News - 2025

ന്യൂജനറേഷന്‍ ഭാഷയില്‍ പുതിയ ബൈബിള്‍; വചനം ഇമോജി രൂപത്തില്‍

സ്വന്തം ലേഖകന്‍ 20-06-2016 - Monday

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളില്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഇമോജികള്‍ ഉപയോഗപ്പെടുത്തി കൊണ്ട് ബൈബിള്‍ തയ്യാറാക്കി. ഐബുക്കില്‍ മൂന്നു യുഎസ് ഡോളര്‍ നല്‍കിയാല്‍ ഈ ന്യൂജനറേഷന്‍ ബൈബിള്‍ സ്വന്തമാക്കാം. കിംഗ് ജെയിംസ് ബൈബിള്‍ വേര്‍ഷനിലെ 66 പുസ്തകങ്ങളാണ് 3000-ല്‍ അധികം പേജുകളുമായി, പുതിയ സാങ്കേതിക വിദ്യയുടെ കരുത്തോടെ തയ്യാറാക്കിയിരിക്കുന്ന ഇമോജി ബൈബിളില്‍ ഉള്ളത്. പല വാക്കുകളും എഴുതുന്നതിനു പകരം അതിനു ചേരുന്ന ചെറു ചിത്രങ്ങളാണ് ഇമോജി ബൈബിളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇളംനീല നിറത്തിലാണ് അക്ഷരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതമായ ഒന്നാണ് ഇമോജികള്‍. 1990-കളില്‍ ജപ്പാനിലാണ് ഇമോജികള്‍ പിറവിയെടുത്തത്. ഭാഷയുടെ പ്രയോഗം ഇല്ലാതെ തന്നെ ചിത്രങ്ങള്‍ മനസിലാക്കുവാന്‍ കഴിയുമെന്ന തത്വത്തില്‍ അടിസ്ഥാനപ്പെടുത്തിയാണ് ഇമോജികള്‍ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നത്. പുതിയതായി തയ്യാറാക്കിയിരിക്കുന്ന ബൈബിളില്‍ 10 മുതല്‍ 15 ശതമാനം വരെ ഇമോജികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതിനാല്‍ തന്നെ പുതിയ ബൈബിളില്‍ വാക്യങ്ങള്‍ കുറയും.

പുതിയ ആശയത്തോട് അനുകൂലിച്ചും പ്രതികൂലിച്ചും ഇതിനോടകം തന്നെ പല കോണുകളില്‍ നിന്നും പ്രതികരണങ്ങള്‍ വന്നു കഴിഞ്ഞു. ചിലര്‍ പുതിയ ആശയത്തെ സ്വാഗതം ചെയ്യുന്നു. ചിത്രങ്ങളുടെ സഹായത്തോടെയുള്ള ബൈബിള്‍ വാക്യങ്ങള്‍, ആളുകള്‍ക്ക് മനസിലാകുവാന്‍ ഏറെ സഹായകരമാണെന്നും പുതിയ വായനക്കാരില്‍ ഇത് വളരെ ഗുണം ചെയ്യുമെന്നും ഇത്തരക്കാര്‍ വാദിക്കുന്നു. എന്നാല്‍ വാക്കുകള്‍ കൊണ്ടുള്ള ബൈബിള്‍ പല ഭാഷയിലും ലഭ്യമല്ലാത്തപ്പോള്‍ ഇമോജികള്‍ ഉപയോഗിച്ചുള്ള ഒരു പുതിയ പരിഭാഷ ആവശ്യമില്ലെന്നതാണ് ചിലരുടെ വാദം.

ഇമോജി ബൈബിളിനു പിന്നില്‍ പ്രവര്‍ത്തിച്ച ശില്‍പ്പിയും ഒരു ഇമോജിക്ക് പിന്നില്‍ മറഞ്ഞ് നില്‍ക്കുകയാണ്. എഴുതിയ വ്യക്തിയുടെ പേരിന്റെ സ്ഥാനത്ത് സണ്‍ഗ്ലാസ് വച്ച് ചിരിക്കുന്ന ഒരു ഇമോജി രൂപം മാത്രമാണ് നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ ചെയ്തിരിക്കുന്നതിന്റെ പ്രധാന ഉദ്ദേശം വിമര്‍ശനങ്ങളെ ഭയന്നിട്ടാണെന്ന് ഇമോജി ബൈബിളിന്റെ ശില്‍പ്പി ഹഫിംഗ്ടണ്‍ പോസ്റ്റ് ദിനപത്രത്തോട് പറഞ്ഞു. ക്രൈസ്തവരുടെ ഭാഗത്തു നിന്നും വിശ്വാസികളല്ലാത്തവരുടെ ഭാഗത്തു നിന്നും തനിക്ക് നേരെ ഒരേ പോലെ വിമര്‍ശനം വന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു. നേരത്തെ ബൈബിള്‍ വചനങ്ങളെ ഇമോജിയായി മാറ്റാനുള്ള ഫീച്ചറുമായി bibleemoji.com എന്ന വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചിരിന്നു.


Related Articles »