിന് നിയോഗിക്കുന്നതും ശരിയാണോ എന്ന് ഫ്രാൻസിസ് മാർപാപ്പ ചോദിച്ചു. "ഭ്രൂണഹത്യയെന്നത് അതാണ്". ഉപയോഗശേഷം വലിച്ചെറിയുന്ന സംസ്കാരം പ്രായമായ ആളുകളെ മാലിന്യം പോലെയാണ് കരുതുന്നതെന്നും പാപ്പ ചൂണ്ടിക്കാട്ടി.

കുഞ്ഞുങ്ങളെയും, പ്രായമായവരെയും ഇല്ലാതാക്കുന്നതിലൂടെ അവർ നൽകുന്ന പ്രത്യാശയാണ് നിഷേധിക്കപ്പെടുന്നത്. കത്തോലിക്ക ആശുപത്രികളും, സർവകലാശാലകളും ഈ മാർഗത്തിലൂടെ മുന്നോട്ട് പോകരുതെന്ന മുന്നറിയിപ്പും ഫ്രാന്‍സിസ് പാപ്പ നല്‍കി. പല ഭാഗങ്ങളിലും 'മറഞ്ഞിരിക്കുന്ന ദയാവധം' എന്ന നിയമമുണ്ട്. ആളുകൾ ഇതാണ് പറയുന്നത്- ‘മരുന്നുകൾ ചെലവേറിയതാണ്, അവയിൽ പകുതി മാത്രമേ ആവശ്യമുള്ളൂ,’ ഇതിനർത്ഥം പ്രായമായവരുടെ ജീവിതം ചുരുക്കുക എന്നതാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

ഈ മാസം ഇതു രണ്ടാംതവണയാണ് മാർപാപ്പ ഭ്രൂണഹത്യയ്ക്കെതിരെ സംസാരിക്കുന്നത്. സെപ്റ്റംബർ പതിനഞ്ചാം തീയതി സ്ലോവാക്യയിൽ നിന്നും പേപ്പൽ പര്യടനം കഴിഞ്ഞു തിരികെ റോമിലേയ്ക്ക് യാത്ര ചെയ്യവേ വിമാനത്തിൽ വച്ച് മാധ്യമപ്രവർത്തകരുമായി സംസാരിച്ചപ്പോൾ ഭ്രൂണഹത്യയെ കൊലപാതകം എന്നാണ് പാപ്പ വിശേഷിപ്പിച്ചത്. ഈയാഴ്ച പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിന്റെ പ്ലീനറി സമ്മേളനം റോമിൽവെച്ച് നടക്കുന്നുണ്ട്. മനുഷ്യജീവൻ സംരക്ഷിക്കാൻ അക്കാദമി നടത്തുന്ന എല്ലാ പരിശ്രമങ്ങളെയും ദൈവമാതാവിന് ഫ്രാൻസിസ് മാർപാപ്പ സമർപ്പിച്ചു.


Related Articles »