Arts

ഇസ്രായേലിന് സമാധാനം നേര്‍ന്ന് 30 രാജ്യങ്ങളില്‍ നിന്നുള്ള ക്രൈസ്തവരുടെ വീഡിയോ

പ്രവാചകശബ്ദം 28-09-2021 - Tuesday

ജെറുസലേം: ഇസ്രായേലിനു സമാധാനവും, ദൈവാനുഗ്രഹങ്ങളും നേര്‍ന്നുക്കൊണ്ട് ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടെ ഏതാണ്ട് മുപ്പതോളം രാഷ്ട്രങ്ങളില്‍ കഴിയുന്ന ക്രൈസ്തവര്‍ തയ്യാറാക്കിയ കൂടാരതിരുനാള്‍ (സുക്കോത്ത്) വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു. ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ എംബസി ജെറുസലേമിന്റെ (ഐ.സി.ഇ.ജെ) നേതൃത്വത്തില്‍ വിശുദ്ധനാട്ടില്‍ സംഘടിപ്പിക്കാറുള്ള കൂടാരതിരുനാള്‍ ആഘോഷത്തോടനുബന്ധിച്ചാണ് “ബിറ്റ്ഫിലാ ആമേന്‍” എന്ന വീഡിയോ തയ്യാറാക്കിയത്. ക്രിസ്റ്റ്യന്‍-സയണിസ്റ്റ് റെക്കോര്‍ഡിംഗ് കലാകാരന്മാരും, സംഗീതജ്ഞരും തയ്യാറാക്കിയ ഈ വീഡിയോ സോഷ്യല്‍ മീഡിയായില്‍ തരംഗമായി മാറുകയാണ്.

സാധാരണഗതിയില്‍ ഐ.സി.ഇ.ജെ സംഘടിപ്പിക്കുന്ന കൂടാരതിരുനാള്‍ ആഘോഷത്തില്‍ ആറായിരത്തോളം പേര്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി ഓണ്‍ലൈനിലൂടെയാണ് ഈ ആഘോഷം സംഘടിപ്പിച്ചു വരുന്നത്. കഴിഞ്ഞയാഴ്ച നടന്ന ഈവര്‍ഷത്തെ കൂടാരതിരുനാള്‍ ഉദ്ഘാടന ചടങ്ങില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നാഫ്താലി ബെന്നെറ്റ്, വിദേശമന്ത്രി യായിര്‍ ലാപിഡ്, പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് പ്രസിഡന്റ് ഇസാക്ക് ഹെര്‍സോഗ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. വിശുദ്ധ നാട്ടില്‍ നിന്നും കഴിഞ്ഞ 8 ദിവസങ്ങളിലായി നടന്നുവരുന്ന തത്സമയസംപ്രേഷണം ലക്ഷകണക്കിന് ആളുകളാണ് വീക്ഷിച്ചത്.

1995-ലെ യൂറോവിഷന്‍ ഗാന മത്സരത്തില്‍ ഇസ്രായേല്‍ അവതരിപ്പിച്ച “ബിറ്റ്ഫിലാ ആമേന്‍” എന്ന ഗാനമായിരുന്നു പ്രധാന ആകര്‍ഷണം. ലിയോറയാണ് ഈ ഗാനം യൂറോവിഷനില്‍ ഈ ഗാനം പാടിയത്. അര്‍ജന്റീന, ബ്രസീല്‍, ബള്‍ഗേറിയ, കാനഡ, ഫ്രാന്‍സ്, ചൈന, കോസ്റ്ററിക്ക, ഡെന്‍മാര്‍ക്ക്, ഈജിപ്ത്, ഫിജി, ജര്‍മ്മനി, ഇന്തോനേഷ്യ, അയര്‍ലാന്‍ഡ്‌, മാസിഡോണിയ, മെക്സിക്കോ, നെതര്‍ലന്‍ഡ്‌സ്‌, നോര്‍വേ, ഫിലിപ്പീന്‍സ്, പോളണ്ട്, സെര്‍ബിയ, ദക്ഷിണാഫ്രിക്ക, സ്വിറ്റ്സര്‍ലന്‍ഡ്, തായ്‌വാന്‍, തായ്ലണ്ട്, തുര്‍ക്കി, ഉഗാണ്ട, യു.കെ, അമേരിക്ക തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള പാട്ടുകാരും സംഗീതജ്ഞരുമാണ് ഇക്കൊല്ലം ഈ ഗാനം അവതരിപ്പിച്ചത്.


Related Articles »