Tuesday Mirror - 2025

വിശുദ്ധ കുര്‍ബാന സ്വീകരിച്ച ശേഷം മരണം വരിക്കുവോളം പ്രാര്‍ത്ഥനയില്‍ മുഴുകിയ ഒരു കുഞ്ഞ് മാലാഖ

സ്വന്തം ലേഖകന്‍ 01-01-1970 - Thursday

വിശുദ്ധ കുര്‍ബാന സ്വീകരിച്ച ശേഷം മരണം വരിക്കുവോളം പ്രാര്‍ത്ഥനയില്‍ മുഴുകിയ ഒരു കുഞ്ഞ് മാലാഖയാണ് ഇറ്റലിയിലെ ബോളോഗ്നായില്‍ ജനിച്ച ഇമെല്‍ഡ ലംബേര്‍ട്ടിനി. 1322-ല്‍ കത്തോലിക്ക വിശ്വാസികളായ മാതാപിതാക്കള്‍ക്ക് ജനിച്ച ലംബേര്‍ട്ടിനിക്ക് ചെറുപ്പം മുതല്‍ തന്നെ ദൈവീക കാര്യങ്ങളില്‍ തീഷ്ണമായ താല്‍പര്യമായിരുന്നു. ആ കാലഘട്ടത്തില്‍ 15 വയസ് പൂര്‍ത്തീകരിക്കുന്നവര്‍ക്കു മാത്രമാണ് ആദ്യ കുര്‍ബാന സ്വീകരിക്കുവാന്‍ അനുവാദം ഉണ്ടായിരുന്നത്. എന്നാല്‍ അഞ്ചാം വയസു മുതല്‍ ദിവ്യകാരുണ്യ നാഥനായ ഈശോയെ തനിക്ക് നാവില്‍ സ്വീകരിക്കണമെന്ന താല്‍പര്യം കുഞ്ഞ് ലംബേര്‍ട്ടിനിക്കുണ്ടായിരുന്നു.

ഈശോയെ ഹൃദയത്തില്‍ സ്വീകരിച്ച ശേഷം ആര്‍ക്കെങ്കിലും മരിക്കുവാന്‍ സാധിക്കുമോ എന്ന ചോദ്യം അവള്‍ സ്ഥിരമായി മറ്റുള്ളവരോട് ചോദിച്ചിരുന്നു.

അവള്‍ക്ക് 11 വയസ്സായിരിക്കുന്ന സമയം. പുരോഹിതന്‍ വിശുദ്ധ കുര്‍ബാന കൈയിലെടുത്തു വാഴ്ത്തുകയും വിശ്വാസികള്‍ക്ക് ദിവ്യകാരുണ്യം നല്‍കുവാന്‍ ഒരുങ്ങുകയുമായിരുന്നു. ഈ സമയം കുഞ്ഞ് ലംബേര്‍ട്ടിനി മുട്ട്കുത്തി നിന്നു തീവ്രമായി പ്രാര്‍ത്ഥിച്ചു കൊണ്ടിരിന്നു. പുരോഹിതനെ സഹായിക്കുവാന്‍ അള്‍ത്താരയിലുണ്ടായിരുന്ന സഹവൈദികനാണ് പെട്ടെന്നു തന്നെ ആ അത്ഭുതം ദര്‍ശിച്ചത്. കുഞ്ഞ് ലംബേര്‍ട്ടിനിയുടെ ശിരസിനു ചുറ്റും അത്ഭുതകരമായ ഒരു വെളിച്ചം തെളിയുന്നു. അദ്ദേഹം മുഖ്യകാര്‍മ്മികനെ വിളിച്ച് ഈ കാര്യം കാണിച്ചു കൊടുത്തു. അത്ഭുതകരമായ ആ ദൃശ്യം കണ്ട പുരോഹിതന്‍ ആദ്യകുര്‍ബാന സ്വീകരണത്തിന് തയ്യാറെടുപ്പുകളൊന്നുമില്ലാതെ വന്ന ലംബേര്‍ട്ടിനിയുടെ അടുത്ത് എത്തി. അവള്‍ക്ക് വിശുദ്ധ കുര്‍ബാന നല്‍കി. ഈശോയെ കുഞ്ഞ് ലംബേര്‍ട്ടിനി നാവില്‍ സ്വീകരിച്ചു.

നന്ദിയുള്ള ഹൃദയത്തോടെ വിശുദ്ധ കുര്‍ബാന സ്വീകരിച്ച ലംബേര്‍ട്ടിനി തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങിയ ശേഷം അവിടെ വീണ്ടും മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥനയില്‍ മുഴുകി. ദേവാലയത്തില്‍ നിന്നും ആളുകള്‍ മടങ്ങിയ ശേഷവും അതേ ഇരിപ്പില്‍ ലംബേര്‍ട്ടിനി തന്റെ നാഥനെ സ്തുതിച്ചു കൊണ്ടിരുന്നു. ദീര്‍ഘനേരം ഒരേ ഇരിപ്പില്‍ തന്നെ നിലയുറപ്പിച്ച് പ്രാര്‍ത്ഥിക്കുന്ന ലംബേര്‍ട്ടിനിയെ അവളുടെ സഹോദരി ഭക്ഷണം കഴിക്കുവാനായി വിളിക്കുവാന്‍ ചെന്നു. ശരീരത്ത് തട്ടിയശേഷം എഴുന്നേറ്റു വരുവാന്‍ ആവശ്യപ്പെട്ട സഹോദരി, തന്റെ കുഞ്ഞ് പെങ്ങള്‍ മാലാഖമാരുടെ കൂടെ ദൈവ സന്നിധിയിലേക്ക് യാത്രയായെന്ന കാര്യം പെട്ടെന്ന് തിരിച്ചറിഞ്ഞു. വിശുദ്ധ കുര്‍ബാന സ്വീകരിച്ച ശേഷം ഒരു കളങ്കവും പറ്റാത്ത ആ മാലാഖ കുഞ്ഞ് ദേവാലയത്തില്‍ തന്നെ മരിച്ചു വീണു.

1826-ല്‍ പോപ് ലിയോ പന്ത്രണ്ടാമന്‍ ഇമെല്‍ഡ ലംബേര്‍ട്ടിനിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ഇറ്റലിയിലെ സാന്‍ സിഗ്‌സ്‌മോണ്ടോ ദേവാലയത്തിലാണ് വാഴ്ത്തപ്പെട്ട ഇമെല്‍ഡ ലംബേര്‍ട്ടിനിയുടെ മൃതശരീരം സംസ്‌കരിച്ചിരിക്കുന്നത്. ആദ്യകുര്‍ബാന സ്വീകരിക്കുന്ന കുട്ടികളുടെ മധ്യസ്ഥ സഹായിയായി ലംബേര്‍ട്ടിനി പിന്നീട് മാറി.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  


Related Articles »