News - 2025

സഭയുടെ കടുത്ത പ്രതിഷേധത്തിനിടയിലും സാന്‍ മരിനോയില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി

പ്രവാചകശബ്ദം 29-09-2021 - Wednesday

റോം: കത്തോലിക്കാ സഭയുടെ ശക്തമായ പ്രതിഷേധം വകവെക്കാതെ ഇറ്റലിയുടെ മദ്ധ്യ വടക്കൻ പ്രദേശത്തായി കിടക്കുന്ന ചെറുരാജ്യമായ സാന്‍ മരിനോയില്‍ ഗര്‍ഭഛിദ്രത്തിന് ജനഹിതപരിശോധനയിലൂടെ നിയമപരമായ അംഗീകാരം. സെപ്റ്റംബര്‍ 26ന് നടന്ന ജനഹിത പരിശോധനയില്‍ പങ്കെടുത്തവരില്‍ 77 ശതമാനവും പ്രത്യേക സാഹചര്യങ്ങളില്‍ ഗര്‍ഭധാരണം മുതല്‍ 12 ആഴ്ചകള്‍ വരെ പ്രായമുള്ള ഗര്‍ഭസ്ഥശിശുക്കളെ അബോര്‍ഷന്‍ ചെയ്യുന്നതിന് അനുകൂലമായി വോട്ട് ചെയ്തുവെന്നാണ് സാന്‍ മാരിനോ ആഭ്യന്തരമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതിനുമുന്‍പ് സാന്‍ മാരിനോയില്‍ ഗര്‍ഭഛിദ്രം നിയമവിരുദ്ധവും, ഇതിന് വിധേയയാകുന്ന സ്ത്രീക്ക് 3 വര്‍ഷവും, ഡോക്ടര്‍ക്ക് 6 വര്‍ഷവും തടവ് ശിക്ഷലഭിക്കാവുന്ന കുറ്റവുമായിരുന്നു.

കത്തോലിക്ക സഭയ്ക്കു പുറമേ, ക്രിസ്ത്യന്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ജനഹിതപരിശോധനയെ ശക്തമായി എതിര്‍ക്കുകയും ജീവന് അനുകൂലമായി വോട്ട് ചെയ്യണമെന്നു ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഗര്‍ഭഛിദ്രം കുറ്റകരമായതിനാല്‍ അബോര്‍ഷന് വേണ്ടി ഇറ്റലിയിലേക്ക് പോകുന്ന സ്ത്രീകള്‍ക്കും, ബലാല്‍സംഗത്തിനിരയാകുന്ന സ്ത്രീകള്‍ക്കും കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ടെന്നായിരുന്നു അബോര്‍ഷന്‍ അനുകൂലികളുടെ വാദം. എന്നാല്‍ പ്രോലൈഫ് വക്താക്കള്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. സാന്‍ മാരിനോ മെത്രാന്‍ ആന്‍ഡ്രീ ടുരാസിയും ജനഹിതപരിശോധനയെ എതിര്‍ത്ത പ്രമുഖരില്‍ ഉള്‍പ്പെടുന്നു.

ജീവന്‍ അമൂല്യമാണെന്നും സഭ അമ്മമാരുടേയും, ഭാവി പിതാക്കന്‍മാരുടേയും ഒപ്പമാണെന്നും, കുട്ടിക്ക് ജന്മം നല്‍കുന്നതിനു മുന്‍പോ പിന്‍പോ സ്ത്രീകളെ ഒറ്റയ്ക്കാക്കുവാന്‍ സഭ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശക്തമായ ക്രൈസ്തവ സാന്നിധ്യമുള്ള സാന്‍ മരിനോ പലകാര്യങ്ങളിലും ഇറ്റലിയെ മാതൃകയാക്കുന്നുണ്ടെങ്കിലും അബോര്‍ഷന്റെ കാര്യത്തില്‍ അങ്ങനെ ആയിരുന്നില്ല. 3 മാസം വരെയുള്ള ഗര്‍ഭഛിദ്രം ഇറ്റലി നിയമപരമാക്കിയെങ്കിലും കഴിഞ്ഞയാഴ്ച്ചാവസാനം വരെ സാന്‍ മരിനോയില്‍ അബോര്‍ഷന്‍ കുറ്റകരമായിരുന്നു. മാള്‍ട്ടാ, അന്‍ഡോര, വത്തിക്കാന്‍ സിറ്റി ഉള്‍പ്പെടെ യൂറോപ്പില്‍ അബോര്‍ഷന്‍ കുറ്റകരമായ ചുരുക്കം ചില രാഷ്ട്രങ്ങളില്‍ സാന്‍ മരിനോയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ പട്ടികയില്‍ നിന്ന് രാജ്യം നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »